
ദോഹ: വാഹനങ്ങളിലെ കുട്ടികളുടെ സുരക്ഷിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചൈല്‍ഡ് കാര്‍ സീറ്റുകളുടെ ഉപയോഗം കര്‍ശനമാക്കുന്നു. വാഹനങ്ങളില്‍ കുട്ടികളുടെ സീറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം ഉടനുണ്ടാകും.
റിയര്‍ സീറ്റുകളിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനും പദ്ധതിയുണ്ട്. ചൈല്‍ഡ് പാസഞ്ചര്‍ സീറ്റും റിയര്സീറ്റിലുള്ളവര്ക്ക് സീറ്റുബെല്‍റ്റും നിര്ബന്ധമാക്കുന്നതുള്പ്പടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയായിരിക്കും നിയമനിര്‍മാണം.
പ്രതിവര്‍ഷം 20,000ലധികം കുഞ്ഞുങ്ങള്‍ പിറന്നുവീഴുന്നതിനാല് നിയമനിര്‍മാണത്തിന് ഏറെ പ്രസക്തിയുണ്ട്. കാര്അപകടങ്ങളില് കുട്ടികള്‍ പരിക്കേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. പുതിയ നിയമനിര്‍മാണം നടപ്പാക്കുന്നതില്‍ പൊതുജനങ്ങള്‍ക്കും വലിയ പങ്കുണ്ട്.
ഇതിനോടു സഹകരിക്കാന്‍ പൊതുജനങ്ങളും തയാറാകണം.ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ട്രോമ സര്‍ജറി വിഭാഗത്തിന്റെ കമ്യൂണിറ്റി ഔട്ട്റീച്ച് വിഭാഗമായ ഹമദ് ഇന്‍ജ്വറി പ്രിവന്‍ഷന്‍ പ്രോഗ്രാം(എച്ച്ഐപിപി) പുതിയ നിയമത്തിനുവേണ്ടി പൊതുജനങ്ങളില്‍ അവബോധം ചെലുത്തുന്നുണ്ട്.
രാജ്യം ഉടന്‍തന്നെ കുട്ടികളുടെ കാര്‍ സീറ്റ് നിയമം നടപ്പാക്കാന്‍ പോകുന്നതിനാല്‍ സമൂഹത്തെയും അതിനനുസരിച്ച് സജ്ജമാക്കേണ്ടത് സുപ്രധാനമാണെന്ന് എച്ച്ഐപിപി ഡയറക്ടര്‍ ഡോ. റാഫേല്‍ കോണ്സുന്ജി പറഞ്ഞു.എല്ലാ കുട്ടികളെയും പിന്‍സീറ്റില്‍ ശരിയായി നിയന്ത്രിക്കണം. കുട്ടിയുടെ പ്രായത്തിനും വലുപ്പത്തിനും അനുയോജ്യമായ കാര്സീറ്റായിരിക്കണം വാഹനത്തിലുണ്ടാകേണ്ടത്.
സ്കൂള്‍ ബസില്‍ യാത്ര ചെയ്യുമ്പോവും ലഭ്യമെങ്കില്‍ കുട്ടികളുടെ സീറ്റുണ്ടാകണം. വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ദേശീയപദ്ധതി(ഖത്തര്‍ നാഷണല്‍ ചൈല്‍ഡ് പാസഞ്ചര്‍ സേഫ്റ്റി പ്രോഗ്രാം)യ്ക്ക് ഈ മാര്‍ച്ചില്‍ തുടക്കമായിരുന്നു. ഗലെയ് എന്നാണ് കാമ്പയിന് പേരിട്ടിരിക്കുന്നത്.
ഒരാള്‍ക്ക് തന്റെ കുഞ്ഞ് എത്രത്തോളം അമൂല്യമാണെന്ന് വിശേഷിപ്പിക്കുന്നതിനായാണ് ഗലെയ് എന്ന ഖത്തരി വാക്ക് ഉപയോഗിച്ചിരിക്കുന്നത്. പൊതുജനാരോഗ്യമന്ത്രാലയത്തിനു പുറമെ ആഭ്യന്തരമന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്, കോണ്കോ ഫിലിപ്പ്സ്, സാലേഹ് അല്‍ ഹമദ് അല്‍മനാ കമ്പനി എന്നിവയുടെയെല്ലാം സഹകരണത്തോടെയാണ് കാമ്പയിന്. ഖത്തറിലെ നിരത്തുകളില്‍ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും പ്രത്യേകിച്ചും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്.
രക്ഷിതാക്കള്‍ക്കിടയില്‍ പ്രത്യേകിച്ചും മാതാക്കള്‍ക്കിടയില്‍ ചൈല്‍ഡ് കാര്‍ സീറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വ്യാപകമാക്കുകയാണ് ലക്ഷ്യം. ഗലെയ്ലൂടെ ചൈല്‍ഡ് സീറ്റ് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വ്യാപകമാക്കും.
വുമണ്‍സ് വെല്‍നസ്സ് ആന്റ് റിസര്‍ച്ച് സെന്ററില്‍ ആദ്യ ഗലൈയ് സ്റ്റേഷനും സജ്ജമാക്കിയിട്ടുണ്ട്. വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച പാസഞ്ചര്‍ സേഫ്റ്റി ടെക്നീഷ്യന്സിനെയാണ് ഇവിടേക്ക് നിയോഗിച്ചിരിക്കുന്നത്.
കാറുകളില്‍ ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ ഫിറ്റ് ചെയ്യുന്നതിന് രക്ഷിതാക്കളെ ഈ ടെക്നീഷ്യന്മാര് സഹായിക്കും. ഹമദ് രാജ്യാന്തര ട്രെയിനിങ് സെന്ററിന്റെ(എച്ച്ഐടിസി) മേല്‍നോട്ടത്തിലായിരിക്കും സ്റ്റേഷന്റെ പ്രവര്‍ത്തനം.
ഈ വര്‍ഷം കൂടുതല്‍ സ്റ്റേഷനുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.രാജ്യത്തെ ചൈല്‍ഡ് കാര്‍ സീറ്റ് ഉപയോഗത്തെക്കുറിച്ച് വാഹനായാത്രികരിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കാന്‍ കാമ്പയിനിലൂടെ സാധിക്കുന്നുണ്ട്. പതിമൂന്ന് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണമെന്നത് വാഹനാപകടമാണ്.
കുട്ടിയുടെ ഉയരത്തിനും തൂക്കത്തിനും പ്രായത്തിനും അനുസൃതമായിട്ടായിരിക്കണം കാര്‍ സീറ്റ് ക്രമീകരിക്കേണ്ടത്. കുട്ടികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ കാര്‍സീറ്റ് ഫിറ്റ് ചെയ്യുകയാണെങ്കില്‍ വാഹനാപകടങ്ങളുണ്ടാകുമ്പോള്‍ കുട്ടികളുടെ ജീവന് രക്ഷിക്കാനാകും. പല രക്ഷിതാക്കളും ഇക്കാര്യത്തില്‍ ബോധവാന്മാരാകുന്നില്ല.
എങ്ങനെ കാര്‍സീറ്റ് ഫിറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുക, അതിനുള്ള സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രക്ഷിതാക്കളുടെ പിഴവുകൊണ്ടോ മറ്റോ കുട്ടികള്‍ക്ക് അപകടമുണ്ടാകുന്നത് ഒഴിവാക്കുകയെന്നതാണ് ലക്ഷ്യം. കാറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ ഇത്തരം മുന്‍കരുതലുകള്‍ സഹായകമാകും.