
ദോഹ: റസിഡന്‍ഷ്യല്‍ ഏരിയകളിലെ പാര്‍പ്പിട വില്ലകളില്‍ പുതിയ പൊതു സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലൈസന്‍സിനായി അപേക്ഷ സ്വീകരിക്കുന്നത് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം(എംഎംഇ) നിര്‍ത്തിവച്ചു.
ഇത്തരം വില്ലകളില്‍ നഴ്സറികള്‍, കിന്‍ഡര്‍ഗാര്‍ട്ടനുകള്‍, ബ്യൂട്ടി സലൂണുകള്‍, വിശുദ്ധ ഖുര്‍ആന്‍ മനപാഠ കേന്ദ്രങ്ങള്‍, അംഗപരിമിതര്‍ക്കുള്ള വി്ദ്യാഭ്യാസ കേന്ദ്രങ്ങള്‍, അടുക്കളകള്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയിരുന്നത്. പാര്‍പ്പിട വില്ലകളില്‍ താമസ ഉപയോഗം മാത്രമായി പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി.
അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പ് നിര്‍ദേശം നല്‍കിയതായി പ്രാദേശിക അറബിപത്രം അല്‍ റായ റിപ്പോര്‍ട്ട് ചെയ്തു.
ഭൂരിഭാഗം പാര്‍പ്പിട മേഖലകളിലെ വില്ലകളിലും സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം ഭരണനിര്‍വഹണ ടവറുകള്‍, വാണിജ്യ, ഭരണനിര്‍വഹണ സ്ട്രീറ്റുകള്‍, നഗര വാണിജ്യ കേന്ദ്രങ്ങള്‍, പാര്‍പ്പിട അപാര്‍ട്മെന്റ് കെട്ടിടത്തില്‍ അനുമതി ലഭിച്ചിരിക്കുന്നവ തുടങ്ങിയ നിശ്ചിത മേഖലകളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കും.
രാജ്യത്തിന്റെ നഗര വികസനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. അനുവദിക്കപ്പെട്ട പ്രദേശങ്ങളിലെ വികസന നിക്ഷേപ പദ്ധതികളെ പിന്തുണക്കുകയും പാര്‍പ്പിട മേഖലകളുടെ സ്വകാര്യത സംരക്ഷിക്കുകയാണ് ലക്ഷ്യം.
പുതിയ നടപടി പാര്‍പ്പിട മേഖലകളിലെ ഗതാഗത കുരുക്ക് കുറക്കാനും താമസക്കാര്‍ക്ക് ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യാനുമാകും.
പാര്‍പ്പിട യൂണിറ്റുകളുടെ വാടകയിലും കുറവുണ്ടാകും. വാണിജ്യ സമുച്ചയങ്ങളില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.