in

വോട്ടില്ലാത്ത പ്രവാസികളെ ജാഗ്രതൈ; വീണ്ടും അവസരം

ദോഹ: കേരള സംസ്ഥാനം വീണ്ടും തെരെഞ്ഞെടുപ്പ് ചൂടിലേക്കെത്തുമ്പോള്‍ പ്രവാസി വോട്ടറാവാന്‍ അവസരം. നേരത്തെ പട്ടികയില്‍ ഇടം നേടിയവര്‍ക്ക് വല്ല തെറ്റുമുണ്ടെങ്കില്‍ തിരുത്താനും പുതിയ വോട്ട് ചേര്‍ക്കാനുമാണ് അവസരമുള്ളത്.
കേന്ദ്ര തെരെഞ്ഞെടുപ്പു കമ്മീഷണറുടെ ഉത്തരവ് പ്രകാരം സപ്തംബര്‍ ഒന്ന് മുതല്‍ ആരംഭിച്ച അവസരം ഒക്ടോബര്‍ പതിനഞ്ച് വരെ തുടരും.

പുതിയ വോട്ടര്‍മാരെ ചേര്‍ക്കല്‍, വോട്ടര്‍ പട്ടികയില്‍ ആവശ്യമായ തിരുത്തലുകള്‍ എന്നിവക്കായാണ് പ്രത്യേക കാമ്പയിന്‍ തന്നെ നടക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകനായ കെ എം സി സി ഗൈഡ് ഖത്തര്‍ ചെയര്‍മാന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പറഞ്ഞു. ഇപ്പോള്‍ അപേക്ഷിക്കുന്നവരെ 2020 ജനുവരി 15 മുതല്‍ വോട്ടര്‍മാരായി പരിഗണിക്കും.

എന്‍ വി എസ് പി (നാഷണല്‍ വോട്ടേഴ്‌സ് സര്‍വ്വീസ് പോര്‍ട്ടല്‍) വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷ നല്‍കേണ്ടത്. പ്രവാസി വോട്ടറാവാന്‍ ഫോറം സിക്‌സ്-എ ആണ് ഉപയോഗിക്കേണ്ടത്. ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ടിലെ ഫോട്ടോ ഉള്‍കൊള്ളുന്ന പേജ് അടക്കമുള്ള ആവശ്യമായ പേജുകള്‍, വിസ അടങ്ങിയ പേജ് (സ്വയം സാക്ഷ്യപെടുത്തിയത്) ഇന്ത്യയിലെ വിലാസം എന്നിവയും നല്‍കേണ്ടതാണ്.

ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയതിന് ശേഷം നിശ്ചിത രേഖകള്‍ ഓരോരുത്തരുടേയും താലൂക്ക് ഓഫീസിലെ തഹസില്‍ ദാര്‍ക്ക് എത്തിക്കേണ്ടതാണ്. നേരെത്തെ ഇന്ത്യന്‍ പൗരന്‍ എന്ന നിലക്ക് വോട്ടറായി ചേര്‍ന്നവര്‍ അത് ഒഴിവാക്കി പ്രവാസി വോട്ടറായി ചേരണമെന്നും അപേക്ഷിക്കുമ്പോള്‍ വ്യക്തമായ ഫോട്ടോയും ഇന്ത്യയിലെ യഥാര്‍ത്ഥ വിലാസവും നല്‍കാന്‍ ശ്രമിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി വോട്ടറായി ചേരാന്‍ കൊടുത്ത അപേക്ഷകളില്‍ 38% നിരസിക്കാന്‍ കാരണം ഫോളോ അപ് ഇല്ലാതിരുന്നതും വ്യക്തമല്ലാത്ത ഫോട്ടോ അപ്ലോഡ് ചെയ്തത് സിസ്റ്റം നിരസിച്ചതുമായിരുന്നുവെന്ന് അബ്ദുര്‍റഊഫ് വ്യക്തമാക്കി. ലോക സഭ കടന്ന് രാജ്യസഭയില്‍ എത്തിയ പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയുള്ളതിനാല്‍ അടുത്ത പാര്‍ലെമെന്റ് സമ്മേളനത്തില്‍ ഇത് ചര്‍ച്ചയ്ക്ക് വരാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേരളത്തില്‍ അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ട് സമ്പ്രദായത്തിന് സര്‍ക്കാര്‍ ശ്രമിക്കണമെന്ന പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ എം.എല്‍.എയുടെ നിര്‍ദ്ദേശിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. സര്‍ക്കാര്‍ ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിക്കുകയുമുണ്ടായി.

കേരളത്തിലെ പ്രവാസികള്‍ 25 ലക്ഷത്തിന് മുകളിലുണ്ടെങ്കിലും 2019 ജനുവരി വരെയുള്ള കണക്കുപ്രകാരം 62,847 പുരുഷന്മാരും 3,729 സ്ത്രീകളും 8 ട്രാന്‍സ്‌ജെന്റര്‍ അംഗങ്ങളുമായി 66,584 മാത്രമേ പ്രവാസി വോട്ടര്‍മാരായി നിലവില്‍ രേഖയിലുള്ളൂവെന്നത് സങ്കടകരമാണെന്നും റഊഫ് കൊണ്ടോട്ടി വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹലാല്‍ ആവശ്യകതകള്‍ പാലിക്കാത്ത ചോക്ലേറ്റ് ബാറുകള്‍ ഇറക്കുമതി ചെയ്യുന്നില്ല

എം എ എം ഓ കോളേജ് അലുംനി യാത്രയയപ്പു നൽകി