
ദോഹ: വൊഡാഫോണ്‍ ഖത്തര്‍ രാജ്യത്ത് ഡിജിറ്റല്‍ നവീകരണം തുടരുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് ഹോം സൊലൂഷനായ ജിഗാഹോം സ്മാര്‍ട്ട് അവതരിപ്പിച്ചു. സ്മാര്‍ട്ട് ലൈറ്റ് ബള്‍ബുകള്‍, സ്മാര്‍ട്ട് സെന്‍സറുകള്‍, സ്മാര്‍ട്ട് പ്ലഗുകള്‍ എന്നിവ ഉള്‍പ്പടെയുള്ള നിരവധി സ്മാര്‍ട്ട് ഉത്പന്നങ്ങളാണ് ഇതിന്റെ ഭാഗമായി ലഭ്യമാക്കിയിരിക്കുന്നത്.
ജിഗാഹോം സ്മാര്‍ട്ട് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി, ജിഗാഹോം പ്ലാന്‍ വരിക്കാരാകുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് സ്റ്റോക്ക് തീരുന്നതുവരെ ഒരു സ്മാര്‍ട്ട് ഉത്പന്നം സൗജന്യമായി നല്‍കും. 5ജി, ഫൈബര്‍ എന്നിവ ഉള്‍പ്പടെ വൊഡാഫോണ്‍ ഖത്തറിന്റെ ജിഗാ നെറ്റ്വര്‍ക്ക് നല്കുന്ന ഹോം ഇന്റര്‍നെറ്റ് സൊലൂഷനാണ് വൊഡാഫോണ്‍ ജിഗാഹോം പ്ലാറ്റ്ഫോം.
ഇതിന്റെ സാധ്യതകള്‍ ജിഗാഗോം സ്മാര്‍ട്ട് ഉപയോഗപ്പെടുത്തുന്നുണ്ട്. ലളിതമായ ടാപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ മുഖേന സ്മാര്‍ട്ട് ഉത്പന്നങ്ങളിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സാധിക്കും.
ജിഗാഹോം സ്മാര്‍ട്ട് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ മികച്ചതാക്കും. വൊഡാഫോണ്‍ ഖത്തറിന്റെ സ്മാര്‍ട്ട്ഹോം സാങ്കേതികവിദ്യ മെച്ചപ്പെട്ട ഊര്‍ജ കാര്യക്ഷമത, സംതൃപ്തി, ഭവനസുരക്ഷ എന്നിവയെല്ലാം ഉറപ്പുനല്‍കുന്നുണ്ട്. ജിഗാഹോം സ്മാര്‍ട്ടിന്റെ ഭാഗമായ സ്മാര്‍ട്ട് ബള്‍ബുകള്‍ ഉപയോഗിച്ച് വീടിന്റെ തെളിച്ചവും നിറവും വേഗത്തിലും സൗകര്യപ്രദമായും നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
സ്മാര്‍ട്ട് സെന്‍സറുകള്‍ ഉപയോഗിച്ച് വാതിലുകളുടെയും ജനലുകളുടെയും ചലനങ്ങള്‍ നിരീക്ഷിക്കാനുമാകും. സ്മാര്‍ട്ട് പ്ലഗുകള്‍ ഉപയോഗിക്കുന്നതിലൂടെ സ്മാര്‍ട്ട് ഫോണുകള്‍ മുഖേന വീട്ടുപകരണങ്ങള്‍ ഓണ്‍ ചെയ്യുന്നതിനോ ഓഫ് ചെയ്യുന്നതിനോ സാധിക്കും.
ഖത്തറിന്റെ ഡിജിറ്റല്‍ നവീകരണത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഡിജിറ്റല്‍ സൊലൂഷനുകളുടെ സമ്പൂര്‍ണ സ്പെക്ട്രമാണ് തങ്ങള്‍ നടപ്പാക്കുന്നതെന്നും ജിഗാഗോം സ്മാര്ട്ടിന് തുടക്കംകുറിക്കാനാകുന്നതില് സന്തോഷമുണ്ടെന്നും വൊഡാഫോണ്‍ ഖത്തര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡീഗോ കാംബെറോസ് പറഞ്ഞു.
തങ്ങളുടെ ശ്രേണിയിലുള്ള സ്മാര്‍ട്ട് ഹോം ഉത്പന്നങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രവദവും മികച്ചതും വേഗത്തിലുള്ളതുമായ ജീവിതം വാഗ്ദാനം ചെയ്യാന്‍ വൊഡാഫോണ്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.