in

വെസ്റ്റ്‌ബേയില്‍ അല്‍അബ്‌റാജ് പാര്‍ക്ക് തുറന്നു

ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നതിനുള്ള പദ്ധതി തുടങ്ങി

വെസ്റ്റ്‌ബേയിലെ അല്‍അബ്‌റാജ് പാര്‍ക്കിന്റെ ദൃശ്യം

ദോഹ: പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ വെസ്റ്റ്‌ബേയില്‍ അല്‍അബ്‌റാജ് പാര്‍ക്ക് തുറന്നു. അല്‍ഒനൈസയിലാണ് സ്ഥിതി ചെയ്യുന്നത്. ഗോപുരങ്ങള്‍ എന്നര്‍ഥമുള്ള അല്‍അബ്‌റാജിന്റെ രൂപകല്‍പ്പന വിശാലമായ ഒരു മഞ്ഞുതുള്ളിയെപ്പോലെയാണ്. സെന്‍ട്രല്‍ സീറ്റിംഗ് ഏരിയ ഉള്‍പ്പെടുത്തുന്നതിനായി പാര്‍ക്കിന്റെ മധ്യഭാഗത്ത് സവിശേഷമായ രൂപകല്‍പ്പനയുണ്ട്.

കാല്‍നടപ്പാതകള്‍, സൈക്കിള്‍ പാതകള്‍ എന്നിവപോലുള്ള ബാക്കി ഘടകങ്ങള്‍ അതിനെ ചുറ്റുന്ന വിധത്തിലാണ് തയാറാക്കിയിരിക്കുന്നത്. പരിപാടികള്‍ നടത്തുന്നതിനായി ഹരിതാഭമായ പ്രദേശം, വ്യായാമ മേഖല, പുനസംസ്‌കരിച്ച റബ്ബറും പ്രാദേശിക ഖത്തരി വസ്തുക്കളും ഉപയോഗിച്ചു നിര്‍മിച്ച നടപ്പാത, കഫറ്റീരിയ, ടോയ്‌ലറ്റുകള്‍, മരത്തണലിലെ സീറ്റുകള്‍, മരനിര്‍മിത പെര്‍ഗോളകള്‍ എന്നിവയും പാര്‍ക്കിലുണ്ട്.

5800 സ്‌ക്വയര്‍മീറ്ററാണ് പാര്‍ക്കിന്റെ വിസ്തീര്‍ണം, 130 വ്യത്യസ്തമാര്‍ന്ന മരങ്ങളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. 240 സ്‌ക്വയര്‍മീറ്റര്‍ കുറ്റിച്ചെടികളും 3500 സ്‌ക്വയര്‍മീറ്റര്‍ പച്ചപ്പുല്ലുംവിരിച്ചിട്ടുണ്ട്. പാര്‍ക്കിന്റെ പ്രധാന ജോലികളെല്ലാം പൂര്‍ത്തിയായി. ചെറിയജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഖത്തറിലെ നിരത്തുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവല്‍ക്കരിക്കുന്നതിനും കുട്ടികളുടെ നേതൃത്വത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുമുള്ള കാമ്പയിന് തുടക്കംകുറിച്ചുകൊണ്ടാണ് പുതിയ പാര്‍ക്ക് തുറന്നത്.

ഖത്തര്‍ പദ്ധതികളിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയാണ് കാമ്പയിന്‍ നടപ്പാക്കുന്നത്. കാമ്പയിന്റെ ഒന്നാംഘട്ടത്തിന് കഴിഞ്ഞദിവസം ഔദ്യോഗികമായി തുടങ്ങി. നിരവധി പദ്ധതികളുടെ രൂപകല്‍പ്പനയും നടപ്പാക്കലും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ പാതകളുടെയും നിര്‍മ്മാണം, ഹരിത പ്രദേശങ്ങളുടെ നിര്‍മ്മാണവും പരിപാലനവും, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, സുപ്രധാന മേഖലകളുടെ വികസനം, രാജ്യമെമ്പാടും കലാസൃഷ്ടികള്‍ ചേര്‍ക്കല്‍ എന്നിവയെല്ലാം കാമ്പയിന്റെ ഭാഗമാണ്.

മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ കുടക്കീഴിലും ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയം, കായിക സാംസ്‌കാരിക മന്ത്രാലയം, ഖത്തര്‍ മ്യൂസിയംസ്, ഖത്തര്‍ റെയില്‍വേ കമ്പനി, പ്രൈവറ്റ് എന്‍ജിനിയറിങ് ഓഫീസ് എന്നിവയുള്‍പ്പെടെ രാജ്യത്തെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും മന്ത്രാലയങ്ങളുമായും ഏകോപിപ്പിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

അല്‍അബ്‌റാജ് പാര്‍ക്കിന്റെ ഉദ്ഘാടനചടങ്ങില്‍ അശ്ഗാല്‍ പ്രസിഡന്റ് ഡോ.എന്‍ജിനിയര്‍ സാദ് ബിന്‍ അഹമ്മദ് അല്‍മുഹന്നദി, സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ എന്‍ജിനിയര്‍ മുഹമ്മദ് അര്‍ഖൗബ് അല്‍ഖാലിദി, ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ എന്‍ജിനിയര്‍ ജമാല്‍ മതാര്‍ അല്‍നുഐമി, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പൊതുപാര്‍ക്ക് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അലിഅല്‍ഖൗരി, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ജാസിം ബിന്‍ നജേം അലിഅല്‍ഖുലൈഫി, സൂപ്പര്‍വൈസറി കമ്മിറ്റി സെക്രട്ടറി എന്‍ജിനിയര്‍ അമ്‌ന അല്‍ബാദര്‍ എന്നിവര്‍ പങ്കെടുത്തു.

ഭാവിതലമുറകള്‍ക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഹരിത പ്രദേശങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അമീറിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തനമെന്ന് അശ്ഗാല്‍ പ്രസിഡന്റ് പറഞ്ഞു. കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ പാതകളുടെയും സംയോജിതവും സുരക്ഷിതവുമായ ഒരു ശൃംഖല കെട്ടിപ്പടുക്കുക, മരങ്ങള്‍ നട്ടുപിടിപ്പിക്കുക, ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുക, ദോഹ സൗന്ദര്യവല്‍ക്കരണം, കോര്‍ണീഷ് വികസനം എന്നിവ ഉള്‍പ്പടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.

പവര്‍ സ്റ്റേഷനുകള്‍ പോലുള്ള മറ്റുചില മേഖലകള്‍ ഹരിത പ്രദേശങ്ങളാക്കി മാറ്റും. ഖത്തര്‍ കലാകാരന്മാരെ ഉള്‍പ്പെടുത്തി അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ദോഹ നഗരത്തിനുള്ളില്‍ ഒരു സ്ഥലം അനുവദിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംരംഭം നടപ്പാക്കും. ഖത്തര്‍ മ്യൂസിയംസ്, കായിക സാംസ്‌കാരിക മന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണിത്.

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക, വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതിക മൂല്യങ്ങള്‍ വളര്‍ത്തുക, പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമയാണെന്ന് ഊന്നിപ്പറയുക തുടങ്ങിയവയാണ് കാമ്പയിന്‍ ലക്ഷ്യം. അഹമ്മദ് മന്‍സൂര്‍ എലിമെന്ററി ബോയ്‌സ് സ്‌കൂളിലെ 30 വിദ്യാര്‍ഥികളുമായി ചേര്‍ന്ന് 25 മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ചടങ്ങിലും അശ്ഗാല്‍ പ്രസിഡന്റ് പങ്കാളിയായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആഗോളകായിക മേഖലയില്‍ ദോഹക്ക് സുപ്രധാന സ്ഥാനം: ശൈഖ് ജുആന്‍

നാലാമത് പ്രവാചക കവിതാമത്സരം: വിജയികളെ പ്രഖ്യാപിച്ചു