in

വേറിട്ട ദൃശ്യാനുഭവമായി ആസ്പയര്‍ തടാകോത്സവം

ഔദ്യോഗിക ദുഖാചരണം;
ഇന്നലത്തെ ഷോ റദ്ദാക്കി

ദോഹ: കാഴ്ചക്കാര്‍ക്ക് വൈവിധ്യമാര്‍ന്ന ദൃശ്യാനുഭവം സമ്മാനിച്ച് ആസ്പയറിന്റെ മൂന്നാമത് തടാകോത്സവം. കാണികള്‍ക്ക് ആവേശത്തിന്റെയും വിസ്മയത്തിന്റെയും മാന്ത്രികാനുഭവം സമ്മാനിക്കുന്നതായികുന്നു ആസ്പയര്‍ തടാകത്തിനുചുറ്റുമായി വെള്ളിയാഴ്ച നടന്ന ഉത്സവം. ആസ്പയര്‍ ടവറില്‍ നടന്ന വര്‍ണാഭമായ വെടിക്കെട്ട് ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.
വെള്ളിയാഴ്ച രാത്രി ഏഴിനായിരുന്നു തടാകോത്സവം. ഷോ തുടങ്ങുന്നതിനു മുമ്പുതന്നെ ആസ്പയര്‍ തടാകത്തിനു ചുറ്റുമുള്ള ഗ്യാലറികള്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ആസ്വദിക്കാനുതകുന്ന വിധത്തിലായിരുന്നു പരിപാടിയുടെ ക്രമീകരണം. ജീവന്റെ വൃക്ഷം എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ തടാകോത്സവം. പൊതുജനങ്ങള്‍ക്കായി ഗേറ്റുകള്‍ വൈകുന്നേരം അഞ്ചിനു തുറന്നു. അരമണിക്കൂറോളം നീണ്ട പരിപാടിയില്‍ സമാധാനം, സ്‌നേഹം, കുടുംബം, സന്തോഷം എന്നിവയെക്കുറിച്ചുള്ള നിരവധി കഥകള്‍ വര്‍ണ ദൃശ്യ വിന്യാസങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചു. തടാകത്തിന്റെ മധ്യഭാഗത്ത് വിവിധതരം പ്രകാശരൂപങ്ങള്‍ അവതരിച്ചത് കാണികളെ രസിപ്പിച്ചു. ദോഹ നഗരത്തിന്റെ വളര്‍ച്ചയും വികാസവും ഷോയിലൂടെ ദൃശ്യമായി. സംഗീത വിനോദ പരിപാടികള്‍ക്കൊപ്പം വെടിക്കെട്ടും ചേര്‍ന്നതോടെ ആസ്പയര്‍ പ്രഭാപൂരിതമായി. ലോകനിലവാരത്തിലുള്ള ഷോ പ്രേക്ഷകരെ ആശ്ചര്യങ്ങളും വിനോദങ്ങളും ആവേശവും നിറഞ്ഞ ഒരു മാന്ത്രിക യാത്രയിലേക്ക് എത്തിക്കുന്ന അനുഭവമാണ് സമ്മാനിച്ചത്. ‘സമാധാനത്തിനായി മെഴുകുതിരി കത്തിക്കുക’ സ്‌നേഹത്തിനായി മെഴുകുതിരി കത്തിക്കുക ‘എന്ന വരികള്‍ക്കൊപ്പം ഒരു കൂട്ടം കുട്ടികള്‍ സംഗീതപരിപാടി അവതരിപ്പിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. കുട്ടികള്‍ വെള്ള ബലൂണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തിയത് മനോഹരമായ കാഴ്ചയായി. കണ്ണുകള്‍ക്ക് വിരുന്നായിരുന്നു തടാകോത്സവമെന്ന് കാഴ്ചക്കാര്‍ പ്രതികരിച്ചു. കുട്ടികളും കുടുംബങ്ങളുമായി നിരവധിപേരാണ് തടാകോത്സവം ആസ്വദിക്കാനെത്തിയത്. ഫെസ്റ്റിവലിനോടനുബന്ധിച്ച് ഭക്ഷ്യോത്പന്നങ്ങളും പ്രാദേശിക ഉത്പന്നങ്ങളും വില്‍പ്പന നടത്തുന്നതിനായി സ്റ്റാളുകള്‍, കുടുംബങ്ങള്‍ക്ക് ആസ്വദിക്കുന്നതിനായി വിവിധ പരിപാടികള്‍ എന്നിവയും ക്രമീകരിച്ചിരുന്നു.
വിനോദസഞ്ചാരവും ഒഴിവുകാല വിനോദ മേഖലയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒഴിവുസമയങ്ങള്‍ ചെലവഴിക്കാന്‍ കുടുംബങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ മുന്‍നിരയില്‍ തന്നെ ഇടംനേടാന്‍ ഇതിനോടകം ആസ്പയര്‍ പാര്‍ക്കിന് കഴിഞ്ഞിട്ടുണ്ട്. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ വാര്‍ഷിക കലണ്ടര്‍ പരിപാടികളുടെ ഭാഗമായിക്കൂടിയാണ് തടാകോത്സവം. ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഔദ്യോഗിക ദുഖാചരണത്തിന്റെ ഭാഗമായി ശനിയാഴ്ചയിലെ ഷോ റദ്ദാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്തദാനവും സംഘടിപ്പിക്കുന്നു

ഐസിസി സംഗീതപരിപാടി സംഘടിപ്പിച്ചു