
ദോഹ: വ്യാജ കറന്‍സിയുമായി ഏഴംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തരമന്ത്രാലയം കുറ്റാന്വേഷണ വിഭാഗത്തിലെ സാമ്പത്തിക, ഇലക്‌ട്രോണിക് കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള വകുപ്പാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്. നാലു ബാഗുകളിലായി വ്യാജകറന്‍സികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുക്കുകയും ചെയ്തു. ആറു പേര്‍ അറബ് സ്വദേശികളും ഒരാള്‍ യൂറോപ്യന്‍ സ്വദേശിയുമാണ്.

പേപ്പറുകളും മറ്റു വസ്തുക്കളും ഇവരില്‍നിന്നും കണ്ടെടുക്കുയും ചെയ്തു. ഇരകളെ കബളിപ്പിക്കുന്നതിനായാണ് ഇവര്‍ പേപ്പറുകള്‍ ഉപയോഗിച്ചിരുന്നത്. പേപ്പറുകള്‍ വ്യാജകറന്‍സിയായി മാറ്റുമെന്ന് ഇവര്‍ ഇരകളെ ബോധ്യപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിവന്നിരുന്നത്. ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്നും സേര്‍ച്ച് വാറണ്ട് നേടിയശേഷം നടത്തിയ പരിശോധനയിലാണ് വ്യാജകറന്‍സികളും പേപ്പറുകളും ഉള്‍പ്പടെയുള്ളവ കണ്ടെടുത്തത്.
പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇവര്‍ക്കെതിരെ തുടര്‍നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ പണം തട്ടിയെടുക്കുന്നവര്‍ക്കെതിരെ ശ്രദ്ധ പുലര്‍ത്തണം. എന്തെങ്കിലുംതരത്തിലുള്ള തട്ടിപ്പുകളും സംശയാസ്പദമായ കേസുകളും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സാമ്പത്തിക, ഇലക്‌ട്രോണിക് കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള വകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.