in ,

വ്യോമസേനാമേഖലയില്‍ മികവ് തെളിയിച്ച് ഖത്തറിന്റെ മറിയം യൂസുഫ്

യുഎസ് റെഡ്‌സ്‌റ്റോണ്‍ ആഴ്‌സനലിലെ ഖത്തറിന്റെ ആദ്യ വിദേശ ലെയ്‌സണ്‍ ഓഫീസര്‍

അമീരി വ്യോമസേനയിലെ ഫസ്റ്റ് ലെഫ്റ്റനന്റ് മറിയം യൂസുഫ്

ദോഹ: അമേരിക്കയില്‍ വ്യോമസേനാ മേഖലയില്‍ മികവ് തെളിയിക്കുകയാണ് ഖത്തരി അമീരി വ്യോമസേനയിലെ ഫസ്റ്റ് ലെഫ്റ്റനന്റ് മറിയം യൂസുഫ്. യുഎസ് ആര്‍മിയുടെ സുപ്രധാന കേന്ദ്രമായ റെഡ്‌സ്റ്റോണ്‍ ആഴ്‌സനലില്‍ ചുമതലയേല്‍ക്കുന്ന ഖത്തറില്‍ നിന്നുള്ള ആദ്യ വിദേശ ലെയ്‌സണ്‍ ഓഫിസറാണ്(എഫ്എല്‍ഒ) മറിയം.

അലബാമയിലെ മാഡിസണ്‍ കണ്‍ട്രിയിലെ ഹന്റ്‌സ്വില്ലിക്ക് സമീപത്താണ് യുഎസ് സൈന്യത്തിന്റെ ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. സുരക്ഷാ സഹായ പരിപാടികള്‍ കൈകാര്യം ചെയ്യുന്നതിനോ നിരീക്ഷിക്കുന്നതിനോ വേണ്ടി യുഎസില്‍ നിലയുറപ്പിച്ചിരിക്കുന്ന വിദേശ സര്‍ക്കാരിന്റെയോ രാജ്യാന്തര സംഘടനയുടെയോ ഔദ്യോഗിക പ്രതിനിധിയാണ് എഫ്എല്‍ഒ.

അപ്പാഷെ പ്രൊജക്ട് ഓഫിസിലെ പ്രോഗ്രാം എക്‌സിക്യുട്ടീവ് ഓഫിസര്‍(പിഇഒ) ഏവിയേഷന്‍ ചുമതല ഏറ്റെടുക്കുന്നതിനായി കഴിഞ്ഞ സെപ്തംബറിലാണ് മറിയം അമേരിക്കയിലെത്തുന്നത്. പിഇഒ ഏവിയേഷനു പുറമെ വ്യോമയാന മിസൈല്‍ കമാന്റ്, സെക്യൂരിറ്റി അസി.മാനേജ്‌മെന്റ് ഡയറക്ടറേറ്റ്, ഖത്തര്‍ അപ്പാഷേ സംഘത്തിന്റെ അറ്റാക്ക് സിസ്റ്റം ഡിവിഷന്‍, അപ്പാഷേ സംഘത്തിന്റെ സെക്യൂരിറ്റി അസി. കമാന്റ് തുടങ്ങിയവയുടെ ഉത്തരവാദിത്വവും മറിയം യൂസുഫിനാണ്.

അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍ക്കായി വിദേശ സൈനിക വ്യാപാരവുമായി ബന്ധപ്പെട്ട പിന്തുണ നല്‍കുകയെന്നതാണ് മറിയമിന്റെ പ്രധാന ഉത്തരവാദിത്വം. നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഏതു വെല്ലുവിളികളും ഏറ്റെടുക്കാന്‍ വനിതകള്‍ക്കാകുമെന്ന് തെളിയിക്കുകയാണ് ഈ വനിത. അമേരിക്കയിലെ പ്രവര്‍ത്തനങ്ങളിലൂടെ കരിയറില്‍ വലിയ മുന്നേറ്റമാണ് മറിയം നടത്തുന്നത്.

അപ്പാഷെ പ്രൊജക്ട് ഓഫീസിലെ മറിയത്തിന്റെ പ്രവര്‍ത്തനം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധിപേരാണ് അഭിന്ദനങ്ങളുമായി മുന്നോട്ടുവരുന്നത്. ഖത്തറിന്റെ പുരോഗതിയില്‍ വനിതകള്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും വനിതകള്‍ക്ക് ഏത് മേഖലയും കീഴടക്കാമെന്നതാണ് മറിയമിന്റെ നിയമനത്തിലൂടെ വ്യക്തമാകുന്നതെന്നും അമേരിക്കയിലെ ഖത്തര്‍ അംബാസഡര്‍ മിഷ്അല്‍ ഹമദ് അല്‍താനി ട്വിറ്ററില്‍ കുറിച്ചു.

ഖത്തറിനും അമേരിക്കയ്ക്കുമിടയിലെ സൈനിക സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് നിയമനം. ഒരു വര്‍ഷത്തേക്കായിരുന്നു നിയമനമെങ്കിലും ദൗത്യത്തിന്റെ ആവശ്യകതയനുസരിച്ച് ഖത്തര്‍ കാലാവധി നീട്ടിയേക്കും. സൈനിക ആവശ്യങ്ങള്‍ക്കുള്ള സുപ്രധാന ഉപകരണങ്ങള്‍, അപ്പാഷെ ഹെലിക്കോപ്റ്ററുകളുടെ വാങ്ങല്‍, വില്‍പന തുടങ്ങിയ കാര്യങ്ങളിലൊക്കെ നിര്‍ണായക ഇടപെടല്‍ നടത്തുന്ന ഉദ്യോഗസ്ഥയാണ് മറിയം.

സുരക്ഷയുമായി ബന്ധപ്പെട്ട ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും മറിയം വലിയ പങ്കുവഹിക്കുന്നുണ്ട്. ദോഹ ഗള്‍ഫ് ഹെലിേകാപ്‌റ്റേഴ്‌സ് കമ്പനിയിലെ ഉദ്യോഗസ്ഥയെന്ന നിലയിലായിരുന്നു മറിയമിന്റെ കരിയര്‍ തുടങ്ങുന്നത്. പിന്നീട് ഹെലികോപ്റ്റര്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ലൈസന്‍സ്ഡ് എഞ്ചിനീയറായി നിയമിതയായി. പിന്നീട് അഗസ്റ്റ വെസ്റ്റ്‌ലന്റ് എ.ഡബ്ല്യു.

139 ഹെലിക്കോപ്റ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. പരിശീലന വിഭാഗത്തില്‍ എഞ്ചിനീയറിങ് ടെക്ക്‌കെല്‍ ഇന്‍സ്ട്രക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. രണ്ട് വര്‍ഷക്കാലം കമ്പനിയുടെ ട്രെയ്‌നിങ് വിഭാഗത്തിന്റെ ഡെപ്യൂട്ടി മാനേജര്‍ ആയും പ്രവര്‍ത്തിച്ചു. യുഎസില്‍ അപ്പാഷേ ഹെലിക്കോപ്റ്ററുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മറിയം കാര്യക്ഷമമായി നിര്‍വഹിക്കുന്നു.

അപ്പാഷേ ഹെലിക്കോപ്റ്ററുകള്‍ വാങ്ങുന്നത് ഖത്തരി സേനയുടെ ആക്രമണരംഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുമെന്ന് മറിയം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ ജോലി ഏറെ ആസ്വാദ്യകരമാണെന്നും ജീവിതത്തിലെ മികച്ച അനുഭവങ്ങളാണിതെന്നും അവര്‍ പറഞ്ഞു. അപ്പാഷെ എയര്‍ക്രാഫ്റ്റിന്റെ ആദ്യ ബാച്ച് നേരത്തെ ഖത്തര്‍ സ്വീകരിച്ചിരുന്നു. രാജ്യത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ് ഈ എയര്‍ക്രാഫ്റ്റുകള്‍. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ക്രമീകരണങ്ങളും ശേഷിയുമാണ് ഈ യുദ്ധവിമാനത്തിലുള്ളത്.

ഏറ്റവും അത്യാധുനികമായ ആറാംതലമുറ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി ഖത്തര്‍ സായുധസേന ഒപ്പുവച്ച കരാറിന്റെ ഭാഗമായാണിത്. സൂക്ഷ്മവും കൃത്യവും കണിശതയോടെയുമുള്ള പ്രതിരോധ സ്വഭാവവും സാങ്കേതിക സവിശേഷതകളും ഖത്തരി പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ആകാശത്തില്‍ നേതൃത്വം വഹിക്കാന്‍ പ്രാപ്തമാണ് അപ്പാഷെ-ക്യുഎ.

ഖത്തരി അമീരി വായൂസേനയുടെ വിവിധ തരങ്ങളും ആകൃതിയും രൂപരേഖയും(കോണ്‍ഫിഗറേഷന്‍) ശക്തിപ്പെടുത്തുന്നതില്‍ സജീവമായ പങ്കുവഹിക്കും. അറ്റകുറ്റപ്പണികള്‍, പൈലറ്റുമാര്‍, സാങ്കേതികവിദഗ്ദ്ധര്‍ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍മാര്‍ എന്നിവരടങ്ങിയ ഖത്തരി ക്രൂവിനുള്ള പരിശീലനം എന്നിവയും അപ്പാഷെ എയര്‍ക്രാഫ്റ്റുകളുടെ ഉത്പാദനവും വിതരണവും സംബന്ധിച്ച കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കത്താറയില്‍ അറബിക് കാലിഗ്രഫി പ്രദര്‍ശനം ബസ്മലഹിനു തുടക്കമായി

ദോഹയുടെ സൗന്ദര്യവല്‍ക്കരണത്തിനായി 750 മില്യണ്‍ റിയാലിന്റെ പദ്ധതികള്‍