
ദോഹ: വ്യാജ കമ്പനികളുടെ പേരില്‍ അനധികൃതമായി ഖത്തര്‍ വീസകള്‍ വില്‍പ്പന നടത്തിയ ഒന്‍പതംഗ സംഘം അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പാണ് വ്യാജ വീസ വില്‍പ്പന സംഘത്തെ പിടികൂടിയത്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21ാം നമ്പര്‍ നിയമത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് സംഘം നടത്തിയത്. ലംഘകരെ പിടികൂടാന്‍ രാജ്യത്തുടനീളമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായതെന്ന് സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പ് ബ്രിഗേഡിയര്‍ അബ്ദുല്ല ജാബര്‍ അല്‍ ലബ്ദ പറഞ്ഞു.
ആഫ്രിക്കന്‍, ഏഷ്യന്‍ സ്വദേശികളാണ് പിടിയിലായത്. വീസ വ്യാപാരത്തിനിടെയാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് സ്റ്റാമ്പുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ബാങ്ക് കാര്‍ഡുകള്‍ എന്നിവയെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കൂടുതല്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കമ്പനി ഉടമസ്ഥര്‍ തങ്ങളുടെ ഖത്തര്‍ ഐഡി അപരിചിതര്‍ക്ക് നല്‍കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കമ്പനി വിവരങ്ങള്‍ കൈവശമുള്ള തൊഴിലാളികള്‍ ജോലിയില്‍ നിന്ന് ഓടി പോയാല്‍ അക്കാര്യം ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.