in ,

വാഹമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം; അപകടം വര്‍ധിച്ചത് 121 ശതമാനം

അശ്‌റഫ് തൂണേരി/ദോഹ: 


വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗത്തിലുണ്ടായ വന്‍ വര്‍ധന പേടിപ്പെടുത്തുന്നതാണെന്നും ഇതിനെതിരെ കൂടുതല്‍ വിപുലമായ ബോധവത്കരണ പരിപാടികളും ശക്തമായ നടപടികളുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ട്രാഫിക് വകുപ്പ് മുന്നോട്ടുപോവുമെന്നും അധികൃതര്‍. ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചുണ്ടായ അപകട നിരക്ക് 2017-നെക്കാള്‍ 121.1 ശതമാനമാണ് 2018-ല്‍ വര്‍ധിച്ചത്. 2017-ല്‍ 4,469 ഗതാഗത ലംഘനങ്ങള്‍ ഇത് സംബന്ധിച്ചുണ്ടായപ്പോള്‍ 2018-ല്‍ 9,883 ആയി വര്‍ധിച്ചു. മഞ്ഞ ബോക്‌സില്‍ വാഹനം നിര്‍ത്തിയ ഗതാഗത ലംഘനത്തിന്റേയും ശതമാനം വര്‍ധിച്ചിട്ടുണ്ട്.

2017 അവസാനം വരെ 2,515 ലംഘനങ്ങള്‍ മാത്രം ഉണ്ടായപ്പോള്‍ 2018-ല്‍ 3,948 ആയി 57 ശതമാനം വര്‍ധനവുണ്ടായി. ഓരോരുത്തരും ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കില്ലെന്ന് സ്വയം തീരുമാനമെടുക്കേണ്ടതുണ്ട്. അശ്രദ്ധയോടെയുള്ള വാഹനമോടിക്കല്‍ സ്വന്തം ആരോഗ്യത്തിനും സമൂഹത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കുമെല്ലാം ഭീഷണിയാണെന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയണമെന്ന് ഗതാഗതവകുപ്പ് ബോധവത്കരണ വിഭാഗം ഡയരക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ബിന്‍ റാദി അല്‍ഹാജ്‌രി പറഞ്ഞു.

ജൂലൈ 1 മുതല്‍ തുടക്കം കുറിക്കുന്ന അപകട രഹിത വേനല്‍ കാംപയിനെക്കുറിച്ച് വിശദീകരിക്കാന്‍ മദീന ഖലീഫയിലെ ട്രാഫിക് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം 16 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2017-ല്‍ 610 പേര്‍ ലൈസന്‍സില്ലാതെ വണ്ടിയോടിച്ചപ്പോള്‍ 2018-ല്‍ അത് 512 ആയി കുറഞ്ഞു. ഭിന്നശേഷിക്കാരുടെ പാര്‍ക്കിംഗ് ഉപയോഗിക്കുന്നത് സംബന്ധിച്ച ലംഘനത്തില്‍ 22 ശതമാനത്തിന്റെ കുറവാണ് 2018-ല്‍ ഉണ്ടായത്. 7,824-ല്‍ നിന്ന് 6,070 ആയി ഇത് കുറഞ്ഞുവന്നു. വലതു വശം ചേര്‍ന്ന് മറികടക്കുന്ന ലംഘനം 93,518 ആയിരുന്നു 2017-ല്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2018-ല്‍ അത് 29,594 ആയി 68 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.

ട്രാഫിക് ഡയരക്ടര്‍ ജനറല്‍ നാസര്‍ ദര്‍മാന്‍ അല്‍ഹാജ്‌രിയും മറ്റ് ഉന്നത ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ ഗതാഗത ലംഘനങ്ങളുടെ ദുരന്തം എടുത്തുപറയുന്ന ബോധവത്കരണ വീഡിയോയും പ്രദര്‍ശിപ്പിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തർ ചന്ദ്രിക ആദരിച്ചു

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന് പുതിയ വെബ്‌സൈറ്റ്