in , , , , ,

വീണ്ടുമൊരു യുദ്ധം വര്‍ഷങ്ങള്‍ നീളുന്ന പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ഖത്തര്‍

ഗള്‍ഫിലെ കൂട്ടായ സുരക്ഷക്ക് ആവശ്യം അക്രമ രഹിത മാര്‍ഗം
മേഖലയില്‍ അസ്ഥിരതക്ക് കാരണമായ സംഭവങ്ങള്‍ അക്കമിട്ടുനിരത്തി ഖത്തര്‍

ഡോ.ഖാലിദ് ഫഹദ് അല്‍ഖാതിര്‍

ആര്‍ റിന്‍സ്
ദോഹ

ഗള്‍ഫിലെ കൂട്ടായ സുരക്ഷക്ക് പ്രകോപനമില്ലാത്ത ഇടപെടലും പരസ്പര ബഹുമാനവുമാണ് വേണ്ടതെന്ന് ഖത്തര്‍. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും അന്താരാഷ്ട്ര അതിര്‍ത്തികള്‍ ലംഘിക്കാതിരിക്കുകയും ചെയ്തുകൊണ്ടായിരിക്കണം ഗള്‍ഫിലെ കൂട്ടായ സുരക്ഷയെന്നും ഖത്തര്‍ നിലപാട് വ്യക്തമാക്കി. ബുധനാഴ്ച ടെഹ്‌റാന്‍ ഡയലോഗ് ഫോറത്തില്‍ സംസാരിക്കവെ മേഖലയില്‍ അസ്ഥിരതക്ക് കാരണമായ സംഭവങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിലെ നയ ആസൂത്രണ വകുപ്പ് ഡയറക്ടര്‍ ഡോ.ഖാലിദ് ഫഹദ് അല്‍ഖാതിര്‍ അക്കമിട്ടുനിരത്തി. മേഖലയില്‍ വീണ്ടുമൊരു യുദ്ധമുണ്ടാകുന്നത് വര്‍ഷങ്ങള്‍ നീളുന്ന പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനും ഇറാഖ് ഉള്‍പ്പടെ ഗള്‍ഫിലെ മറ്റു രാജ്യങ്ങള്‍ക്കും ഇതൊരു ദുഖകരമായ സമയമാണെന്നും ഒപ്പം വലിയ വെല്ലുവിളിയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊരു നിര്‍ണായക നിമിഷമാണ്. ഈ നിര്‍ണായക കാലഘട്ടത്തിലെ തീരുമാനങ്ങള്‍ ഈ മേഖലയിലും അതിനപ്പുറത്തുമുള്ള എല്ലാവരെയും ബാധിക്കുന്ന പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നമ്മുടെ മേഖലയുടെ സുരക്ഷാ ചരിത്രത്തിലേക്കും സ്ഥിരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയ വലിയ സ്വാധീനം ചെലുത്തിയ പ്രധാന സംഭവങ്ങളിലേക്കും തിരിഞ്ഞുനോക്കുമ്പോള്‍, ഏതാണ്ട് എല്ലാ ദശകത്തിലും അസ്ഥിരതയുടെ മാതൃക കാണാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1980ല്‍ എട്ടുവര്‍ഷം നീണ്ടുനിന്ന ഇറാഖ്- ഇറാന്‍ യുദ്ധം. 1990ല്‍ ഇറാഖിന്റെ കുവൈത്തിലേക്കുള്ള കടന്നുകയറ്റവും ആക്രമണവും. 2001ല്‍ സെപ്തംബര്‍ 11ലെ അമേരിക്കക്കെതിരായ ഭീകരാക്രമണം ഇറാഖിനും അഫ്ഗാനിസ്താനുമെതിരെ അമേരിക്ക രണ്ടു യുദ്ധങ്ങള്‍ തുടങ്ങുന്നതിന് വഴിയൊരുക്കി. 2011ല്‍ ഈ മേഖല വീണ്ടും വ്യത്യസ്ത സ്വഭാവത്തിലുള്ള സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു. അറബ് വസന്തത്തിലൂടെ മിഡില്‍ഈസ്റ്റിലുടനീളമുള്ള സര്‍ക്കാരുകളുടെ അടിത്തറ ഇളക്കപ്പെട്ടു. ഏകദേശം ഒരു ദശാബ്ദത്തിനുശേഷം 2020 ആരംഭിക്കുമ്പോള്‍ പ്രദേശത്തെ വീണ്ടും ഇളക്കിമറിച്ചേക്കാവുന്ന സംഭവങ്ങളുടെ പരമ്പരയിലേക്കും മേഖലയിലെ മറ്റൊരു യുദ്ധത്തിലേക്കും നയിച്ചേക്കാവുന്ന നിമിഷങ്ങള്‍ വീണ്ടും നിര്‍വചിക്കപ്പെടുന്നു. നിലവിലെ ഇറാന്‍- യുഎസ് പ്രതിസന്ധി ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം വിശദീകരിച്ചു. ഇത് അടിവരയിടുന്നത് രണ്ട് ഘടകങ്ങളാണ്. പ്രാദേശിക തലത്തില്‍ വ്യവസ്ഥാപരമായ പ്രശ്നമുണ്ട്. അസ്ഥിരതയുടെ കാരണങ്ങള്‍ അഭിസംബോധന ചെയ്യുന്നതിന് സമീപനം ആവശ്യമാണ്. ഈ മേഖല മറ്റൊരു യുദ്ധചക്രത്തിലൂടെ കടന്നുപോകേണ്ട ആവശ്യമില്ല. അത് അനേകം വര്‍ഷങ്ങള്‍ മേഖലയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളുണ്ടാക്കും. ഈ മേഖലയിലെ ജനങ്ങള്‍ക്ക് സംഘട്ടനത്തിന്റെയും യുദ്ധത്തിന്റെയും അസ്ഥിരതയുടെയും മറ്റൊരു സാഹചര്യം താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വേണ്ടത് പരമാവധി സംയമനം പാലിക്കുന്ന നയമാണ്. നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിനായി അടിയന്തിരമായി അണിനിരക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
മേഖലയിലെ ചില രാജ്യങ്ങളുടെ ഇറാനുമായുള്ള അവസരവാദനയങ്ങള്‍ കൂടുതല്‍ പിരിമുറുക്കങ്ങള്‍ക്കും തീവ്രതക്കും ഏറ്റുമുട്ടലിനും ഇടയാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാരണമായതില്‍ അല്‍ഖാതിര്‍ നിരാശ പ്രകടിപ്പിച്ചു. ഈ നയങ്ങളുടെ ഫലം ഈ മേഖലയില്‍ ഇന്നു നാം സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിലേക്കെത്തിച്ചു. എന്നു മാത്രമല്ല, യമന്‍, ലിബിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ഭിന്നതക്കും കാരണമായിട്ടുണ്ട്. അട്ടിമറി ശ്രമങ്ങള്‍, ഉപരോധങ്ങള്‍, മറ്റു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം മേഖലയെ പ്രതികൂലമായി ബാധിച്ചു. ഈ രാജ്യങ്ങള്‍ അവരുടെ പ്രാദേശിക അഭിലാഷങ്ങള്‍ക്കായി ബാഹ്യപിന്തുണ വര്‍ധിപ്പിക്കാനും ശ്രമിച്ചു. ഇന്ന് ഇതേ രാജ്യങ്ങള്‍ തീവ്രവ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഏറ്റുമുട്ടലിന്റെ സാധ്യത ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നു. ഇന്നലെ അവര്‍ പിന്തുടര്‍ന്ന നയങ്ങളുടെ ഫലം മാത്രമാണിത്. ഇതിനു വിപരീതമായി ഖത്തറും ഇറാനും തമ്മിലുള്ള ബന്ധം അവസരവാദത്തിനുപകരം എല്ലായ്‌പ്പോഴും സ്ഥിരത പുലര്‍ത്തുന്നു. കാരണം ഇത് രാജ്യത്തിന്റെ വിദേശനയത്തിന്റെ പ്രധാന തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിനുള്ള ഒരു പാലമായി ഇത് പ്രവര്‍ത്തിക്കുന്നു- അല്‍ഖാതിര്‍ പറഞ്ഞു.

മേഖലയില്‍ ആവശ്യം
പരമാവധി സംയമനം:
അല്‍ഖാതിര്‍

ദോഹ: മേഖലയിലെ നിലവിലെ അസ്ഥിരതകളേയും വിപത്തുകളേയും അതിജീവിക്കാന്‍ പരമാവധി സംയമനം പാലിക്കുക എന്ന നയമാണ് നിലവില്‍ അനിവാര്യമെന്ന് വിദേശകാര്യമന്ത്രാലയത്തിലെ നയ ആസൂത്രണ വകുപ്പ് ഡയറക്ടര്‍ ഡോ.ഖാലിദ് ഫഹദ് അല്‍ഖാതിര്‍. ഇതിനായി മേഖലാ രാജ്യാന്തര തലങ്ങളില്‍ അടിയന്തര ശ്രമങ്ങളുണ്ടാകണമെന്നും ടെഹ്‌റാന്‍ ഫോറത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ നയങ്ങള്‍ വിശാലമായ ഇസ്ലാമിക മൂല്യങ്ങളെയും അന്താരാഷ്ട്ര നിയമത്തെയും നിയമസാധുതയെ ബഹുമാനിക്കുന്ന തത്വങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. മധ്യസ്ഥതയിലൂടെ സമാധാനപരമായി പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനും സംഭാഷണത്തിന് ഇടം നല്‍കുന്നതിനും ഖത്തര്‍ സജീവമായി സംഭാവന ചെയ്യുന്നു.
ഖത്തര്‍ പരമാധികാരത്തെ മാനിക്കുന്നു, ഭീഷണിയോ ബലപ്രയോഗമോ നിരസിക്കുന്നു- അദ്ദേഹം വിശദീകരിച്ചു. തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നത് ഖത്തര്‍ വിദേശനയത്തിന്റെ അടിസ്ഥാന സ്തംഭമാണ്. സമീപനത്തിന്റെ അഖണ്ഡതയിലും തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകതയിലും പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായി സംഭാഷണത്തിലും ഖത്തര്‍ വിശ്വസിക്കുന്നു.
ഗള്‍ഫിലെ കൂട്ടായ സുരക്ഷയെ അഭിസംബോധന ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ നിര്‍ണ്ണയിക്കാന്‍ പരസ്പര ചര്‍ച്ചയുടെ അര്‍ത്ഥവത്തായ പ്രക്രിയകളെ അടിസ്ഥാനമാക്കിയുള്ള പ്രാദേശിക സമീപനങ്ങള്‍ അത്യാവശ്യമാണ്. അതിലൂടെയെ കൂടുതല്‍ തുല്യവും സുസ്ഥിരവുമായ അടിസ്ഥാനത്തില്‍ സമാധാനവും സുസ്ഥിരതയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കാനാകുള്ളു.
ഇത്തരം കൂട്ടായ പരിശ്രമങ്ങളിലൂടെ ഭീകരതയുടെ ആഘാതം, അക്രമാസക്തമായ തീവ്രവാദം, വിഭാഗീയത എന്നിവ നേരിടാന്‍ കഴിയുമെന്ന് ഖത്തര്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നു. പരസ്പര സംഭാഷണ പ്രക്രിയകള്‍ സുഗമമാക്കുന്നതിലൂടെ ഗള്‍ഫ് സുരക്ഷയ്ക്കുള്ള സമീപനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മുമ്പത്തേക്കാളും വലിയ ആവശ്യമുണ്ടെന്ന് അതുകൊണ്ടാണ് ഖത്തര്‍ വിശ്വസിക്കുന്നത്. സമാധാനവും സുസ്ഥിരതയും സൃഷ്ടിക്കുന്നതിനും ഗള്‍ഫ് മേഖലയിലെ സുരക്ഷയ്ക്കായി ഒരു ചട്ടക്കൂടിനായി പ്രവര്‍ത്തിക്കുന്നതിനുമുള്ള ശ്രമങ്ങളെ മുമ്പത്തേക്കാള്‍ കൂടുതല്‍ ഇരട്ടിയാക്കാനുള്ള സമയമാണിപ്പോള്‍.
ഈ സാഹചര്യത്തില്‍, ഇറാന്‍ ഉപയോഗപ്രദവും സമയബന്ധിതവുമായ ഹോപ്പ് എന്ന പേരില്‍ സംരംഭത്തിന് തുടക്കംകുറിച്ചിട്ടുണ്ട്. ഇത് മേഖലയിലെ സമാധാനത്തിന്റെയും സുരക്ഷയുടെയും കേന്ദ്രമായി മാറുമെന്ന് വിശ്വസിക്കുന്നതായും അല്‍ഖാതിര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ചാലിയാര്‍ ദിനം ജനുവരി 11ന്

മേഖലയിലെ നിലവിലെ സാഹചര്യങ്ങളില്‍ ആശങ്കയെന്ന് മന്ത്രിസഭ