in ,

ശൈഖ് ജാസിം കപ്പ് അല്‍സദ്ദിന്; അല്‍ദുഹൈലിനെ തോല്‍പ്പിച്ചു

ഫിഫ ക്ലബ്ബ് ലോകകപ്പിലേക്ക് അല്‍സദ്ദ് യോഗ്യത നേടി

ശൈഖ് ജാസിം കപ്പ് കിരീടം നേടിയ അല്‍സദ്ദ് ടീമിന്റെ ആഹ്ലാദം

ദോഹ: ശൈഖ് ജാസിം കപ്പ് കിരീടം അല്‍സദ്ദിന്. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന ഫൈനലില്‍ അല്‍ദുഹൈലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സദ്ദ് കിരീടം സ്വന്തമാക്കിയത്. ശൈഖ് ജാസിം കപ്പോടെ ഈ വര്‍ഷത്തെ ക്ലബ് ഫുട്‌ബോള്‍ സീസണിനും തുടക്കമായിട്ടുണ്ട്.

സീസണിലെ ആദ്യ കിരീട നേട്ടം അല്‍സദ്ദിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ബുധനാഴ്ചയാണ് ഖത്തര്‍ സ്റ്റാര്‍സ് ലീഗ് സീസണിന് തുടക്കമാകുന്നത്. യൂറോപ്യന്‍ ലീഗിലെ സൂപ്പര്‍കപ്പ് മാതൃകയില്‍ നടന്ന ശൈഖ് ജാസിം കപ്പ് പോരാട്ടത്തില്‍ 14-ാം മിനുട്ടില്‍ അലി അസദാണ് സദ്ദിന്റെ വിജയഗോള്‍ നേടിയത്.

കഴിഞ്ഞ സീസണിലെ ഖത്തര്‍ സ്റ്റാര്‍സ് ലീഗ്, അമീര്‍കപ്പ് ജേതാക്കള്‍ തമ്മിലാണ് പുതിയ സീസണില്‍ ജാസിം കപ്പിനായി ഏറ്റുമുട്ടേണ്ടത്. അല്‍സദ്ദായിരുന്നു ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ജേതാക്കള്‍. അമീര്‍ കപ്പ് നേടിയത് ദുഹൈലായിരുന്നു. അതോടെയാണ് ഇരു ടീമുകളും സൂപ്പര്‍കപ്പ് കലാശപ്പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്.

കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ സദ്ദും ദുഹൈലും ഏറ്റുമുട്ടിയ മൂന്നാമത്തെ മത്സരമായിരുന്നു ശനിയാഴ്ചത്തേത്. കഴിഞ്ഞയാഴ്ച എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ രണ്ടു പാദങ്ങളിലുമായി മത്സരിച്ചപ്പോള്‍ 4-2 എന്ന ലീഡിന് സദ്ദ് വിജയിച്ച് ക്വാര്‍ട്ടര്‍ യോഗ്യത നേടി.

അതിന്റെ തൊട്ടുപിന്നാലെ ശൈഖ് ജാസിം കപ്പിലും ദുഹൈലിനെ മറികടക്കാന്‍ സദ്ദിന് കഴിഞ്ഞു. സൂപ്പര്‍താരം ബാഗ്ദാദ് ബൗനെദ്ജ, ഹാമിദ് ഇസ്മാഈല്‍, താരെക് സല്‍മാന്‍ എന്നിവരില്ലാതെയാണ് സദ്ദ് മത്സരത്തിനിറങ്ങിയത്. മത്സരത്തിന്റെ ആദ്യ മിനുട്ടു മുതല്‍ മേധാവിത്വം നേടാന്‍ സദ്ദിനായി. സ്‌ട്രൈക്കര്‍ അല്‍മോയെസ് അലി ഇല്ലാതെയായിരുന്നു ദുഹൈല്‍ ഇറങ്ങിയത്.

സ്പാനിഷ് ഇതിഹാസതാരം സാവി ഹെര്‍ണാണ്ടസാണ് സദ്ദിന്റെ പരിശീലകന്‍. നേരത്തെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതോടെ ഡിസംബര്‍ 11 മുതല്‍ 21വരെ ദോഹയില്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പിലേക്ക് അല്‍സദ്ദ് യോഗ്യത നേടിയിരുന്നു. ആതിഥേയ രാജ്യത്തുനിന്നും ഒരു ക്ലബ്ബിനു മാത്രമെ ക്ലബ്ബ് ലോകകപ്പില്‍ മത്സരിക്കാന്‍ അവസരമുള്ളു.

അതുകൊണ്ടുതന്നെ സദ്ദിന്റെ സാധ്യത തുലാസിലായിരുന്നു. അല്‍ദുഹൈല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുകയും കിരീടം നേടുകയും ചെയ്താല്‍ സദ്ദിന്റെ അവസരം നഷ്ടമാകുമായിരുന്നു. ദുഹൈല്‍ പുറത്തായതോടെ സദ്ദിന്റെ സ്ഥാനം ഉറപ്പാകുകയായിരുന്നു. നിലവിലെ രീതിയില്‍ ഏഴ് ടീമുകളായിരിക്കും ക്ലബ്ബ് ലോകകപ്പില്‍ പങ്കെടുക്കുക.

ഉദ്ഘാടന മത്സരത്തില്‍ ഖത്തറിലെ അല്‍സദ്ദും ഒഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഹൈന്‍ഗെനും ഏറ്റുമുട്ടും. ഇതുവരെ നാലു ടീമുകള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

കോണ്‍കാകഫ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ മെക്‌സിക്കോ ടീം സി എഫ് മോണ്‍ടിററി, ഒഎഫ്‌സി ചാമ്പ്യന്‍മാരായ ന്യൂ കാലിഡോണിയയില്‍ നിന്നുള്ള ഹൈന്‍ഗെന്‍ സ്‌പോര്‍ട്ട്, യുവേഫ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ എഫ് സി, ഖത്തറിന്റെ അല്‍സദ്ദ് എന്നിവരാണ് യോഗ്യത നേടിയത്.

ആഫ്രിക്ക, ഏഷ്യ, തെക്കനമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ ഏതെന്ന് ഉടന്‍ വ്യക്തമാകും. ഡിസംബര്‍ 17, 18 ദിവസങ്ങളിലാണ് സെമി ഫൈനലുകള്‍. ഡിസംബര്‍ 21നാണ് ഫൈനല്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വൊഡാഫോണ്‍ ഖത്തര്‍ ജിഗാഹോം സ്മാര്‍ട്ട് അവതരിപ്പിച്ചു

ഈദ് അവധി ദിനങ്ങളില്‍ ഖത്തര്‍ ദേശീയ മ്യൂസിയത്തില്‍ തിരക്ക് വര്‍ധിച്ചു