
ദോഹ: വൊഡാഫോണ്‍ ഖത്തര്‍ പ്രഥമ സര്‍പ്പിത ഐഒടി(ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്) നെറ്റ്‌വര്‍ക്കിന് തുടക്കംകുറിച്ചു. ദോഹയുടെ 70ശതമാനം മേഖലകളിലും 5ജിന നെറ്റ് വര്‍ക്ക് വിന്യസിച്ചതിന്റെ തുടര്‍ച്ചായാണ് ഐഒടി നെറ്റ്‌വര്‍ക്കും വിപുലീകരിക്കുന്നത്. രാജ്യത്തൊട്ടാകെ നാരോബാന്‍ഡ്(എന്‍ബി)-ഐഒടി നെറ്റ്‌വര്‍ക്കിനാണ് തുടക്കംകുറിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഐഒടി ഡിവൈസുകളും സേവനങ്ങളും പ്രാപ്തമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ലോ പവര്‍ വൈഡ് ഏരിയ നെറ്റ്വര്‍ക്ക് ടെക്‌നോളജി(എല്‍പിഡബ്ല്യുഎ)യാണ് എന്‍ബി-ഐഒടി. മികച്ച ഇന്‍ഡോര്‍ കവറേജും ആഴത്തിലുള്ള ഭൂഗര്‍ഭ വ്യാപനവുമാണ് ഇതിന്റെ സവിശേഷത. ചുരുങ്ങിയ ചെലവില്‍ നിരവധി കണക്ഷനുകള്‍ ഇതിലൂടെ നല്കാനാവും.
കുറഞ്ഞ ഉപകരണ വൈദ്യുതി ഉപഭോഗം കാരണം ബാറ്ററികളുടെ ആയുസ്സ് പത്തുവര്‍ഷംവരെയായിരിക്കും. ഇന്നു തുടങ്ങുന്ന ഖത്തര്‍ ഐടി പ്രദര്‍ശനം ക്വിറ്റ്‌കോമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ എന്ന നിലയില്‍ വൊഡാഫോണ്‍ ഖത്തര്‍ തങ്ങളുടെ സ്മാര്‍ട്ട് സിറ്റി എന്‍ബി-ഐഒടി സൊലൂഷനുകള്‍ പ്രദര്‍ശിപ്പിക്കും. എന്‍ബി-ഐഒടി സ്മാര്‍ട്ട്‌സിറ്റി ആ്പ്ലിക്കേഷനുകൡല്‍ മാത്രമല്ല പ്രകടമാകുന്നത്. മറ്റു മേഖലകളിലും പരിവര്‍ത്തനം സാധ്യമാക്കാനാകും. ഗ്യാസ്, വാട്ടര്‍ മീറ്ററിംഗ് ഉപയോഗിച്ച് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും മാലിന്യങ്ങള്‍ കുറയ്ക്കുകയും ചെയ്യാനാകും.
സ്മാര്‍ട്ട് മീറ്റര്‍ ഉപഭോഗ ട്രാക്കിംഗും പൈപ്പ്‌ലൈന്‍ നിരീക്ഷണവും ഉള്‍പ്പെടെ സാധ്യമാകും. സ്മാര്‍ട്ട് കെട്ടിടങ്ങളുടെ കാര്യത്തില്‍ കണക്റ്റുചെയ്ത സ്‌മോക്ക് ഡിറ്റക്ടറുകള്‍ വഴി കെട്ടിട സുരക്ഷയും സംഭവ പ്രതികരണ സമയവും വര്‍ദ്ധിപ്പിക്കാനാകും. തീപിടുത്തമുണ്ടായാല്‍ ബാറ്ററി പരിശോധനയും തത്സമയ അലേര്‍ട്ടുകളും ഉള്‍പ്പെടെ സാധിക്കും.
ആരോഗ്യമേഖലയിലെ പുരോഗതിക്കും എന്‍ബി-ഐഒടി സഹായകമാണ്. രോഗിയുടെ ആരോഗ്യ നിരീക്ഷണം, അടിയന്തര ഉപകരണ നിരീക്ഷണം, രോഗി കൈമാറ്റ ട്രാക്കിങ് എന്നിവ സാധ്യമാകും. കാര്‍ഷിക മേഖലയില്‍ മൃഗസംരക്ഷണ നിരീക്ഷണം, വിള നിരീക്ഷണം, മണ്ണ് നിരീക്ഷണം, മൃഗങ്ങളെ നിരീക്ഷിക്കല്‍ എന്നിവ ഉപയോഗിച്ച് കാര്‍ഷിക വ്യവസായത്തില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാകും. നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫിന്റെയും ആഴത്തിലുള്ള ബില്‍ഡിംഗ് വ്യാപനത്തിന്റെയും ആവശ്യകതക്കുള്ള ഉത്തരമാണ് എന്‍ബി-ഐഒടി നല്‍കുന്നതെന്ന് വൊഡാഫോണ്‍ ഖത്തര്‍ സിഇഒ ശൈഖ് ഹമദ് അബ്ദുല്ല അല്‍താനി പറഞ്ഞു.
എന്‍ബി-ഐഒടി നെറ്റ്വര്‍ക്ക് ദശലക്ഷക്കണക്കിന് ദൈനംദിന വസ്തുക്കളെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കും. ഒപ്പം ആവേശകരമായ ഡിജിറ്റല്‍ ഭാവി സൃഷ്ടിക്കുകയും നമ്മുടെ ജീവിതവും ജോലിസ്ഥലവും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.