in ,

ശൈത്യകാല കാര്‍ഷിക ചന്തകളിലെ വില്‍പ്പനയില്‍ വര്‍ധനവ്‌

ദോഹ: എട്ടാമത് ശൈത്യകാല കാര്‍ഷിക ചന്തകള്‍ക്ക് മികച്ച പ്രതികരണം. അല്‍മസ്‌റുഅ, അല്‍ഖോര്‍ അല്‍ദഖീറ, അല്‍ വഖ്‌റ, ശമാല്‍, ഷഹാനിയ എന്നിവിടങ്ങളിലെ ശൈത്യകാല കാര്‍ഷിക ചന്തകളില്‍ വില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ ചന്തകളിലായി ഡിസംബറില്‍ മാത്രം പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായി. ഓരോ ആഴ്ചയിലും വില്‍പ്പനയില്‍ വര്‍ധനവുണ്ടാകുന്നുണ്ട്.
ചന്തകളിലേക്കെത്തിക്കുന്ന പച്ചക്കറികളുടെ തോതിലും വര്‍ധവുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഉപഭോക്താക്കളും എത്തുന്നു. ഡിസംബറില്‍ എല്ലാ ചന്തകളിലുമായി 1068 ടണ്‍ പച്ചക്കറികളും 701 ടണ്‍ പഴവര്‍ഗങ്ങളും 14 ടണ്‍ മത്സ്യങ്ങലും 2691 കാര്‍ട്ടണ്‍ മുട്ടകളുമാണ് വിറ്റുപോയത്. 7110 പൗള്‍ട്രി, 584 കിലോ പ്രകൃതിദത്ത തേന്‍ എന്നിവയും വില്‍പ്പന നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 125 ഫാമുകള്‍ ഇത്തവണ കാര്‍ഷിക ചന്തകളില്‍ പങ്കെടുക്കന്നുണ്ട്.. ഈ ഫാമുകളില്‍നിന്നുള്ള പ്രാദേശിക പഴം പച്ചക്കറികളാണ് ചന്തകളില്‍ വിപണനത്തിനായി എത്തിച്ചിരിക്കുന്നത്. മുന്‍സീസണുകളെ അപേക്ഷിച്ച് ഇത്തവണ അഞ്ചു ഫാമുകള്‍ അധികമായി പങ്കെടുക്കുന്നു. നവംബര്‍ പതിനാലിനാണ് ഈ സീസണിലെ ചന്തകളുടെ പ്രവര്‍ത്തനം തുടങ്ങിയത്. മൊത്തം പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങളുടെ 31 ശതമാനത്തിലധികവും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വിറ്റഴിക്കുന്നത്.ആകെ വില്‍പ്പനയുടെ 11 ശതമാനം ശൈത്യകാല കാര്‍ഷിക ചന്തകള്‍ മുഖേനയാണ്. പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനത്തിനായുള്ള ഏറ്റവും അനുയോജ്യമായ കേന്ദ്രമായി ശൈത്യകാല ചന്തകള്‍ മാറിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഒട്ടേറെയിനം പച്ചക്കറികളും പഴങ്ങളുമായിരിക്കും ചന്തകളിലുണ്ടാകുക. ജൈവ ഫാമുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ഫാമുകള്‍ പങ്കാളികളാകുന്നുണ്ട്.
പ്രാദേശികമായി ഉത്പാദിപ്പിച്ച പച്ചക്കറികളാണ് ശൈത്യകാല കാര്‍ഷിക ചന്തയില്‍ വില്‍പ്പന നടത്തുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ചന്തകളുടെ പ്രവര്‍ത്തന സമയം. ഖത്തരി ഫാമുകളില്‍ ഉത്പാദിപ്പിച്ച പച്ചക്കറി, പഴം, എന്നിവയാണ് മിതമായ വിലക്ക് വില്പന നടത്തുന്നത്. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരുടെ ഇടപെടലില്ലാതെ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ശൈത്യകാല മാസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഫ്രഷ് ഉത്പന്നങ്ങള്‍ മിതമായി ലഭിക്കും. പ്രാദേശികമായ ഫ്രഷ് കാര്‍ഷികോത്പന്നങ്ങള്‍ക്ക് വലിയ ആവശ്യകതയുണ്ട്. ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇത് കര്‍ഷകര്‍ക്ക് പ്രചോദനവുമാകും. കഴിഞ്ഞസീസണുകളില്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച മുഴുവന്‍ പച്ചക്കറികളും വിറ്റുപോയിരുന്നു. പച്ചക്കറിക്കൊപ്പം ഈ മാര്‍ക്കറ്റുകളിലെ ചില്ലറ മത്സ്യവ്യാപാരം ഏറെ ജനകീയമാണ്. ഇടനിലക്കാരില്ലാത്തതിനാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലേതിനേക്കാള്‍ വളരെ വിലക്കുറവിലാണ് ഇവിടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. കുറഞ്ഞ വിലക്ക് നല്ല ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഉപഭോക്താക്കളും കൂടുതലായി എത്തുന്നു. വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക പ്രദര്‍ശനമേളകളും ഈ കാര്‍ഷിക ചന്തകളിലുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എജ്യൂക്കേഷന്‍ സിറ്റിയിലെ പൈതൃക ശേഷിപ്പുകള്‍ സംരക്ഷിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍

സിറിയയില്‍ പോളിയോക്കെതിരെ ക്യുആര്‍സിഎസിന്റെ നിരീക്ഷണ പദ്ധതി