ദോഹ: മൂന്നാമത് രാജ്യാന്തര വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനം സുഹൈല്‍ 2019ന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ പ്രൗഢമായ തുടക്കം. ആദ്യദിനത്തില്‍തന്നെ പ്രദര്‍ശനനഗരിയിലെ വിവിധ പവലിയനുകള്‍ സന്ദര്‍ശകരെ വലിയതോതില്‍ ആകര്‍ഷിച്ചു. ഇത്തരത്തില്‍ മിഡില്‍ഈസ്റ്റിലും ലോകത്തിലും നടക്കുന്ന ഏറ്റവും വലിയ പ്രദര്‍ശനമാണിത്.

ഫാല്‍ക്കണ്‍ വേട്ടയ്ക്കുപയോഗിക്കുന്നതുള്‍പ്പടെയുള്ള ആയുധങ്ങളുടെ വിഭാഗത്തില്‍ വേറിട്ട കാഴ്ചകളാണുള്ളത്. ചെറിയ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, വേട്ട ഉപകരണങ്ങള്‍, ഷൂട്ടിങ് അനുബന്ധ ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് ഈ വിഭാഗത്തിലുള്ളത്. പക്ഷികളുടെയും വേട്ട ഉത്പന്നങ്ങളുടെയും പവലിയനുകളും ആകര്‍ഷകമാണ്.

ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയുള്ള ദൈനംദിന ഫാല്‍ക്കണ്‍ ലേലമാണ് ഇത്തവണത്തെ പ്രത്യേകത. ആദ്യദിനത്തില്‍ തന്നെ മികച്ച പ്രതികരണം നേടാനായതില്‍ ആഹ്ലാദമുണ്ടെന്ന് കത്താറ ജനറല്‍ മാനേജറും സുഹൈല്‍ പ്രദര്‍ശനത്തിന്റെ സംഘാടകസമിതി ചെയര്‍മാനുമായ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി പറഞ്ഞു. സുഹൈല്‍ പ്രദര്‍ശനം സെപ്തംബര്‍ ഏഴുവരെ തുടരും.
10,000 സ്‌ക്വയര്‍മീറ്ററിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ 20ലധികം രാജ്യങ്ങളില്‍നിന്നായി 140ലധികം അറബ് രാജ്യാന്തര കമ്പനികളുടെയും ബ്രിട്ടീഷ് ഗെയിംഫെയര്‍ ഫെസ്റ്റിവലിന്റെയും പങ്കാളിത്തമുണ്ട്. വേറിട്ട ഡിസൈനില്‍ നൂതനമായ രീതിയിലാണ് വേദി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വേട്ടസീസണ്‍, ഫാല്‍ക്കണറി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സുഹൈല്‍ എന്നപേര്. വേട്ട ആയുധങ്ങളുടെ വില്‍പ്പന, ഉപയോഗം എന്നിവ സംബന്ധിച്ചുള്ള വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്.

ഫാല്‍ക്കണറി, വേട്ട മേഖലകളില്‍ ഊന്നല്‍നല്‍കുന്ന വിവിധ സ്ഥാപനങ്ങളുടെ സജീവപങ്കാളിത്തവും സുഹൈലിലുണ്ട്. പ്രദര്‍ശനത്തിലെ മികച്ച ഫാല്‍ക്കണ്‍ ഹുഡിന് പ്രതിദിനം 3000 ഡോളര്‍ റിവാര്‍ഡ് നല്‍കും. രണ്ടാം സ്ഥാനത്തിന് 2000 ഡോളറും മൂന്നാം സ്ഥാനത്തിന് 1000 ഡോളറും നല്‍കും.
മികച്ച ബൂത്തിന് പ്രതിദിനം 20,000 റിയാല്‍ സമ്മാനം നല്‍കും. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി പത്തുവരെയാണ് പ്രദര്‍ശന സമയം. വെള്ളിയാഴ്ച ഉച്ചക്കുശേഷം മുന്നു മുതല്‍ രാത്രി പതിനൊന്നുവരെയാണ് പ്രവേശനം. ഫാല്‍ക്കണുകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും മനസിലാക്കുന്നതിനും വിവിധയിനം ഫാല്‍ക്കണുകളുടെ നേരിട്ടു കാണുന്നതിനും പ്രദര്‍ശനം സഹായികമാണ്.

പ്രാദേശിക, രാജ്യാന്തര പ്രതിനിധികള്‍ക്കുപുറമെ വേട്ടയ്ക്കുള്ള വാഹനങ്ങള്‍, ഉപകരണങ്ങള്‍, ടൂളുകള്‍ വിതരണം ചെയ്യുന്നവര്‍, ഫാല്‍ക്കണ്‍ സംബന്ധിയായസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പങ്കാളിത്തവുമുണ്ട്. ഫാല്‍ക്കണ്‍ വെറ്റിനറി ക്ലിനിക്കുകള്‍ ഇത്തവണയും പ്രദര്‍ശനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
വേട്ട, ഫാല്‍ക്കണറി രംഗത്തെ വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക പൈതൃകം മനസിലാക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. ഈ രാജ്യങ്ങളില്‍ വേട്ടയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കും.

പ്രതിദിന പക്ഷിലേലം, ഹണ്ടിങ് ഫാല്‍ക്കണറി പ്രദര്‍ശനം, കവിതാസായാഹ്നം,ഫാല്‍ക്കണുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍, കുട്ടികള്‍ക്ക് പരിശീലനം എന്നിവയുള്‍പ്പടെയുള്ള പരിപാടികളും നടന്നുവരുന്നു. പ്രാദേശിക ഫാമുകള്‍, വിവിധ രാജ്യങ്ങളിലെ ഫാമുകളില്‍നിന്നുമായി വിവിധയിനങ്ങളില്‍പ്പെട്ട ഫാല്‍ക്കണുകളുടെ പ്രദര്‍ശനം എന്നിവയും മുഖ്യ ആകര്‍ഷകമാണ്.