
അല്‍ഹമ്മാദി വിലയിരുത്തുന്നു
ദോഹ: രാജ്യത്തെ പ്രധാനപ്പെട്ട വേനല്‍ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അല്‍ഹമ്മാദി നേരിട്ട് വിലയിരുത്തി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സമ്മര്‍ ക്യാമ്പുകളില്‍ ഒരുക്കിയിട്ടുള്ള സാങ്കേതിക, ശാസ്ത്ര, സാംസ്കാരിക, കായിക പരിപാടികളാണ് പ്രധാനമായും വിലയിരുത്തിയത്.
ഉംസലാല്‍ അലിയിലെ ബര്‍സാന്‍ യൂത്ത് സെന്ററില്‍ വിദ്യാഭ്യാസമന്ത്രി ബുധനാഴ്ച സന്ദര്‍ശനം നടത്തി. സെന്ററിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. വേനല്കേന്ദ്രങ്ങളിലെ പരിപാടികളുടെ പുരോഗതിയും പ്രോഗ്രാമുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന പ്രയോജനത്തെക്കുറിച്ചും വിദ്യാഭ്യാസമന്ത്രിയോടു വിശദീകരിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമ്മര്‍ക്യാമ്പുകള്‍ ജൂലൈ പതിനാലിനാണ് തുടങ്ങിയത്. ഓഗസ്റ്റ് എട്ടുവരെ തുടരും. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പതിനാല് സമ്മര്‍ സെന്ററുകളിലായി വിവിധങ്ങളായ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയത്തിലെ പ്രോഗ്രാംസ് ആന്റ് ആക്ടിവിറ്റീസ് മേധാവി ഫാത്തിമ യൂസുഫ് അല്‍ഉബൈദലി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏഴു സമ്മര്‍ സെന്ററുകള്‍ ആണ്‍കുട്ടികള്‍ക്കും ഏഴെണ്ണം പെണ്കുട്ടികള്ക്കുമായാണ് നീക്കിവെച്ചിരിക്കുന്നത്. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ മാഡ അസിസ്റ്റീവ് ടെക്നോളജി സെന്ററിന്റെ സഹകരണത്തോടെ പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കായി അല്‍ഗറാഫ ക്ലബ്ബ് സെന്റര്‍ ഫോര്‍ ബോയ്സിലും അല്റിസാല ഇന്‍ഡിപെന്‍ഡന്റ് സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സിലും പരിപാടികളുണ്ട്.
വിദ്യാര്‍ഥികളെ പിന്തുണക്കുന്നതില് പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ക്കായി വിനോദ വിജ്ഞാന പരിപാടികള്‍ വേനലിലുടനീളം സംഘടിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ഒഴിവുസമയം ഗുണപരമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം.
വിനോദത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ പരിപാടികളാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. ടെക്നോളജി, ശാസ്ത്രം, കല, കായികം തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ദ്ധരും വിദ്യാഭ്യാസ വിചക്ഷണരുമാണ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തത്. വിദ്യാര്‍ഥികളുടെ ശേഷിയും വൈദഗ്ദ്ധ്യവും വികസിപ്പിക്കുകയെന്നതും ഗവേഷണ, പര്യവേഷണ മേഖലയില്‍ അഭിനിവേശം വളര്‍ത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുകയെന്നതും ലക്ഷ്യം.
ഫീല്‍ഡ് ട്രിപ്പുകള്‍ക്കു പുറമെ വിദ്യാഭ്യാസം, വിനോദം, കായികം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ വിവിധപ്രവര്‍ത്തനങ്ങളും സമ്മര്‍ ക്യാമ്പുകളിലുണ്ട്. ആറു മുതല്‍ പതിനെട്ട് വയസുവരെ പ്രായമുള്ള പബ്ലിക് സ്കൂളുകളിലെ ഖത്തരി, നോണ്‍ ഖത്തരി വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ സ്കൂളുകളിലെ ഖത്തരി വിദ്യാര്‍ഥികള്‍ക്കുമാണ് സമ്മര്‍ ക്യാമ്പിന്റെ പ്രയോജനം ലഭിക്കുക.