Friday, February 21

ശമ്പളം കിട്ടാത്തവര്‍ ഏറെ; നിയമസഹായം തേടിയെത്തിയത് കുരുക്കില്‍പെട്ട 25 പേര്‍

Spread the love
അശ്‌റഫ് തൂണേരി

ദോഹ
തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഇന്നലെ നടന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ലീഗല്‍ ക്ലിനിക്കില്‍ നിന്ന്‌

ശമ്പളം കിട്ടാതെ മാസങ്ങളോളം പണിയെടുക്കേണ്ടി വന്നവര്‍, പഴയ സ്ഥാപനത്തിലെ കുടിശ്ശിക കിട്ടാതെ വലയുന്ന ചിലര്‍, എന്‍ ഒ സി ലഭിക്കാത്തതിനാല്‍ പുതിയ തൊഴിലിന് ചേരാന്‍ കഴിയാത്ത ഹതഭാഗ്യര്‍… ഇത്തരം പല തരം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഇരുപത്തിയഞ്ചോളം പേരാണ് ഇന്നലെ നടന്ന ഐ സി ബി എഫ് നിയമസഹായ ക്ലിനിക്കിലെത്തിയത്.
ചെക്ക് കേസുകളുടെ പൊല്ലാപ്പില്‍ കുടുങ്ങിയ മൂന്നു പേരും ജോലി പോയതോടെ സകുടുംബം താമസിക്കുന്ന ഫ്‌ളാറ്റിന്റെ കരാര്‍ റദ്ദാക്കാന്‍ ഉടമ സമ്മതിക്കാതെ കഷ്ടപ്പെടുന്ന ഒരാളും തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ലീഗല്‍ ക്ലിനിക്കിന്റെ രണ്ടാമത് സെഷനില്‍ പരാതിയുമായെത്തി.
കുടുംബ വിസ കിട്ടാനായി ഏജന്റ് മുഖേന അപേക്ഷ നല്‍കിയപ്പോള്‍ കൃത്രിമ രേഖയുണ്ടാക്കിയതിനാല്‍ കേസിലകപ്പെട്ട ഒരാള്‍ക്ക് തന്റെ കേസില്‍ നിന്ന് എങ്ങിനെ മോചനം നേടാനാവുമെന്നായിരുന്നു അറിയേണ്ടിയിരുന്നത്.
നേരത്തെ വിസയുണ്ടായിരുന്ന മറ്റൊരു പ്രവാസിയുടെ ഭാര്യക്ക് വീണ്ടും വിസക്ക് അപേക്ഷ നല്‍കിയപ്പോള്‍ അപേക്ഷ സ്വീകരിക്കാത്തിതിന്റെ കാരണം പിടികിട്ടുന്നില്ല. ഖത്തര്‍ എമിഗ്രേഷന്‍ മുഖേന ബന്ധപ്പെടേണ്ടുന്ന ഈ കേസില്‍ എംബസിയുടെ കൂടി ഇടപെടല്‍ ആവശ്യമായതിനാല്‍ ലീഗല്‍ ക്ലിനിക്ക് ഇത്തരം 3 കേസുകള്‍ എംബസിക്ക് റഫര്‍ ചെയ്തു. വ്യക്തിപരമായി ഒരാള്‍ പണം വാങ്ങി സെക്യൂരിറ്റി ചെക്ക് നല്‍കി നാട്ടിലേക്ക് മുങ്ങിയതിന് പ്രതിവിധ തേടുകയായിരുന്നു ഒരു മലയാളി.
മറ്റൊരാള്‍ കമ്പനിയുടെ ചെക്ക് കേസില്‍ അറിയാതെ പെട്ട് നാട്ടില്‍ പോവാന്‍ കഴിയാതിരിക്കുന്ന പ്രതിസന്ധിയാണ് നേരിടുന്നത്. വ്യക്തിപരമായതും എമിഗ്രേഷന്‍, കോടതി, തൊഴില്‍മന്ത്രാലയം തുടങ്ങിയവയുമായി ബന്ധപ്പെട്ടതും എംബസി ഇടപെടേണ്ടതുമായ കേസുകളുണ്ടെന്നും ഇവ വേര്‍തിരിച്ച് മനസ്സിലാക്കി ആവശ്യമായ നിയമ സഹായവും നിര്‍ദേശങ്ങളും നല്‍കുമെന്നും ലീഗല്‍ ക്ലിനിക്ക് സേവനം നല്‍കുന്ന കോച്ചേരി ആന്റ് പാര്‍ട്ണേഴ്സിലെ അഡ്വ. റിസ്വിന്‍ കോച്ചേരി ‘ചന്ദ്രിക’ യോട് പറഞ്ഞു. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ ഒ സി) സംബന്ധിച്ച് ഇപ്പോഴും പലര്‍ക്കും അവ്യക്തതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദാഹരണത്തിന് 3 വര്‍ഷത്തെ കരാര്‍ തൊഴില്‍മന്ത്രാലയം മുഖേന ഒപ്പിട്ട് ജോലിയിലെത്തിയ ഒരാള്‍ 1 വര്‍ഷം കഴിഞ്ഞ് പിരിഞ്ഞുപോയാല്‍ ഉടന്‍ തിരിച്ചുവരണമെങ്കിലോ 3 വര്‍ഷം തികയുന്നതിന് മുമ്പ് വരാനോ പഴയ കമ്പനിയുടെ എന്‍ ഒ സി ആവശ്യമായി വരികയാണ്. ഇത്തരം പ്രശ്നങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ടെന്നും അഡ്വ. റിസ്വിന്‍ വിശദീകരിച്ചു.
അഡ്വ. നിസാര്‍ കോച്ചേരി നേതൃത്വം നല്‍കി. ഐ സി ബി എഫിനെ പ്രതിനിധീകരിച്ച് അവിനാഷ് ഗെയിക്ക് വാദ്, സന്തോഷ്പിള്ളൈ എന്നിവരും സംബന്ധിച്ചു.