Thursday, January 23

ശൈഖ് തമീം അഴിമതിവിരുദ്ധ പുരസ്‌കാരങ്ങള്‍ അമീര്‍ വിതരണം ചെയ്തു

Spread the love
ശൈഖ് തമീം അഴിമതിവിരുദ്ധ പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും വിശിഷ്ടാതിഥികളും

ദോഹ: അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പേരില്‍ നല്‍കുന്ന രാജ്യാന്തര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെയും ചേര്‍ന്നാണ് പുരസ്‌കാരവിതരണം നടത്തിയത്. നമീബിയ പ്രസിഡന്റ് ഹേഗ് ഗീന്‍ഗോബ്, ആഫ്രിക്കന്‍ യൂണിയന്‍ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ മൗസ ഫാകി മഹമ്മദ്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന മുഹമ്മദ്, യുഎന്‍ ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈംസ് പ്രതിനിധി ജോണ്‍ ബ്രാന്‍ഡോളിനോ എന്നിവര്‍ പങ്കെടുത്തു. രാജ്യാന്തരതലത്തില്‍ അഴിമതിക്കെതിരെ പോരാടുന്നവര്‍ക്ക് നല്‍കുന്ന അവാര്‍ഡാണിത്. തുടര്‍ച്ചയായ നാലാംതവണയാണ് പുരസ്‌കാരം നല്‍കുന്നത്. അഴിമതിവിരുദ്ധ സന്ദേശം ശക്തിപ്പെടുത്തുന്നതില്‍ യുഎന്നിനുള്ള ഖത്തര്‍ പിന്തുണയായാണ് പുരസ്‌കാരത്തെ വിലയിരുത്തുന്നത്. 2015 ഒക്്‌ടോബര്‍ 31നാണ് അഴിമതിവിരുദ്ധ അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. 2016 മുതല്‍ നടപ്പാക്കിത്തുടങ്ങി. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് നാലു വിഭാഗങ്ങളിലായാണ് അവാര്‍ഡ്. അഴിമതി വിരുദ്ധ മേഖലയിലെ ശാസ്ത്രീയ ഗവേഷണത്തിനുള്ള പുരസ്‌കാരത്തിന് സൈപ്രസിലെ ഡോ.മരിയ ക്രാംബിയ കപാര്‍ഡിസ്, അല്‍ബേനിയയിലെ ഡോ.അല്‍ബന്‍ കോകി എന്നിവര്‍ അര്‍ഹരായി.
ഇന്നവേഷന്‍ അവാര്‍ഡ്, യുവജനങ്ങളിലെ ക്രിയാത്മകത വിഭാഗം, ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവയും സമ്മാനിച്ചു. കോംഗോയിസെ ജാക്ക് ലുമുബ, ഇന്റര്‍നാഷണല്‍ യൂത്ത് മ്യുസിഷന്‍സ് അസോസിയേഷന്‍, അനോറ അല്‍കനോവ, കെന്നത് കൗന്‍ദ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍. സ്റ്റീലില്‍ നിര്‍മിച്ച കൈപ്പത്തിയുടെ മാതൃകയാണ് അവാര്‍ഡ് ശില്‍പം. കിഗാലി കണ്‍വന്‍ഷന്‍ സെന്റര്‍ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരത്തിന്റെ നാലാംപതിപ്പിന്റെ സ്മാരകം അമീറും റുവാണ്ടന്‍ പ്രസിഡന്റും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. ഉരുക്കിന്റെ കൈകൊണ്ട് രൂപപ്പെടുത്തിയ ഈ സ്മാരകം ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഐക്യദാര്‍ഢ്യത്തെ ഒരു കൈയായി പ്രതീകപ്പെടുത്തുന്നു.