
ദോഹ: ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ചര്‍ച്ച നടത്തി. വാഷിങ്ടണിലായിരുന്നു കൂടിക്കാഴ്ച. ഖത്തറും അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധവും സഹകരണവുമാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.
പൊതുവായ താല്‍പര്യമുള്ള നിരവധി മേഖലാ, രാജ്യാന്തര വിഷയങ്ങളും ഇരുവരും വിലയിരുത്തി. ലിബിയ, സുഡാന്‍, അഫ്ഗാനിസ്താന്‍, ഇറാഖ് രാജ്യങ്ങളിലെ വിഷയങ്ങളും ചര്‍ച്ചയായി. ലിബിയയില്‍ രാഷ്ട്രീയപരിഹാരത്തിലേക്ക് എത്തേണ്ടതിന്റെ പ്രാധാന്യം ഇരുകൂട്ടരും സമ്മതിച്ചു.
ട്രിപ്പോളിയിലെ സംഘര്‍ഷതീവ്രത അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി. അമേരിക്കയും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ഖത്തറിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നുകൊണ്ട് അഫ്ഗാനിസ്താനില്‍ സമാധാനം സ്ഥാപിക്കുന്നതിനും അനുരജ്ഞനം കൈവരിക്കുന്നതിനും ഖത്തറും യുഎസും സഹകരണം തുടരും. ഇറാഖിന്റെ സുസ്ഥിരതയെ പിന്തുണയയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും എടുത്തുപറഞ്ഞു.