in ,

വിചാരണയില്ലാതെ തടവില്‍ 1000 ദിവസം പൂര്‍ത്തിയാക്കി അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍

ദോഹ: വിചാരണയോ ഔദ്യോഗിക ചാര്‍ജോ ചുമത്താതെ ഈജിപ്ഷ്യന്‍ തടവില്‍ അല്‍ജസീറ പ്രൊഡ്യൂസര്‍ മഹ്മൂദ് ഹുസൈന്‍ 1000 ദിവസം പൂര്‍ത്തിയാക്കി. നിയമവിരുദ്ധമായി തടവില്‍ കഴിയുന്ന മഹ്മൂദ് ഹുസൈനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് അല്‍ജസീറ ആവശ്യപ്പെട്ടു.ഹുസൈനെ തടവിലിട്ടിരിക്കുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് അല്‍ജസീറ കുറ്റപ്പെടുത്തി.

വിചാരണകൂടാതെ തടവിലിടാവുന്നതിന്റെ പരമാവധി പരിധിയും ഹുസൈന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടു. ഈ ദിനം വളരെ ദുഖകരമാണെന്ന് അല്‍ജസീറ മീഡിയ നെറ്റ് വര്‍ക്ക് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. മുസ്തഫ സൗആഗ് പറഞ്ഞു. ഹുസൈന്റെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്വം ഈജിപ്ഷ്യന്‍ സര്‍ക്കാരിനാണെന്നും അല്‍ജസീറ വ്യക്തമാക്കി.

ഈജിപ്തിലെ കുപ്രസിദ്ധമായ ജയിലുകളിലൊന്നിലേക്ക് ഹുസൈനെ വീണ്ടും അയച്ചത് അപമാനകരമാണെനന് ഡോ.മുസ്തഫ സൗആഗ് പറഞ്ഞു. തടവില്‍ 1000 ദിവസങ്ങള്‍ പിന്നിട്ടതിനെത്തുടര്‍ന്നു വീണ്ടുമൊരു ഐക്യദാര്‍ഢ്യ കാമ്പയിന് അല്‍ജസീറ തുടക്കംകുറിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് പെറ്റീഷനില്‍ ഒപ്പുവെക്കുന്നതിനായി www.FreeMahmoudHussein.com എന്ന പുതിയ വെബ്‌സൈറ്റും സജ്ജമാക്കി. ഹുസൈനെ തടവില്‍നിന്നും മോചിപ്പിക്കണമെന്ന സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഉത്തരവ് ഈ മേയില്‍ ഈജിപ്ഷ്യന്‍ കോടതി തള്ളിയിരുന്നു.

വിചാരണകൂടാതെയുള്ള ഈ തടവ് ദീര്‍ഘിക്കുന്നതിലൂടെ ഈജിപ്ത് മാധ്യമപ്രവര്‍ത്തകരോട് ബഹുമാനമില്ലാത്ത, മാധ്യമ സ്വാതന്ത്ര്യമില്ലാത്ത, മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന സ്വന്തം ഭരണഘടനയോടുപോലും സ്വാതന്ത്ര്യമില്ലാത്ത ഒരു നിയമരഹിത രാജ്യമായി മാറുകയാണെന്നാണ് വിമര്‍ശനം.

ഹുസൈനെ വേഗം മോചിപ്പിക്കണമെന്നും രാജ്യാന്തരതലത്തില്‍ സമ്മര്‍ദ്ദമുണ്ടാകണമെന്നും അല്‍ജസീറ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. ഈ ഫെബ്രുവരിയില്‍ യുഎന്നും ഈജിപ്തിനോടു ഇക്കാര്യം ആവശ്യപ്പെട്ടു. ഹുസൈന്റെ അനിയന്ത്രിതവും ഏകപക്ഷീയവുമായ തടങ്കല്‍ അവസാനിപ്പിക്കണമെന്നും ഉചിതമായ പ്രതിവിധി ഹുസൈനെ മോചിപ്പിക്കുകയെന്നതാണെന്നും യുഎന്‍ വ്യക്തമാക്കിയിരുന്നു.

കുടുംബവുമായി അവധി ആഘോഷിക്കാന്‍ കെയ്‌റോയിലെത്തിയപ്പോള്‍ 2016 ഡിസംബറിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മഹ്മൂദ് ഹുസൈനെ മോചിപ്പിക്കാന്‍ രാജ്യാന്തര സംഘടനകള്‍ വീണ്ടും ഇടപെടല്‍ ശക്തമാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ തടവ് ഈജിപ്ഷ്യന്‍ അധികൃതര്‍ തുടര്‍ച്ചയായി പുതുക്കുകയാണ്.

രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തെന്നാരോപിച്ചാണ് തടവിലിട്ടിരിക്കുന്നത്. മഹ്മൂദ് ഹുസൈനെതിരായ മുഴുവന്‍ ആരോപണങ്ങളും തള്ളിക്കളഞ്ഞ അല്‍ജസീറ പ്രാദേശിക സോഷ്യല്‍ മീഡിയകളിലൂടെ ഈജിപ്ഷ്യന്‍ അധികൃതരുടെ നടപടടികളെ അപലപിക്കുകയും രാജ്യാന്തര നിയമങ്ങളുടെയും പത്ര മാധ്യമ സ്വാതന്ത്യത്തിന്റെയും കടുത്ത ലംഘനമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. 2013 മുതല്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകരെ ഈജിപ്ഷ്യന്‍ അതോറിറ്റികള്‍ ലക്ഷ്യംവയ്ക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്ത്യന്‍ ഇസ്‌ലാമിക സ്മാരകങ്ങള്‍: കത്താറയിലെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ആത്മവിശ്വാസത്തില്‍ ഖത്തര്‍ ടീം