
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ഇന്നലെ തുടങ്ങിയ വിദ്യാഭ്യാസ ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി പങ്കെടുത്തു. ഖത്തര്‍ ഫൗണ്ടേഷന്റെ പ്രീ യൂണിവേഴ്‌സിറ്റി എജ്യൂക്കേഷന്റെ ഭാഗമായ എജ്യൂക്കേഷന്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടാ(ഇഡിഐ)ണ് ഫോറം സംഘടിപ്പിച്ചത്. പൈതൃകം, സ്വത്വം എന്ന പ്രമേയത്തിലാണ് ഫോറം. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ വിദ്യാഭ്യാസം, ശാസ്ത്രം, സംസ്‌കാരം എന്നിവയ്ക്കായുള്ള ഖത്തര്‍ ദേശീയ കമ്മിറ്റി, യുനസ്‌കോ, സാംസ്‌കാരിക കായിക മന്ത്രാലയം എന്നിവയുടെ സഹകരണമുണ്ടായിരുന്നു.

മന്ത്രി ഡോ.ഹമദ് ബിന്‍ അബ്ദുല്‍അസീസ് അല്‍കുവാരി മുഖ്യപ്രഭാഷണം നടത്തി. വിജ്ദ്വാന്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ജാസിം സുല്‍ത്താന്‍, പ്രീ യൂണിവേഴ്‌സിറ്റി എജ്യൂക്കേഷന്‍ പ്രസിഡന്റ് ബുഥൈന അലി അല്‍നുഐമി, അക്കാഡമിക് അഫയേഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബീര്‍ അല്‍ഖലീഫ, സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് ആന്റ് പാര്‍ട്ട്ണര്‍ഷിപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശൈഖ് നൂഫ് അല്‍താനി, മെഹ്ദി ബെന്‍ഷാബെയ്ന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഖത്തര്‍ ഫൗണ്ടേഷന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പരമ്പരാഗത ഓപെറെറ്റ ആകര്‍ഷകമായി. ഇഡിഐയിലെ ഖത്തര്‍ ഹിസ്റ്ററി ആന്റ് ഹെറിറ്റേജ് വിഭാഗം ഹെഡ് സാറ അല്‍ഹജ്‌രി, ഫൈസല്‍ അല്‍തമീമി എന്നിവര്‍ നേതൃത്വം നല്‍കി.