
ദോഹ: വൊഡാഫോണ്‍ ഖത്തര്‍ ഉപഭോക്താക്കള്‍ക്കായി പുതിയ 5ജി സേവനം അവതരിപ്പിച്ചു. 5ജി സിഗ്‌നലുകളെ വേഗത്തിലുള്ള വൈഫൈ സിഗ്‌നലുകളിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ഹുവൈ 5 ജി മൊബൈല്‍ വൈഫൈ പ്രോ ഡിവൈസാണ് അവതരിപ്പിച്ചത്. ഇതിലൂടെ 5ജി സൗകര്യമില്ലാത്ത നിലവിലെ ഫോണുകളിലും മറ്റുപകരണങ്ങളിലും 5ജി സേവനം ആസ്വദിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. 1799 ഖത്തര്‍ റിയാലാണ് വില. വൊഡാഫോണ്‍ ഖത്തറിന്റെ തെരഞ്ഞെടുത്ത റീട്ടെയില്‍ സ്‌റ്റോറുകളിലും ഓണ്‍ലൈന്‍ ഷോപ്പിലും ഇത് ലഭ്യമാണ്. വ്യക്തിഗത, ഓഫീസ്, ബിസിനസ്സ്, യാത്ര, ഔട്ട്ഡോര്‍ ഉപയോഗത്തിന് അനുയോജ്യമാണ്. മൊബൈല്‍ വൈഫൈ ഒതുക്കമുള്ളതും കൊണ്ടുപോകാന്‍ എളുപ്പമുള്ളതുമാണ്. ഹ്രസ്വമായ ബാറ്ററി ലൈഫ്, ദ്രുത വൈദ്യുതി ഉപഭോഗം, അമിതമായി ചൂടാകല്‍, അസ്ഥിരമായ സിഗ്‌നലുകള്‍, പരിമിതമായ കണക്ഷനുകള്‍ എന്നിവ പോലുള്ള പരമ്പരാഗത മൊബൈല്‍ ഫോണ്‍ ഹോട്ട്സ്പോട്ടുകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാനും പുതിയ ഡിവൈസിലൂടെ സാധിക്കും. ബലോംഗ് 5000 ചിപ്സെറ്റ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ ഡിവൈസില്‍ 1.65 ജിബിപിഎസ് ഡൗണ്‍ലോഡ് നിരക്ക് നേടാന്‍ കഴിയും. 5ജി വിന്യാസത്തിലും വാണിജ്യ ലഭ്യതയിലും വൊഡാഫോണ്‍ ഖത്തര്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. കമ്പനിയുടെ വിപുലമായ 5 ജി നെറ്റ്വര്‍ക്കില്‍ രാജ്യത്തുടനീളമുള്ള പ്രധാന സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്നു.