in ,

വിന്‍സണ്‍ കൊടുമുടി കീഴടക്കാനൊരുങ്ങി ഫഹദ് ബാദര്‍ അന്റാര്‍ട്ടിക്കയില്‍

ഫഹദ് ബാദര്‍

ദോഹ: ഒരേ യാത്രയില്‍ ലോകത്തെ രണ്ടു പ്രധാന കൊടുമുടികള്‍ കീഴടക്കി ചരിത്രം സൃഷ്ടിച്ച ഖത്തരി യുവ സാഹസികന്‍ ഫഹദ് ബാദര്‍ മറ്റൊരു വെല്ലുവിളി കൂടി വിജയകരമായി പിന്നിടുന്നതിനുള്ള ദൗത്യം തുടങ്ങി. അന്റാര്‍ട്ടിക്കിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ വിന്‍സണ്‍ കീഴടക്കുകയാണ് ഫഹദ് ബാദറിന്റെ ലക്ഷ്യം. ഈ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനായി ഡിസംബര്‍ 21ന് ഫഹദ് അന്റാര്‍ട്ടിക്കയിലെത്തി. വിന്‍സണ്‍ കൊടുമുടി കീഴടക്കാനുള്ള തന്റെ പര്യവേഷണത്തിന്റെ ആദ്യഘട്ടത്തിന് അദ്ദേഹം തുടക്കംകുറിച്ചു.
ഏറെ വെല്ലുവിളിയും സാഹസികതയും നിറഞ്ഞതാണ് ദൗത്യം. 24 മണിക്കൂര്‍ തുടര്‍ച്ചയായ പകല്‍ വെളിച്ചമുള്ള അവിശ്വസനീയമായ ക്രോസിംഗില്‍ 110 കിലോമീറ്റര്‍ ഇടവേളകളില്‍ സ്‌കീയിംങുമുണ്ടാകും. അന്റാര്‍ട്ടിക്കിലെ താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസായതിനാല്‍ സ്ലെഡുകള്‍ ഉപയോഗിക്കേണ്ടിവരും. ഉച്ചകോടിയില്‍ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യല്‍സിലേക്ക് താഴാം. ഡിസംബര്‍ അവസാനത്തോടെ ഫഹദ് ദക്ഷിണ ധ്രുവത്തിന്റെ മധ്യത്തിലെത്താനാകുമെന്നാണ് കരുതുന്നത്. അടുത്തവര്‍ഷം ജനുവരിയിലെ ആദ്യആഴ്ചയില്‍ വിന്‍സണ്‍ കൊടുമുടിയുടെ ഉച്ചകോടിയിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റും ഏറ്റവും ഉയരംകൂടിയ നാലാമത്തെ കൊടുമുടിയായ ലോട്‌സെയും ഒരേ യാത്രയില്‍ ഫഹദ് ബാദര്‍ കീഴടക്കിയിരുന്നു. എവറസ്റ്റും ലോട്‌സെയും ഒരേ യാത്രയില്‍ കീഴടക്കുന്ന ആദ്യ അറബ് സ്വദേശി ഫഹദ് ബാദറാണ്. എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന രണ്ടാമത്തെ ഖത്തരിയാണ് ഫഹദ്. 24 മണിക്കൂര്‍ സമയത്തിലാണ് ഫഹദ് ഈ രണ്ടു കൊടുമുടികളും കീഴടക്കി ചരിത്രത്തില്‍ പ്രവേശിച്ചത്. രണ്ടു കൊടുമുടികളുടെയും ഉന്നതിയില്‍ ഖത്തറിന്റെ പതാകയും ഉയര്‍ത്തി. ആഗസ്തില്‍ ഫഹദ് ബാദര്‍ ബ്ലാങ്ക് കൊടുമുടിയും ആല്‍പ്‌സിലെ മാറ്റര്‍ഹോണും കീഴടക്കിയിരുന്നു. കാമേഴ്‌സ്യല്‍ ബാങ്കിന്റെ രാജ്യാന്തര ബാങ്കിങ് വിഭാഗത്തിലെ എക്‌സിക്യുട്ടീവ് ജനറല്‍ മാനേജറാണ് ഫഹദ് ബാദര്‍. ലോകത്തിലെ ഏഴു കൊടുമുടികളില്‍ ഏറ്റവും റിമോട്ടായ കൊടുമുടിയാണ് വിന്‍സണ്‍. 1966നുശേഷം ഏകദേശം 1200ഓളം പേര്‍ വിന്‍സണ്‍ കൊടുമുടി കീഴടക്കിയിട്ടുണ്ട്. ദക്ഷിണധ്രുവത്തില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന വിന്‍സണ്‍ മാസിഫ് കൊടുമുടിക്ക് 4892 മീറ്റര്‍ ഉയരവും 21 കിലോമീറ്റര്‍ നീളവും 13 കിലോമീറ്റര്‍ വീതിയുമുണ്ട്. എല്‍സ്വര്‍ത്ത് പര്‍വ്വതനിരയുടെ ഭാഗമാണിത്. 1957-ല്‍ ഒരു അമേരിക്കന്‍ നാവിക വിമാനമാണ് പര്‍വ്വതത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. അന്റാര്‍ട്ടിക്കാ ഗവേഷണങ്ങള്‍ക്ക് പണം വകയിരുത്തുന്നതിനെ പിന്തുണച്ചിരുന്ന അമേരിക്കന്‍ കോണ്‍ഗ്രസംഗം കാള്‍ വിന്‍സണിന്റെ പേരാണ് പര്‍വ്വതത്തിനു നല്‍കിയത്. 1966-ല്‍ നിക്കൊളസ് ക്ലിഞ്ചും സംഘവും ആദ്യമായി പര്‍വ്വതത്തില്‍ കയറി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്റ്റുഡന്റ്‌സ് ഫ്രട്ടേണിറ്റി പ്രതിഷേധ സംഗമം

തുര്‍ക്കിയിലെ സിറിയക്കാര്‍ക്ക് ചികിത്സാസഹായവുമായി ക്യുആര്‍സിഎസ്‌