
ദോഹ: വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അലി അല്‍ഹമ്മാദി ദര്‍ഹം സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ സന്ദര്‍ശനം നടത്തി. 2019-2020 അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പുകളെല്ലാം ദര്‍ഹം സ്കൂളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്നു മുതലാണ് സ്കൂള്‍ തുറക്കുന്നത്. ബ്രിട്ടീഷ് കരിക്കുലം പിന്തുടരുന്ന സ്വകാര്യ രാജ്യാന്തര സ്കൂളാണിത്. ദോഹയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഏറ്റവും പ്രശസ്തമായ ഇംഗ്ലീഷ് സ്കൂളുകളിലൊന്നാണിത്.
ഖത്തരി വിദ്യാഭ്യാസ സംവിധാനം, മൂല്യങ്ങള്‍, സംസ്കാരം, പാരമ്പര്യം എന്നിവക്കനുസൃതമായാണ് സ്കൂളിന്റെ പ്രവര്‍ത്തനം.2019ല്‍ പ്രവര്‍ത്തനം തുടങ്ങുന്ന പുതിയ സ്കൂളുകളിലൊന്നു കൂടിയാണ് ദര്‍ഹം. സ്കൂള്‍ സന്ദര്‍ശനത്തിനിടെ പ്രിന്‍സിപ്പല്‍, അധ്യാപക, ഭരണനിര്‍വഹണ ജീവനക്കാര്‍ എന്നിവരുമായി വിദ്യാഭ്യാസമന്ത്രി കൂടിക്കാഴ്ച നടത്തി.
സ്കൂളിന്റെ കരിക്കുലം, അവസരങ്ങള്‍, സ്കൂളിന്റെ സാധ്യതകള്‍ തുടങ്ങിയവയെക്കുറിച്ച് മന്ത്രിയോട് വളരെ വിശദമായി വിശദീകരിച്ചു. സ്കൂളില്‍ പ്രവേശനം പ്രഖ്യാപിച്ചശേഷം വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
സ്വകാര്യസ്കൂളുകളുടെ നിര്‍മാണം, പ്രവര്‍ത്തനം എന്നിവക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി അനുവദിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ദര്‍ഹം സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
ദര്‍ഹം സ്കൂള്‍ ഫോര്‍ ഗേള്‍സിന്റെ യുകെയിലെ മാതൃ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നത് 600 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഈ അധ്യയനവര്‍ഷം ദര്‍ഹം സ്കൂളില്‍ കിന്റര്ഗാര്ട്ടന്, പ്രൈമറി ക്ലാസുകളിലേക്കാണ് പ്രവേശനം. 2020 മുതല്‍ സെക്കന്ററി ക്ലാസുകളിലേക്കും 2022 ആകുമ്പോഴേക്കും എല്ലാ ക്ലാസുകളിലേക്കും പ്രവേശനമുണ്ടാകും.