in ,

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വേനല്‍ ക്യാമ്പുകള്‍ സമാപിച്ചു

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമ്മര്‍ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍

ദോഹ: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമ്മര്‍ ക്യാമ്പുകള്‍ സമാപിച്ചു. 5,800ലധികം വിദ്യാര്‍ഥികളാണ് ക്യാമ്പിന്റെ ഭാഗമായുള്ള പരിപാടികളില്‍ പങ്കെടുത്തത്. സമ്മര്‍ ക്യാമ്പുകളില്‍ ഒരുക്കിയിട്ടുള്ള സാങ്കേതിക, ശാസ്ത്ര, സാംസ്‌കാരിക, കായിക പരിപാടികളില്‍ വിദ്യാര്‍ഥികളുടെ ആവേശകരമായ പങ്കാളിത്തമുണ്ടായി.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമ്മര്‍ക്യാമ്പുകള്‍ ജൂലൈ പതിനാലിനാണ് തുടങ്ങിയത്.പരിപാടികള്‍ കഴിഞ്ഞദിവസമാണ് സമാപിച്ചത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പതിനാല് സമ്മര്‍ സെന്ററുകളിലായി വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറിയത്. മന്ത്രാലയത്തിലെ പ്രോഗ്രാംസ് ആന്റ് ആക്ടിവിറ്റീസ് മേധാവി ഫാത്തിമ യൂസുഫ് അല്‍ഉബൈദ്‌ലി ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏഴു സമ്മര്‍ സെന്ററുകള്‍ ആണ്‍കുട്ടികള്‍ക്കും ഏഴെണ്ണം പെണ്‍കുട്ടികള്‍ക്കുമായാണ് നീക്കിവെച്ചത്. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ മാഡ അസിസ്റ്റീവ് ടെക്‌നോളജി സെന്ററിന്റെ സഹകരണത്തോടെ പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കായി അല്‍ഗരാഫ ക്ലബ്ബ് സെന്റര്‍ ഫോര്‍ ബോയ്‌സിലും അല്‍റിസാല ഇന്‍ഡിപെന്‍ഡന്റ് സെക്കന്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സിലും പരിപാടികള്‍ നടന്നു.

വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ക്കായി വിനോദ വിജ്ഞാന പരിപാടികള്‍ വേനലിലുടനീളം സംഘടിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ഒഴിവുസമയം ഗുണപരമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തിലേക്ക് മാറ്റുകയായിരുന്നു കാമ്പയിന്റെ ലക്ഷ്യം.

വിനോദത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ പരിപാടികളാണ് ഇത്തവണ ക്രമീകരിച്ചത്. ടെക്‌നോളജി, ശാസ്ത്രം, കല, കായികം തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ദ്ധരും വിദ്യാഭ്യാസ വിചക്ഷണരുമാണ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തത്.

വിദ്യാര്‍ഥികളുടെ ശേഷിയും വൈദഗ്ദ്ധ്യവും വികസിപ്പിക്കുകയെന്നതും ഗവേഷണ, പര്യവേഷണ മേഖലയില്‍ അഭിനിവേശം വളര്‍ത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുകയെന്നതും ലക്ഷ്യം. ഫീല്‍ഡ് ട്രിപ്പുകള്‍ക്കു പുറമെ വിദ്യാഭ്യാസം, വിനോദം, കായികം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ വിവിധപ്രവര്‍ത്തനങ്ങളും സമ്മര്‍ ക്യാമ്പുകളില്‍ നടന്നു.

ആറു മുതല്‍ പതിനെട്ട് വയസുവരെ പ്രായമുള്ള പബ്ലിക് സ്‌കൂളുകളിലെ ഖത്തരി, നോണ്‍ ഖത്തരി വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ സ്‌കൂളുകളിലെ ഖത്തരി വിദ്യാര്‍ഥികള്‍ക്കുമാണ് സമ്മര്‍ ക്യാമ്പിന്റെ പ്രയോജനം ലഭിച്ചത്. സമ്മര്‍ ക്യാമ്പിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനായിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സാലേഹ് അല്‍നുഐമി പറഞ്ഞു. വേനല്‍ക്കാല പ്രവര്‍ത്തനങ്ങളുടെ അടുത്ത പതിപ്പ് മുന്‍ പതിപ്പുകളെക്കാള്‍ മെച്ചപ്പെടുത്തും.

സമന്വയത്തിന്റെയും സഹകരണത്തിന്റെയും ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നുകൊണ്ടാണ് സാംസ്‌കാരിക കായിക മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി വേനല്‍പരിപാടികള്‍ സംഘടിപ്പിച്ചതെന്ന് സാംസ്‌കാരിക കായികമന്ത്രിയുടെ ഉപദേഷ്ടാവ് അബ്ദുല്‍റഹ്മാന്‍ അല്‍ദോസരി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മിയയില്‍ വേനല്‍ക്കാല വിനോദപരിപാടികള്‍ തുടരുന്നു

ഹൃദയാഘാതം: ദോഹയില്‍ നിര്യാതനായി