in ,

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യമേഖലാ നിക്ഷേപം നേരിടുന്ന തടസങ്ങള്‍ ചര്‍ച്ച ചെയ്തു

ദോഹ: വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യമേഖലാ നിക്ഷേപം നേരിടുന്ന വിവിധ തടസങ്ങള്‍ ഖത്തര്‍ ചേംബര്‍ ചര്‍ച്ച ചെയ്തു. ഈ വിഷയത്തില്‍ ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയവുമായി നടപടിക്രമങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. ഖത്തര്‍ ചേംബറിന്റെ വിദ്യാഭ്യാസ കമ്മിറ്റി യോഗത്തിലാണ് ഈ വിഷയങ്ങള്‍ ഉയര്‍ന്നുവന്നത്.

ചേംബര്‍ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ തവാര്‍ അല്‍കുവാരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സ്വകാര്യ സ്‌കൂളുകള്‍ നേരിടുന്ന തടസങ്ങള്‍, വെല്ലുവിളികള്‍, സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ പ്രായം 55 വയസിലധികമാകരുതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഉത്തരവ് തുടങ്ങിയവ ചര്‍ച്ചയായി. മന്ത്രാലത്തിന്റെ തീരുമാനം അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യം സ്‌കൂളുകളിലെ ജോലി സ്ഥിരത ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

ഈ വ്യവസ്ഥകള്‍ പാലിക്കാത്ത അധ്യാപകരുമായി ഇതിനോടകം തന്നെ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. അധ്യാപകരെ നിയമിക്കുന്നതിനും വിദ്യാഭ്യാസമന്ത്രാലയത്തില്‍നിന്നും അനുമതി ലഭിക്കുന്നതിനുമുള്ള തടസങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു. വര്‍ക്ക് പെര്‍മിറ്റ് അനുമതികള്‍ പുറപ്പെടുവിക്കല്‍, തൊഴിലാളികളും സ്‌കൂള്‍ ഉടമകളും തമ്മിലുള്ള ബന്ധം, മന്ത്രാലയത്തിന്റെ മാതൃക അനുസരിച്ചുള്ള തൊഴില്‍കരാര്‍ അനുമതി സംവിധാനം, അധ്യാപകര്‍ക്കായി കൂടുതല്‍ വിസ അനുവദിക്കുന്നതിനുള്ള സൗകര്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളും യോഗത്തില്‍ സജീവമായി ചര്‍ച്ച ചെയ്തു.

സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സ്വകാര്യ സ്‌കൂളുകള്‍ നേരിടുന്ന എല്ലാ തടസങ്ങളും പരിഹരിക്കുന്നതിനും ഖത്തര്‍ ചേംബറിന്റെ വിദ്യാഭ്യാസ കമ്മിറ്റിക്ക് എല്ലാസഹായവും ലഭ്യമാക്കുന്നതിനുമുള്ള താല്‍പര്യവും പ്രതിജ്ഞാബദ്ധതയും ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയത്തിലെ തൊഴില്‍ പരിശോധനാവിഭാഗം ഡയറക്ടര്‍ ഫഹദ് സാഹിര്‍ അല്‍ദോസരി വ്യക്തമാക്കി.

വിദ്യാഭ്യാസ കമ്മിറ്റിയിലെ അംഗങ്ങളുടെ എല്ലാ നിരീക്ഷണങ്ങളും മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റികളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മേഖലയില്‍ മന്ത്രാലയത്തിന്റെ പരിധിയിലുള്ള എല്ലാകാര്യങ്ങളിലും സൗകര്യമൊരുക്കുന്നതില്‍ മന്ത്രാലയത്തിന്റെ താല്‍പര്യവും അദ്ദേഹം അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണം 2022നകം പൂര്‍ത്തിയാകും

സായുധസേനയും യുഎസ് വ്യോമസേന സെന്‍ട്രല്‍ കമാന്‍ഡും കരാര്‍ ഒപ്പുവച്ചു