
ദോഹ: വ്യാജ സന്ദേശങ്ങളുടെയും തട്ടിപ്പുകാരുടെയും വലയില്‍ വീഴരുതന്നെും ഇരകളാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട അവബോധ കാമ്പയിനും മന്ത്രാലയം തുടക്കംകുറിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ഫിഷിംഗില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നിന്റെ ഭാഗമായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.
സ്‌കാം ഇമെയിലുകള്‍, സന്ദേശങ്ങള്‍ മുതലായവ ഉപയോഗിച്ച് സൈബര്‍ ലോകത്തെ തട്ടിപ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. വ്യാജ തട്ടിപ്പു സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിനായി മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സുപ്രധാനമായ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മോഷണമോ മറ്റെന്തെങ്കിലും തട്ടിപ്പോ ഒഴിവാക്കുന്നതിന് വ്യക്തിഗതവിവരങ്ങള്‍ മാറ്റണമെന്നാണ് മിക്ക തട്ടിപ്പു സ്‌കാം സന്ദേശങ്ങളിലുടെയും ജനങ്ങളോടു നിര്‍ദേശിക്കുന്നത്. അത്തരം വ്യാജ സന്ദേശങ്ങള്‍ ഡാറ്റ വേഗത്തില്‍ മാറ്റാന്‍ ആവശ്യപ്പെടുകയും പേര്, ഡിജിറ്റല്‍ അക്കൗണ്ടുകളുടെ പാസ്വേഡ് എന്നിവ മാറ്റുന്നതിന് ആളുകള്‍ക്ക് ചില തല്‍ക്ഷണ ലിങ്കുകള്‍ നല്‍കുകയും ചെയ്യുന്നു. ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കെ വ്യാജസന്ദേശങ്ങളയച്ച തട്ടിപ്പുകാര്‍ അവരുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് വ്യക്തിഗതവും സെന്‍സിറ്റീവുമായ ഡാറ്റ ചോര്‍ത്തുകയാണ് ചെയ്യാറുള്ളത്. ഇത്തരം വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കരുത്. ജാഗ്രത പാലിക്കണം. അജ്ഞാതവും സംശയാസ്പദവുമായ സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അവയോട് ഒരിക്കലും പ്രതികരിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ബാങ്ക് അക്കൗണ്ട് നമ്പര്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ അല്ലെങ്കില്‍ പാസ്വേഡുകള്‍ എന്നിവ പോലുള്ള ബാങ്കിങ് വിവരങ്ങള്‍ ആരുമായും പങ്കിടരുത്. കൂടാതെ ഇത്തരം വിവരങ്ങള്‍ ഇമെയിലുകള്‍ മുഖേനയോ അല്ലെങ്കില്‍ വാചക സന്ദേശങ്ങള്‍ വഴിയോ അയയ്ക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നവരെ പൂര്‍ണമായ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നതിന് പകരം പേരിന്റെ ആദ്യ ഭാഗമോ അല്ലെങ്കില്‍ പ്രിയ ക്ലയന്റ് എന്നായിരിക്കും ഉപയോഗിക്കുക. അതേസമയം ഔദ്യോഗിക സ്ഥാപനങ്ങളും വെബ്‌സൈറ്റുകളും ഉപഭോക്താക്കളെ അവരുടെ പൂര്‍ണ ഔദ്യോഗിക നാമം ഉപയോഗിച്ചാണ് അഭിസംബോധന ചെയ്യുന്നത്.
മാത്രമല്ല തട്ടിപ്പുകാരുടെ പേരുകള്‍ പലപ്പോഴും വിചിത്രവും അപരിചിതത്വം നിറങ്ങളും ചിലപ്പോള്‍ അക്കങ്ങള്‍ അടങ്ങിയതുമായിരിക്കും. 2018ല്‍ സാമ്പത്തിക സൈബര്‍ കുറ്റകൃതൃവകുപ്പിന് ലഭിച്ച റിപ്പോര്‍ട്ടുകളില്‍ 40ശതമാനത്തിലധികവും ഇലക്‌ട്രോണിക് തട്ടിപ്പുകള്‍ സംബന്ധിച്ചായിരുന്നു. സാമ്പത്തിക തട്ടിപ്പുകള്‍ അടുത്തിടെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും അവയില്‍ ഭൂരിഭാഗവും എസ്എംഎസ്, വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വഴിയാണെന്നും സാമ്പത്തിക, സൈബര്‍ കുറ്റകൃത്യ വകുപ്പ് അറിയിച്ചു. തട്ടിപ്പുകാരോട് പ്രതികരിക്കുകയും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അയയ്ക്കുകയും ചെയ്യുന്നതിനാല്‍ നിരവധി പേര്‍ ഈ കുറ്റകൃത്യത്തിന്റെ ഇരകളായിട്ടുണ്ട്. മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിടിച്ചെടുക്കാനും കമ്പനി ജീവനക്കാരുടെ സഹകരണത്തോടെ കമ്പനി അക്കൗണ്ടില്‍ നിക്ഷേപിക്കാനും ശ്രമിച്ച ഒരു അന്താരാഷ്ട്ര ക്രിമിനല്‍ സംഘടനയെ ആഭ്യന്തര മന്ത്രാലയം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.