in ,

വൈക്കം മുഹമ്മദ് ബഷീര്‍ പുസ്തക രൂപത്തില്‍ ആദ്യമായി അറബിയിലേക്ക്; വിവര്‍ത്തകനായി സുഹൈല്‍വാഫി

അശ്‌റഫ് തൂണേരി/ദോഹ

കഥകളുടെ ഇതിഹാസം വൈക്കം മുഹമ്മദ് ബഷീറിന്റെ രചന പൂസ്തക രൂപത്തില്‍ ആദ്യമായി അറബ് ഭാഷയിലേക്ക്. വിവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ യുവ മലയാളി എഴുത്തുകാരന്‍ ഖത്തര്‍ പ്രവാസിയായ സുഹൈല്‍ അബ്ദുല്‍ഹക്കീം വാഫിയാണ് വിഖ്യാത നോവല്‍ ബാല്യകാലസഖിയുടെ അറബ് വിവര്‍ത്തനത്തിലൂടെ ആ ചരിത്ര ദൗത്യം നിര്‍വ്വഹിക്കുന്നത്.

ബുക്കര്‍ പ്രൈസ് നേടിയ നോവലുകളടക്കം പ്രസിദ്ധീകരിച്ച അറബ് സാഹിത്യ ലോകത്തെ പ്രശസ്ത പ്രസാധകര്‍ ബൈറൂത്തിലെ അറബ് സൈന്റിഫിക് പബ്ലിഷേഴ്‌സ് ആണ് ‘റഫീഖത്തു അസ്സിബാ’ എന്ന പേരില്‍ തര്‍ജ്ജമ പുറത്തിറക്കുക. മൂന്നാഴ്ചകള്‍ക്കകം കൃതി പ്രസിദ്ധീകൃതമാവും.

ചില കഥകളുടേയും മറ്റും അറബ് പരിഭാഷ വന്നിട്ടുണ്ടെങ്കിലും അറബിയില്‍ ആദ്യമായാണ് പുസ്തക രൂപത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ വരുന്നതെന്ന് ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. മികച്ച പരിഭാഷകനേയും ഒപ്പം പ്രശസ്തരായ പ്രസാധകരേയും ലഭ്യമായപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും അറബ് വായനക്കാരില്‍ ബഷീര്‍ കൂടുതല്‍ വായിക്കപ്പെടുമെന്ന ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റലി ഭാഷകളില്‍ ബഷീര്‍ കൃതികള്‍ പുറത്തിറങ്ങിയിട്ടുണ്ട്. മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളിലും ബഷീര്‍ രചനകള്‍ ലഭ്യമാണ്. ഇമ്മിണി ബല്യൊരു സന്തോഷമാണ് തനിക്ക് ഈ പരിഭാഷ നിര്‍വ്വഹിക്കുന്നതിലൂടെ ലഭിക്കുന്നതെന്നും നമ്മുടെ സുല്‍ത്താനെ അറബികള്‍ക്ക് പരിചയപ്പെടുത്താന്‍ കഴിയുന്നതില്‍ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്നും പരിഭാഷകനായ സുഹൈല്‍ വാഫി പറഞ്ഞു.
ദുബൈയില്‍ സ്വതന്ത്രകലാകാരനായി പ്രവര്‍ത്തിക്കുന്ന കോതമംഗലം സ്വദേശി ജലാല്‍ അബൂസാമായാണ് ബൈറൂത്തിലെ സയന്റിഫിക് പബ്ലിക്കേഷന്‍സിന് വേണ്ടി കവര്‍ വരച്ചിരിക്കുന്നത്. കവര്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
ജീവിതത്തില്‍ നിന്നു വലിച്ചു ചീന്തിയ ഒരേടാണെന്നും വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നുവെന്നും പ്രമുഖ വിമര്‍ശകന്‍ എം പി പോള്‍ വിശേഷിപ്പിച്ച ബാല്യകാലസഖിയുടെ ആദ്യപതിപ്പിറങ്ങിയത് 1944-ലാണ്. മജീദും സുഹറയും അവരുടെ ജീവിതം പറയുന്ന പ്രണയ നോവല്‍ 1967-ല്‍ പി ഭാസ്‌കരനും 2014-ല്‍ പ്രമോദ് പയ്യന്നൂരും സിനിമയാക്കിയിരുന്നു.

ബെന്യാമീന്റെ ആടുജീവിതം അറബിയിലേക്ക് അയ്യാമുല്‍ മാഇസ് എന്ന പേരില്‍ മൊഴിമാറ്റിയ സുഹൈല്‍ വാഫിയുടെ രണ്ടാമത് രചന അല്‍അറബിയ്യ ബൈനല്‍ ഫുസ്ഹി വല്‍ആമിയ്യ (അറബി;എഴുത്ത് ഭാഷയും സംസാരഭാഷയും) അറബ് ഭാഷയെക്കുറിച്ചുള്ള വ്യത്യസ്തമായ പഠനമായിരുന്നു. ആടുജീവിതത്തിന്റെ അറബ് പരിഭാഷയുടെ മൂന്നാം പതിപ്പ് ഈയ്യിടെ പുറത്തിറങ്ങുകയുണ്ടായി. പ്രമുഖ ഇസ്്‌ലാമിക പണ്ഡിതനും വാഫി കോളെജുകളുടെ കോഡിനേറ്ററുമായ അബ്്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരിയുടെ മകനാണ് സുഹൈല്‍ വാഫി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദായേന്‍ മുനിസിപ്പാലിറ്റിയില്‍ ഭക്ഷ്യഔട്ട്‌ലെറ്റുകളില്‍ പരിശോധന

ഫോക്കസ് ഖത്തര്‍ കേന്ദ്ര കമ്മറ്റിക്ക് പുതിയ നേതൃത്വം