
ദോഹ: വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികളുടെ വിസ്മയക്കാഴ്ചകളുമായി ‘സമ്മര്‍ ഇന്‍ ഖത്തര്‍’ സീസണിന് ജൂണ്‍ നാലിന് തുടക്കമാകും. ഓഗസ്റ്റ് 16വരെയാണ് ആഘോഷപരിപാടികള്‍. സ്വദേശികള്‍, പ്രവാസികള്‍, വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി വ്യത്യസ്തമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുക. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വൈവിധ്യമാര്‍ന്ന ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളുണ്ടാകും.
പ്രാദേശിക, മേഖലാ, രാജ്യാന്തര കലാകാരന്‍മാരുടെ നേതൃത്വത്തില്‍ വിനോദപരിപാടികള്‍, വിദ്യാഭ്യാസ വിനോദപരിപാടികള്‍, വേനല്‍- കായിക ക്യാമ്പുകള്‍, പ്രത്യേക ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ഷോപ്പിങ് പ്രമോഷനുകള്‍ എന്നിവയെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറലും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒയുമായ അക്ബര്‍ അല്‍ബാകിര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകാന്‍ പര്യാപ്തമായ പരിപാടികളുണ്ടാവുക. ദോഹയില്‍നിന്നും 160ലധികം കേന്ദ്രങ്ങളിലേക്ക് മേയ് 15 മുതല്‍ ഖത്തര്‍ എയര്‍വേയ്‌സ് 25ശതമാനം വരെ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 30നും ഓഗസ്റ്റ് 16നുമിടയില്‍ യാത്ര ചെയ്യാം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന നവീനവും വ്യത്യസ്തവുമായ വിനോദ പരിപാടികളും ഗെയിം ഷോകളുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കുടുംബ സൗഹൃദപരിപാടികളാല്‍ ശ്രദ്ധ നേടാന്‍ മുന്‍വര്‍ഷങ്ങളില്‍ വേനല്‍ ആഘോഷത്തിനു കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ വിപുലമായ രീതിയിലാണ് ഇത്തവണത്തെ പരിപാടികള്‍.
ഹോട്ടലുകളും ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകളും 25ശതമാനം വരെ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ നാലു മുതല്‍ ഓഗസ്റ്റ്16വരെയായിരിക്കും ഓഫര്‍. കത്താറ ഹോസ്പിറ്റാലിറ്റി, അല്‍റയ്യാന്‍ ഹോസ്പിറ്റാലിറ്റി ഹോട്ടലുകള്‍, മാരിയറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലുകള്‍ എന്നിവ ആഘോഷങ്ങളില്‍ ഭാഗമാകുന്നുണ്ട്. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലാണ് സമ്മര്‍ ഫെസ്റ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ വിനോദനഗരം.
കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് വിനോദനഗരം സജ്ജമാക്കുന്നത്. ഇന്‍ഡോര്‍ തീം പാര്‍ക്കുകള്‍, എജ്യുറ്റെയിന്‍മെന്റ് പാര്‍ക്കുകള്‍ എന്നിവയും ഇത്തവണ ആഘോഷങ്ങളുടെ ഭാഗമാണ്. ദോഹ ഫെസ്റ്റിവല്‍സിറ്റിയില്‍ മൂന്ന് നൂതനമായ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പാര്‍ക്കുകള്‍ സംവിധാനിച്ചിട്ടുണ്ട്. സൂഖ് വാഖിഫിലും കത്താറ കള്‍ച്ചറല്‍ വില്ലേജിലും വിപുലമായ ഈദുല്‍ഫിത്വര്‍, ഈദുല്‍അദ്ഹ ആഘോഷങ്ങളുണ്ടാകും.
ഒന്‍പത് മാളുകള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. ഇവിടങ്ങളില്‍ പ്രത്യേക വിനോദ ഷോകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയുണ്ടാകും. സൗജന്യ മേക്കപ്പ്, ഫിറ്റ്‌നസ് ക്ലാസുകളുണ്ടാകും. മാളുകളില്‍ ഡിസ്‌ക്കൗണ്ടും സ്‌പെഷ്യല്‍ പ്രമോഷനുകളുമുണ്ടാകും. 20ലക്ഷം റിയാല്‍ മൂല്യമുള്ള ക്യാഷ് പ്രൈസുകളിലൊന്നോ കാറോ സ്വന്തമാക്കുന്നതിനായി റാഫിള്‍ ഡ്രോയില്‍ പങ്കെടുക്കുന്നതിനു അവസരമുണ്ടാകും.