in

വിഷബാധയെന്ന് സംശയം: മലയാളി നഴ്‌സ് ദമ്പതികളുടെ 2 മക്കള്‍ മരിച്ചു

്ദോഹ: മലയാളി നഴ്‌സ് ദമ്പതികളുടെ 2 മക്കള്‍ ദോഹയില്‍ മരണമടഞ്ഞു. കോഴിക്കോട് ഫറൂഖ് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ മമ്മൂട്ടിയുടെ മകള്‍ ഷമീമയുടേയും മക്കളായ റെഹാന്‍ ഹാരിസ് (മൂന്നര), റിദ ഹാരിസ് (7 മാസം) എന്നിവരാണ് മരണമടഞ്ഞത്. വിഷബാധ മൂലമെന്ന് സംശയിക്കുന്നു. ഇന്നലെ കാലത്ത് ഛര്‍ദ്ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ട കുട്ടികളെ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ഉടന്‍ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ദോഹ ബിന്‍മഹ്മൂദില്‍ ഇവര്‍ താമസിക്കുന്ന ഫഌറ്റിന് തൊട്ടടുത്ത ഫഌറ്റില്‍ പ്രാണികള്‍ക്കുള്ള മരുന്നടിച്ചതായി പറയപ്പെടുന്നു.

ഇതേത്തുടര്‍ന്നാണ് കുട്ടികള്‍ക്കും പിന്നീട് രക്ഷിതാക്കള്‍ക്കും അസ്വസ്ഥതയുണ്ടായതെന്ന് ഇവരുടെ ഒരു ബന്ധു അറിയിച്ചു. കുട്ടികളുടെ യഥാര്‍ത്ഥ മരണ കാരണമെന്തെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതിനിടെ കഴിഞ്ഞ ദിവസം ഇവര്‍ ഹോട്ടലില്‍ നിന്ന് പാര്‍സല്‍ വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റാണ് കുട്ടികള്‍ മരിച്ചതെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ശക്തമായതിനെത്തുടര്‍ന്ന് പൊലീസും മുന്‍സിപ്പല്‍ അധികൃതരും ദോഹ ബിന്‍മഹ്മൂദിലെ മലയാളി ഉടമസ്ഥതയിലുള്ള ഒരു റസ്‌റ്റോറന്റ് അടിയന്തിര പരിശോധനക്ക് വിധേയമാക്കുകയും താത്കാലികമായി അടപ്പിക്കുകയും ചെയ്തിരുന്നു.

കുട്ടികള്‍ മരിച്ചതില്‍ ഖേദമറിയിക്കുന്നുവെന്നറിയിച്ചും തങ്ങളുടെ റസ്റ്റോറന്റിലെ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റല്ല മരണമെന്ന് ഉറപ്പിച്ച് പറയാനാവുമെന്നും വിശദീകരിച്ച് സ്ഥാപനം ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തി. തങ്ങളുടെ ഭക്ഷണം അഞ്ഞൂറോളം പേര്‍ ദിനേന കഴിക്കുന്നതാണെന്നും ഏത് നിയമപരമായ നടപടികളും സ്വാഗതാര്‍ഹമാണെന്നും അവര്‍ വിശദീകരിച്ചു. അബു നഖ്‌ല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ് ഹാരിസ്. ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ നഴ്‌സാണ്. നാദാപുരത്തെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവായിരുന്ന വാണിയൂര്‍ അന്ത്രുവിന്റെ പൗത്രി കൂടിയാണ് ഷമീമ.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലോകകപ്പ് സ്റ്റേഡിയങ്ങളും സൗകര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാകും

നസീം അല്‍ റബീഹില്‍ പ്രതിരോധ കുത്തിവയ്പ്