in ,

വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗുകള്‍: മാര്‍ഗനിര്‍ദേശങ്ങളുമായി എച്ച്എംസി

ദോഹ:വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ ബാഗുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നിര്‍ദേശം. ഉചിതമായ ബാഗുകളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ബാഗുകളുടെ അമിതഭാരം വിദ്യാര്‍ഥികള്‍ക്ക് നടുവേദന ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും.

ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച് എച്ച്എംസി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു. കുട്ടിയുടെ ആകെ ശരീരഭാരത്തിന്റെ 10 മുതല്‍ 15 ശതമാനത്തില്‍ കൂടുതലാവരുത് സ്‌കൂള്‍ ബാഗിന്റെ ഭാരം.

ഭാരം കുറഞ്ഞ മെറ്റീരിയലുകള്‍, കമ്പിളി, ഇളംതുണിത്തരങ്ങള്‍ എന്നിവ ഉപയോഗിച്ചായിരിക്കണം ബാഗുകള്‍ നിര്‍മിക്കേണ്ടത്. വിവിധ പ്രായത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ ബാഗിന്റെ വലുപ്പം എത്രയായിരിക്കണമെന്നും കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എച്ച്എംസി വ്യക്തമാക്കി.

സ്‌കൂള്‍ ബാഗിന്റെ പിറകില്‍ കോംപാക്റ്റ് കോട്ടണ്‍ പാഡിങ് ഉണ്ടായിരിക്കണം. കൂടാതെ തോളിലെ സ്ട്രാപ്പ് അരക്കെട്ടിലെ സ്ട്രാപ്പുമായി നിശ്ചമായും ബന്ധിപ്പിക്കാവുന്ന രാതിയിലുള്ള ബാഗുകളായിരിക്കണം. ബാഗ് വാട്ടര്‍ പ്രൂഫും വൃത്തിയാക്കാന്‍ എളുപ്പമുള്ളതുമായിരിക്കണം. മോടിയുള്ളതും ഉന്നത നിലവാരമുള്ളതുമാകണം.

ബാഗില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും പുസ്തകങ്ങളിലേക്കും മറ്റു ഉള്ളടക്കങ്ങളിലേക്കും വേഗത്തില്‍ പ്രവേശനം ഉറപ്പാക്കുന്നതിനും ഒന്നിലധികം പോക്കറ്റുകള്‍- അറകളുണ്ടായിരിക്കണം. കൂടാതെ സ്‌കൂള്‍ ബാഗില്‍ വിശാലമായ കോട്ടണ്‍ ഹോള്‍ഡര്‍ സ്ട്രാപ്പുകളുണ്ടായിരിക്കണം. എലിമെന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ബാഗുകളുടെ ഉയരം 40 സെന്റി മീറ്ററും വീതി 28 സെന്റിമീറ്ററുമായിരിക്കണം.

12 സെന്റിമീറ്ററായിരിക്കണം ബാഗിന്റെ ആഴം. മിഡില്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ ബാഗിന്റെ ഉയരം 45 സെന്റിമീറ്റര്‍, വീതി 30 സെന്റിമീറ്റര്‍, ആഴം 12 സെന്റി മീറ്റര്‍. കൂടാതെ വിദ്യാര്‍ഥിയുടെ നിലവാരത്തിനനുസരിച്ച ബാഗിന് വിപുലീകരിക്കാവുന്ന ഒരു ഹാന്‍ഡില്‍ ഉണ്ടായിരിക്കണം. ചക്രമുള്ള സ്‌കൂള്‍ ബാഗ് തെരഞ്ഞെടുക്കുമ്പോള്‍ വലിയചക്രങ്ങളുള്ളവ തെരഞ്ഞെടുക്കണം.

ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പരമാവധി തൂക്കാവുന്ന ഭാരം രണ്ടു കിലോഗ്രാം മാത്രമാണ്. മൂന്നു മുതല്‍ ആറാം തരം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പരമാവധി അഞ്ചു കിലോ ആവാം. ഏഴ് കിലോ ഭാരം മാത്രമേ പരമാവധി ഏഴുമുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാവൂ. എന്നാല്‍, ഈ കണക്കനുസരിച്ചുള്ള ഭാരമല്ല ഇവിടെ കുട്ടികള്‍ വഹിക്കുന്നത്.


സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം വിദ്യാര്‍ഥികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും

ദോഹ: 13 വയസിനും 14 വയസിനും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ഥികളില്‍ സ്‌കൂള്‍ ബാഗിന്റെ അമിതഭാരം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്.

കാലിനും ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ വേദനയെത്തുടര്‍ന്ന് നിരവധി കുട്ടികളാണ് എച്ച്എംസിയില്‍ ചികിത്സ തേടുന്നത്. 40 ശതമാനം കുട്ടികളും സന്ധി സംബന്ധമായ വേദനയുമായാണ് എത്തുന്നത്. കുട്ടികള്‍ക്ക് ഭാവിയില്‍ ഇത് ദോഷം ചെയ്യും. ബാഗ് ധരിക്കുമ്പോള്‍ പിന്നിലേക്ക് തുങ്ങിനില്‍ക്കാതെ ശ്രദ്ധിക്കണം. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാനുള്ള നടപടികളുണ്ടാകണം.

വിദ്യാര്‍ഥികള്‍ അവര്‍ക്ക് അനുവദനീയമായതിലും 30 ശതമാനത്തിലധികം ഭാരമാണ് സ്‌കൂള്‍ ബാഗിലൂടെ വഹിക്കുന്നത്. കുട്ടികള്‍ ചുമക്കുന്ന അധികഭാരം അവരുടെ ശാരീരികമാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പതിനെട്ട് വയസ്സുവരെയാണ് മനുഷ്യശരീരവളര്‍ച്ചയുടെ മുഖ്യ ഘട്ടം.

സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരം കുട്ടികള്‍ക്ക് നട്ടെല്ലിന് വളവ് ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ എല്ല് പൂര്‍ണ വളര്‍ച്ചയെത്തിയിട്ടില്ല.

സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം നിമിത്തം ഒട്ടുമിക്ക കുട്ടികള്‍ക്കും നടുവ് വേദനയും തലവേദനയും ഉണ്ടാകുന്നതിന്റെ കാരണമിതാണ്. ചില കുട്ടികള്‍ക്ക് നട്ടെല്ലിനും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. 18 വയസ്സില്‍ എത്തുന്ന ഒരു കുട്ടിയുടെ നട്ടെല്ല് പൂര്‍ണമായും വളര്‍ച്ച പ്രാപിച്ചിരിക്കും.

പതിനെട്ട് വയസ്സായ മുതിര്‍ന്ന കുട്ടികളില്‍ അപൂര്‍വമായേ അമിത ഭാരം വഹിക്കുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളുവെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടിയുടെ നട്ടെല്ലിനെയും പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട് ഈ ഭാരംപേറല്‍. ശരീരത്തിന്റെ 20 ശതമാനത്തിലധികം നട്ടെല്ലിന്റെ മീതെ നേരിട്ട് വഹിക്കുന്നതും ഹാനികരമാണ്. ചില വിദ്യാര്‍ഥികള്‍ മിക്കപ്പോഴും വലതു വശത്താണ് ബാഗിടുന്നത്. ബാഗിന്റെ സ്ട്രാപ്പുകള്‍ ഇരുവശങ്ങളിലേക്കും ഇടുന്നതാണ് കൂടുതല്‍ അഭികാമ്യമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

കൊച്ചുകുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നംപോലും ഉളവാക്കുന്ന ഈ ഭാരംവഹിക്കല്‍ പരക്കേ വിമര്‍ശനവിധേയമായിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനും ആരോഗ്യത്തിനും അനുസൃതമായി വഹിക്കാവുന്ന ശരാശരി ഭാരമുണ്ട്.

അതിനേക്കാള്‍ ഏറെ കൂടുതല്‍ ഭാരം വഹിക്കേണ്ടിവന്നാല്‍ തീര്‍ച്ചയായും അവരുടെ ആരോഗ്യത്തെ മാത്രമല്ല, പഠനത്തെയും അതു ബാധിക്കും. സ്‌കൂള്‍ ബാഗിന്റെ അധികഭാരം നിമിത്തം കുട്ടികളില്‍ അസ്ഥിസംബന്ധമായ രോഗങ്ങളും മറ്റു ദീര്‍ഘകാല അസുഖങ്ങളും ഉണ്ടാകാനിടയുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ മാതൃകയായി ഹമദ് തുറമുഖം

അല്‍ഷഹാനിയയില്‍ ഉപേക്ഷിക്കപ്പെട്ട 101 വാഹനങ്ങള്‍ നീക്കം ചെയ്തു