
ദോഹ: വിമാന സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച് ഖത്തറും യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും(ഈസ) തമ്മില്‍ കരാറിലെത്തി. കരാറിന്റെ ഒപ്പിടല്‍ ചടങ്ങിന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈതി പങ്കെടുത്തു. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍സുബെയ്, ഈസ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാട്രിക് കൈ എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം ഖത്തര്‍ സിഎഎ ഇയു റാമ്പ് പരിശോധനാ പദ്ധതിയില്‍ അംഗമാവുകയും സഹകരണവും വിവര കൈമാറ്റവും ഉറപ്പ് വരുത്തുകയും ചെയ്യും. ഇരുകൂട്ടരും തമ്മിലുള്ള പ്രോഗ്രാം ഡാറ്റാബേസിന്റെ കൈമാറ്റവും ഇതിലൂടെ സാധ്യമാക്കും.
വ്യോമയാന സുരക്ഷയില്‍ വിപുലവും പരിചയസമ്പന്നരുമായ അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണം വര്‍ധിപ്പിക്കുക എന്നതാണ് കരാറിലൂടെ സിഎഎ ലക്ഷ്യമിടുന്നത്. ഖത്തറിന്റെ സിവില്‍ ഏവിയേഷന്‍ വ്യവസായം മെച്ചപ്പെടുത്താനും കരാര്‍ ലക്ഷ്യമിടുന്നു. സിവില്‍ ഏവിയേഷന്‍ സുരക്ഷയുടെ കാര്യത്തില്‍ ലോകത്തെ മുന്‍നിരക്കാരനാണ് ഖത്തര്‍. സിവില്‍ ഏവിയേഷന്‍ സിസ്റ്റത്തിലെ വിമാന സുരക്ഷയുടെ കാര്യത്തില്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഒഒ) നടത്തിയ കണക്കടുപ്പില്‍ 91.16 ശതമാനമാണ് രാജ്യത്തിന്റെ മുന്നേറ്റം.