
ദോഹ: സ്വിറ്റ്‌സര്‍ലന്റിലെ ലൗസന്നെയില്‍ ഇന്നു തുടങ്ങുന്ന വിന്റര്‍ യൂത്ത് ഒളിമ്പിക്‌സില്‍ മത്സരസാന്നിധ്യമായി ഖത്തറും. ഐസ് ഒളിമ്പികില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് 15 കാരനായ തവാബ് അല്‍സുബൈ മത്സരിക്കും. വിന്റര്‍ ഗെയിംസില്‍ ഇതാദ്യമായാണ് ഖത്തറില്‍ നിന്നും ഒരു കായികതാരം മത്സരിക്കുന്നത്.
ഒളിമ്പിക്‌സിന്റെ നവീകരണവും നിയമക്രമങ്ങളിലെ മാറ്റവും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള അത്‌ലറ്റുകള്‍ക്ക് വിന്റര്‍ ഗെയിംസില്‍ മത്സരിക്കാന്‍ അവസരങ്ങള്‍ തുറക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
നിയമാവലിയില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ ഖത്തര്‍ ഉള്‍പ്പടെ കൂടുതല്‍ പുതിയ രാജ്യങ്ങള്‍ക്ക് വിന്റര്‍ ഗെയിംസില്‍ മത്സരിക്കാനാകുന്നുണ്ട്.
ഐസ് ഹോക്കി നിയമാവലിയില്‍ മാറ്റത്തോടെ വിവിധ രാജ്യങ്ങളിലെ മികച്ച താരങ്ങള്‍ക്ക് ഒന്നിച്ചുമത്സരിക്കാനാകും. ഇതേത്തുടര്‍ന്നാണ് രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തവാബ് അല്‍സുബൈക്ക് യോഗ്യത ലഭിച്ചത്. ഖത്തറില്‍ നടന്ന ഖത്തര്‍ രാജ്യാന്തര ഐസ് ഹോക്കി ലീഗും തവാബിന് യോഗ്യത ലഭിക്കുന്നതില്‍ നിര്‍ണായകമായി. ദോഹയിലെ വിവിധ ഷോപ്പിങ് മാളുകളിലായാണ് ലീഗ് നടക്കുന്നത്. ഏഴു വയസുമുതല്‍ ഐസ് ഹോക്കിയില്‍ പരിശീലനം നടത്തുന്ന തവാബ് വിന്റര്‍ ഗെയിംസില്‍ പങ്കെടുക്കാനാകുന്നതിലെ സന്തോഷം പങ്കുവെച്ചു.