
ദോഹ: ഖത്തറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന ശര്‍ഖ് ക്രോസ്സിങ് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി അശ്ഗാല്‍. ഇതിന്റെ ഭാഗമായി പ്രാദേശിക കരാറുകാരെ വിളിച്ചുചേര്‍ത്ത് പ്രത്യേക സെഷന്‍ സംഘടിപ്പിച്ചു. ശര്‍ഖ് ക്രോസ്സിങ് പദ്ധതി നടപ്പിലാക്കുന്നതിനായി ആഗോള സഖ്യങ്ങള്‍ രൂപീകരിക്കുന്നതിന് പ്രാദേശിക കരാറുകാരെ പ്രോത്സാഹിപ്പിക്കുക, പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കുക, പദ്ധതി ആരംഭിക്കുന്ന സമയം ഉള്‍പ്പടെയുള്ള ടൈംടേബിള്‍ കൈമാറുക എന്നിവയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ നിര്‍ദേശപ്രകാരമാണ് പ്രാദേശിക കമ്പനികളെ ബ്രീഫിങ് സെഷനിലേക്ക് ക്ഷണിച്ചത്.
ഈ സുപ്രധാന പദ്ധതിയില്‍ രാജ്യാന്തര കമ്പനികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പ്രാദേശിക കമ്പനികളെയും സജ്ജരാക്കുകയാണ് ലക്ഷ്യം. പ്രാദേശിക കരാറുകാരെയും ആവശ്യമായ ഗുണനിലവാരവും സമയവും ഉപയോഗിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സഖ്യം രൂപീകരിക്കാനുള്ള അവരുടെ കഴിവിനെയും തങ്ങള്‍ വിശ്വസിക്കുന്നതായി അശ്ഗാല്‍ പ്രസിഡന്റ് എന്‍ജിനിയര്‍ സാദ് ബിന്‍ അഹമ്മദ് അല്‍മുഹന്നദി പറഞ്ഞു. ഖത്തറില്‍ ഇത്തരത്തിലുള്ള ഒരു പദ്ധതി ആദ്യമാണ്. ഗതാഗതത്തില്‍ ഗുണപരമായ മാറ്റത്തിന് കാരണമാകുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശര്‍ഖ് ക്രോസ്സിങ് പദ്ധതിയിലേക്ക് പ്രവേശിക്കാനും അന്താരാഷ്ട്ര കമ്പനികളുമായി സഖ്യമുണ്ടാക്കി കരാറിനായി ആരോഗ്യകരമായ മത്സത്തിനും പ്രാദേശിക കരാറുകാരെ ക്ഷണിച്ചതായി പ്രോജക്ട് അഫയേഴ്സ് ഡയറക്ടര്‍ എഞ്ചിനീയര്‍ യൂസഫ് അല്‍ ഇമാദി സ്ഥിരീകരിച്ചു. ജനുവരി മധ്യത്തോടെ രാജ്യാന്തര കമ്പനികളുമായുള്ള സഖ്യത്തിന്റെ പട്ടിക നല്‍കണം. ഫെബ്രുവരിയില്‍ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ തുടങ്ങും. 2020ന്റെ മൂന്നാംപാദത്തില്‍ പദ്ധതിയുടെ നടപ്പാക്കല്‍ തുടങ്ങും. ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്ന ശര്‍ഖ് ക്രോസ്സിങ് രാജ്യത്തെ പ്രധാന റോഡുകളുടെ തന്ത്രപരമായ കേന്ദ്രമായി കണക്കാക്കപ്പെടുന്നു.
വാട്ടര്‍ ടണലിലൂടെ പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. സമുദ്ര നിരപ്പിനേക്കാള്‍ ഉയരത്തില്‍ 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശര്‍ഖ് ക്രോസ്സിങ് റാസ് അബുഅബൗദ് സ്ട്രീറ്റിനെയും വെസ്റ്റ്‌ബേയെയും ബന്ധിപ്പിക്കും. 2022ലെ ലോകകപ്പ് സ്റ്റേഡിയങ്ങളായ റാസ് അബു അബൂദ് സ്റ്റേഡിയം, ലുസൈല്‍ സ്റ്റേഡിയം തുടങ്ങി നിരവധി സുപ്രധാന മേഖലകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ റാസ് അബുഅബൗദില്‍ നിന്നും ഏഴു മിനുട്ടിനുള്ളില്‍ വെസ്റ്റ്‌ബേയില്‍ എത്താനാകും. കത്താറയിലേക്കും ലുസൈലിലേക്കും സുഗമമായ ഗതാഗതം സാധ്യമാകും.