
ദോഹ: വിദേശത്ത് താമസിക്കുന്ന ഖത്തരികള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തു. ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലെ(ക്യുഎന്‍എല്‍) ആഗസ്തിലെ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു ഈ പ്രോഗ്രാം.
വിദേശത്ത് പഠനത്തിനോ ജോലിക്കോ താല്പര്യപ്പെടുന്നവരെയും പുതിയ സാഹസികതയ്ക്കായി ശ്രമിക്കുന്നവരെയും ലക്ഷ്യമിട്ട് ആഗസ്ത് മൂന്നിനായിരുന്നു പ്രത്യേക പരിപാടി നടന്നത്. വിദേശ ജീവിതത്തെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും വിദേശത്ത് പഠനവും ജോലിയും ചെയ്യുന്ന ഖത്തരികള്‍ വിശദീകരിച്ചു.
ഇംഗ്ലീഷിലും അറബികിലുമായിരുന്നു പരിപാടികള്‍. സംശയനിവാരണത്തിനുള്ള അവസരവുമുണ്ടായി. വിദേശത്ത് താമസിക്കാന്‍ താല്പര്യമുള്ളവര്ക്ക് അവരുടെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ലൈബ്രറിയുടെ വിശാലമായ വിഭവങ്ങള്‍ എങ്ങനെ സഹായകമാകുമെന്നും ഇതിലൂടെ മനസിലാക്കാനുള്ള സൗകര്യമൊരുക്കി.
കമ്യൂണിറ്റി കോളേജ് ഓഫ് ഖത്തറിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മുഹമ്മദ് അല്‍ഹജ്രി, ഖത്തര്‍ യൂണിവേഴ്സിറ്റി പൊതു നിയമം സംബന്ധിച്ച അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഖാലിദ് അല്‍ശമ്മാരി, ടെക്സാസ് എ ആന്റ് എം യൂണിവേഴ്സിറ്റി ഖത്തറിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദാബിയ അല്‍മുഹന്നദി, ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലെ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ലൈബ്രേറിയന്‍ ദന അല്‍മീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓരോരുത്തരും വിദേശത്തെ താമസവുമായി ബന്ധപ്പെട്ട തങ്ങളുടെ കഥകളും അനുഭവങ്ങളും പങ്കുവച്ചു. പഠനത്തിനായി വിദേശത്തേക്കു പോകുന്നത് എങ്ങനെ സാംസ്കാരികമായി അവബോധം പുലര്‍ത്തണമെന്ന് വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്ന് ഡോ. അല്‍ഹജ്രി തന്റെ അനുഭവത്തെക്കുറിച്ച് പരാമര്‍ശിക്കവെ പറഞ്ഞു.
ഈ അനുഭവം ആരംഭിക്കുന്നതിനു മുമ്പ് ആതിഥേയ രാജ്യത്തെയും അതിന്റെ സംസ്കാരത്തെയും ജനങ്ങളെയുംകുറിച്ച് വായിച്ച് മനസിലാക്കുകയും അറിയുകയും ചെയ്ത് വിദ്യാര്‍ഥികള്‍ സജ്ജരാകേണ്ടത് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പുതിയ സര്‍വകലാശാലയെക്കുറിച്ചും അത് നല്കുന്ന കാര്യങ്ങളെക്കുറിച്ചും മുന്‍കൂട്ടി അറിയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പഠനത്തിനായി ഖത്തറിനു പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ലൈബ്രറിയില്‍ ലഭ്യമാകുന്ന വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണം. വിദേശത്ത് പഠിക്കുന്നത് കൂടുതല്‍ സ്വതന്ത്രരും കഠിനാധ്വാനികളുമാകാന് വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതായി ദന അല്‍മീര്‍ പറഞ്ഞു.
ഖത്തറിനു പുറത്ത് മാധ്യമ- ചലച്ചിത്രമേഖലയില്‍ പഠനം നടത്തിയ എന്റെ അനുഭവം എന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനാത്മകമായ ഘട്ടങ്ങളിലൊന്നാണ്- അല്‍മീര്‍ പറഞ്ഞു.
വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും തന്റെ ഉപദേശമെന്നത് അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുകയും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുകയെന്നതാണെന്നും അവര്‍ പറഞ്ഞു.