സൊമാലിയ പ്രധാനമന്ത്രി, എത്യോപ്യ പ്രസിഡന്റ് എന്നിവരുമായി ചര്‍ച്ച നടത്തി

ദോഹ: ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി അദിസ് അബാബയിലും മൊഗാദിഷുവിലും നെയ്റോബിയിലും ഉന്നതതല ചര്‍ച്ചകളില്‍ പങ്കെടുത്തു. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം എത്യോപ്യയിലും സൊമാലിയയിലും കെനിയയിലുമെത്തിയതായിരുന്നു അദ്ദേഹം.
എത്യോപ്യന്‍ പ്രസിഡന്റ് സഹില്‍ വര്‍ക്ക് സെവ്ദെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിസഹകരണം ചര്‍ച്ചയായി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആശംസാസന്ദേശം വിദേശകാര്യമന്ത്രി കൈമാറി. വിവിധ മേഖലകളിലെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതും വിഷയമായി.
എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദുമായി നടത്തിയ ചര്‍ച്ചയില്‍ നിലവിലെ സഹകരണവും ബന്ധവും വികസിപ്പിക്കുന്നത് വിഷയമായി. സൊമാലിയ സന്ദര്‍ശനത്തിനിടെ മൊഗാദിഷുവില്‍ സൊമാലിയ പ്രധാനമന്ത്രി ഹസന് അലി ഖയാറെയുമായി നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി സഹകരണം വിലയിരുത്തി.
പൊതുവായ ഉത്കണ്ഠകളുള്ള വിവിധ വിഷയങ്ങളും അവലോകനം ചെയ്തു. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തിയും സൊമാലിയ തുറമുഖ സമുദ്ര ഗതാഗത മന്ത്രി മര്യാന് ഉവൈസ് ജമായും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുതിയ നിക്ഷേപ പദ്ധതിയും പ്രഖ്യാപിച്ചു.
ഹോബ്യോ തുറമുഖ പദ്ധതി ഉള്‍പ്പടെ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ കെട്ടിപ്പെടുക്കുന്നതില്‍ സംഭാവന നല്‍കിയതിന് ഖത്തറിനോടു നന്ദിയുണ്ടെന്ന് സൊമാലി പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി ഫര്‍മജോ പറഞ്ഞു.
ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ സൊമാലിയ സന്ദര്‍ശനത്തെയും അദ്ദേഹം പ്രശംസിച്ചു. കെനിയന്‍ സന്ദര്‍ശനത്തിനിടെ നെയ്റോബിയില്‍ വിദേശകാര്യമന്ത്രി മോണിക്ക ജുമായുമായും ശൈഖ് മുഹമ്മദ് ചര്‍ച്ച നടത്തി.
ഖത്തറും കെനിയയും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ബന്ധവും പൊതുവായ ആശങ്കകളുള്ള വിവിധ വിഷയങ്ങളും ചര്‍ച്ചയായി. ഈ കൂടിക്കാഴ്ചകളിലെല്ലാം ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തിയും പങ്കെടുത്തു.