in ,

വിദ്യാര്‍ഥികള്‍ ഖലീഫ അവന്യൂ പദ്ധതി പ്രദേശത്ത് മരങ്ങള്‍ നട്ടുപിടിപ്പിച്ചു

ഖത്തര്‍ അക്കാഡമി-ദോഹയിലെ വിദ്യാര്‍ഥികള്‍ ഖലീഫ അവന്യൂ പദ്ധതി പ്രദേശത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഖത്തര്‍ അക്കാഡമി-ദോഹയിലെ വിദ്യാര്‍ഥികള്‍ ഖലീഫ അവന്യൂ പദ്ധതി പ്രദേശത്ത് മരങ്ങള്‍ നട്ടുപിടിപ്പിച്ചു. രാജ്യത്തെ നിരത്തുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവല്‍ക്കരിക്കുന്നതിനും കുട്ടികളുടെ നേതൃത്വത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുമുള്ള കാമ്പയിന്റെ ഭാഗമാണിത്.ഖത്തര്‍ പദ്ധതികളിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയാണ് കാമ്പയിന്‍ നടപ്പാക്കുന്നത്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിലെ പദ്ധതികാര്യ ഡയറക്ടര്‍ എന്‍ജിനിയര്‍ യൂസുഫ് അബ്ദുല്‍റഹ്മാന്‍ അല്‍ഇമാദി, സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ എന്‍ജിനിയര്‍ മുഹമ്മദ് അര്‍ഖൗബ് അല്‍ഖാലിദി, ഖത്തര്‍ അക്കാദമി-ദോഹയിലെ അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ നിക്കോള്‍ ആന്റേഴ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പദ്ധതിയെക്കുറിച്ചും കാമ്പയിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും സൂപ്പര്‍വൈസറി കമ്മിറ്റി സെക്രട്ടറി എന്‍ജിനിയറിങ് അമ്‌ന അല്‍ബാദര്‍ വിശദീകരിച്ചു. ഖത്തര്‍ പരിസ്ഥിതിക്ക് അനുയോജ്യമായ അല്‍സിദര്‍, സുമുര്‍ മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി രാജ്യത്ത് ഹരിതസ്ഥലം വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ വിശദീകരിച്ചു. ഖലീഫ അവന്യു റോഡ് പദ്ധതിയില്‍ 20 മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. കാമ്പയിനില്‍ ഖത്തര്‍ അക്കാദമിയിലെ 25 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക, വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതിക മൂല്യങ്ങള്‍ വളര്‍ത്തുക, പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമയാണെന്ന് ഊന്നിപ്പറയുക തുടങ്ങിയവയാണ് കാമ്പയിന്‍ ലക്ഷ്യം. 682 മരങ്ങള്‍, 312,000 ചതുരശ്ര മീറ്റര്‍ ഹരിത പ്രദേശങ്ങള്‍, 780 ലൈറ്റ് പോളുകള്‍, 400 ഓളം സീറ്റുകള്‍, 35 തടിനിര്‍മിത പെര്‍ഗോളകള്‍, 14 കിലോമീറ്റര്‍ കാല്‍നട, സൈക്കിള്‍ പാതകള്‍, കാല്‍നട, സൈക്കിള്‍ യാത്രികര്‍ക്കായി 256 മീറ്റര്‍ പാലം എന്നിവ ഖലീഫ അവന്യുപദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. കാമ്പയിന്റെ ഒന്നാംഘട്ടത്തിന് അടുത്തിടെ ഔദ്യോഗികമായി തുടക്കമായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥ: അറബ് മേഖലയില്‍ ഖത്തര്‍ രണ്ടാമത്

മിഡില്‍ഈസ്റ്റിലെ ഏറ്റവും വിശാലമായ ചത്വരം- ബറഹാത് മുശൈരിബ്