in ,

വ്യോമയാന മേഖല ഖത്തറിന്റെ വളര്‍ച്ചക്ക് ഇന്ധനമേകുന്നു: ഐസിഎഒയിലെ ഖത്തര്‍ പ്രതിനിധി

ദോഹ: വ്യോമയാന മേഖല ഖത്തറിന്റെ വളര്‍ച്ചക്ക് ഇന്ധനമേകുന്നതായി ഐസിഎഒയിലെ ഖത്തറിന്റെ സ്ഥിരംദൗത്യസംഘത്തിലെ സ്ഥിരംപ്രതിനിധി ഇസ്സ അബ്ദുല്ല അല്‍മാലികി. ഖത്തരി സമ്പദ്ഘടനയുടെ മൂലക്കല്ലായി വ്യോമയാന വ്യവസായം മാറിയിട്ടുണ്ട്. ടൂറിസം, വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും വ്യോമയാന മേഖല സഹായകമാകുന്നുണ്ട്.

ഖത്തറിലെ വ്യോമയാന മേഖല ഗണ്യമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. എല്ലാ പങ്കാളികളുടെയും സംയോജിതമായ പരിശ്രമം മൂലം ഈ മേഖല തുടര്‍ച്ചയായ വളര്‍ച്ച കൈവരിക്കുകയാണെന്നും ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റിവ്യൂ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ അല്‍മാലികി വ്യക്തമാക്കി.

ഐസിഎഒയിലെ ഖത്തറിന്റെ സ്ഥിരം ദൗത്യസംഘത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഈ അഭിമുഖം ഷെയര്‍ ചെയ്തിട്ടുണ്ട്. കാര്യക്ഷമത, സേവനം, യാത്രക്കാരുടെ സുഖം, സംതൃപ്തി എന്നിവയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി ഹമദ് വിമാനത്താവളം മാറിയിട്ടുണ്ട്. സുപ്രധാന ഹബ്ബാണ് ഈ വിമാനത്താവളം.

2018ല്‍ ഏകദേശം 35 ദശലക്ഷം യാത്രക്കാര്‍ക്കും 2014 മെയില്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ 2018ന്റെ അവസാനം വരെ 155 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്കുമാണ് വിമാനത്താവളത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയത്.

ആറു ലക്ഷം ചതുരശ്രമീറ്റര്‍ പാസഞ്ചര്‍ ടെര്‍മിനലും ലോകത്തിലെ ഏറ്റവും വലിയ മെയിന്റനന്‍സ് ഹാംഗറും ഹമദ് വിമാനത്താവളത്തിന്റെ സവിശേഷതയാണ്. ആത്യന്തികമായി പ്രതിവര്‍ഷം 50ദശലക്ഷത്തിലധികം യാത്രക്കാരെയും 3.20ലക്ഷം വിമാനചലനങ്ങളെയും ഇരുപത് ലക്ഷം ചരക്കുകളെയും കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തര്‍ എയര്‍വേയ്‌സ് രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഹമദ് വിമാനത്താവളം സ്ഥിരമായി ഏറ്റവും മികച്ച അഞ്ചുവിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംനേടുന്നുണ്ട്. 1971 മുതല്‍ ഐസിഎഒയിലെ അംഗമെന്ന നിലയില്‍ ആദ്യമായി കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടാന്‍ ഖത്തര്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മുപ്പത് വര്‍ഷമായി ഖത്തര്‍ സമഗ്രവും ശക്തവും ആധുനികവുമായ വ്യോമയാന മേഖല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു കൗണ്‍സില്‍ അംഗമെന്ന നിലയില്‍ രാജ്യാന്തര സിവില്‍ ഏവിയേഷന്റെ ഭരണത്തില്‍ നിര്‍ണായക സംഭാവന നല്‍കുന്നതിനും ഈ മേഖല നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതിന് അറിവും അനുഭവവും നേടാന്‍ ഇതു ഖത്തറിനെ പ്രാപ്തമാക്കി. മുന്‍കാലങ്ങളിലുള്‍പ്പടെ ഖത്തറും ഐസിഎയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

വ്യോമയാന സുരക്ഷ, സുരക്ഷ, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെല്ലാം ഇരുകൂട്ടരും യോജിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. വ്യോമയാന സുരക്ഷാ പാനലിലും അതിന്റെ അഞ്ചു വര്‍ക്കിങ് ഗ്രൂപ്പിലും ഖത്തറിന്റെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഐസിഎഒ ഓഡിറ്റില്‍ എറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ ഖത്തറിന് കഴിഞ്ഞിരുന്നു.

വ്യോമയാന മേഖലയിലെ സൈബര്‍ സുരക്ഷ സംബന്ധിച്ച ചട്ടങ്ങളും മാനദണ്ഡങ്ങളും ഖത്തര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഖത്തര്‍ സിവില്‍ വ്യോമയാന അതോറിറ്റിയാണ്(സിഎഎ) ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗവുമായി സഹകരിച്ച് ചട്ടങ്ങള്‍ തയാറാക്കിയത്.

വ്യോമയാന മേഖലയില്‍ മികച്ച സൈബര്‍ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. അടിയന്തര വ്യോമയാന സംവിധാനത്തിലെ സെബര്‍ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൊതുതത്വങ്ങളും വ്യവസ്ഥകളും ഇതിലുള്‍പ്പെട്ടിട്ടുണ്ട്.

വ്യോമയാന മേഖലയില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഇത്തരമൊരു ചട്ടം പുറത്തിറക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ രാജ്യമാണ് ഖത്തര്‍. ഈ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഖത്തറിലെ എല്ലാവര്‍ക്കും പ്രത്യേകിച്ച് ഓഹരി ഉടമകള്‍ക്ക് വലിയതോതില്‍ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.

രാജ്യാന്തര വ്യോമയാന സംഘടന(ഐസിഎഒ)യുടെ ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചാണ് ഖത്തറും മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്. പ്രാദേശിക തലത്തിലും രാജ്യാന്തര തലത്തിലും പ്രവര്‍ത്തിക്കുന്ന ഐസിഎഒയിലെ അംഗങ്ങളായ എല്ലാ രാജ്യങ്ങളും സംഘടനകളും ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍ഷഹാനിയയിലെ അല്‍ദോസരി പാര്‍ക്കില്‍ സന്ദര്‍ശകത്തിരക്കേറി

നിരത്തുകള്‍ക്ക് നീലനിറം നല്‍കുന്ന പദ്ധതി വിപുലീകരിക്കുന്നത് പരിഗണനയില്‍