ഷോട്ട്പുട്ടില്‍ സാറാ മസൂദിന് സ്വര്‍ണം

ദോഹ: പശ്ചിമേഷ്യന്‍ പാരാഗെയിംസില്‍ ഗോള്ബോളില് ഖത്തറിന് സ്വര്‍ണം. ജോര്‍ദ്ദാനിലെ അമ്മാനില്‍ നടന്ന ഗെയിംസില്‍ ഫൈനലില്‍ ഇറാഖിനെ 9-7 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് ഖത്തര്‍ സ്വര്‍ണം നേടിയത്. ടീമിന്റെ പ്രകടനമികവിനെയും സ്വര്ണനേട്ടത്തെയും ഖത്തര്‍ ചീഫ് ഡി മിഷന് ഖാലിദ് അല്ഷെബി അഭിനന്ദിച്ചു.
ആതിഥേയരായ ജോര്‍ദാനും ഖത്തറും ഉള്‍പ്പടെ പന്ത്രണ്ട് രാജ്യങ്ങളിലെ 7000 അത്ലറ്റുകളാണ് പാരാഗെയിംസില്‍ പങ്കെടുത്തത്. കുവൈത്ത്, ലബനാന്, സഊദി അറേബ്യ, സിറിയ, ഇറാഖ്, ഒമാന്‍, ഫലസ്തീന്, യമന്‍, യുഎഇ, ബഹ്റൈന്‍ രാജ്യങ്ങളാണ് മത്സരരംഗത്തുള്ളത്. ഖത്തര്‍ ഗോള്‍ബോള്‍ ടീമിന്റെ ഇറാഖിനെതിരായ ആദ്യമത്സരം സമനിലയിലായിരുന്നു.

10-10 ആയിരുന്നു സ്കോര്‍. തുടര്‍ന്ന് സഊദി അറേബ്യ ഉള്‍പ്പടെയുള്ള ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഖത്തര്‍ ഫൈനലിലെത്തിയത്. കലാശപ്പോരാട്ടത്തില്‍ ഇറാഖിനെയും മറികടക്കുകയായിരുന്നു.
ഖത്തര്‍ ടീം- മുഹമ്മദ് ഹമ്മാം, ഹസ്സം അല്കൂഹജി, അബ്ബാദ് അല്‍ശിമാലി, അബ്ദുല്ല അബു ഫലാസ, അബ്ദുല്‍ഹാദി അല്‍മര്‍റി, മുഹമ്മദ് അല്കഹലൗത്. വനിതകളുടെ ഷോട്ട്പുട്ട് മത്സരത്തില്‍ ഖത്തറിന്റെ സാറാ മസൂദും സ്വര്‍ണം നേടി. ഡിസ്ക്കസ് ത്രോയില്‍ പാരാലിമ്പിക് ചാമ്പ്യന്‍ ഖത്തറിന്റെ അബ്ദുല്റഹ്മാന് അബൂ്ദുല്ഖാദര് വെങ്കലം നേടി.