
ദോഹ: ശൈത്യകാല ക്യാമ്പിങ് സീസണ് അടുത്തത്തോടെ ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടാകുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കള്‍ നേരത്തെ ക്യാമ്പിങ് ഉത്പന്നങ്ങള്‍ അയല്‍രാജ്യങ്ങളില്‍ നിന്നും വാങ്ങാനായിരുന്നു താല്പര്യം കാട്ടിയിരുന്നതെങ്കില്‍ ഉപരോധത്തെത്തുടര്‍ന്ന് ഖത്തറില്‍ നിന്നാണ് വാങ്ങുന്നത്.
മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സീസണ് തുടങ്ങുന്നതിനു മുമ്പുതന്നെ വില്‍പ്പനയില്‍ വര്‍ധനവുണ്ടായതായി വ്യാപാരികളെ ഉദ്ധരിച്ച് പ്രാദേശിക അറബിപത്രം അല്‍റായ റിപ്പോര്‍ട്ട് ചെയ്തു. മിക്ക ഉത്പന്നങ്ങള്‍ക്കും കഴിഞ്ഞവര്‍ഷത്തെ അതേ വിലതന്നെയാണ്. പക്ഷെ ചിലയിനങ്ങള്‍ക്ക് വിലയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്.
ആവശ്യമായ ചിലയിനം ഉത്പന്നങ്ങള്‍ പ്രാദേശികമായി നിര്‍മിക്കാന്‍ പ്രാദേശിക നിര്‍മാതാക്കളുമായും വര്ക്ക്ഷോപ്പുകളുമായും കരാറിലേര്‍പ്പെടാന്‍ ഷോപ്പുടമകള്‍ വലിയ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും ക്യാമ്പുകള്‍ക്കാവശ്യമായ ടെന്റുകള്ക്കുവേണ്ടയുള്ള ഫര്‍ണിച്ചറുകള്‍, ബാര്‍ബിക്യു ഉപകരണങ്ങള്‍, സംഭരണ കണ്ടെയ്നറുകള്‍ എന്നിവ.
വിിവധ രാജ്യങ്ങളിലെ വിതരണക്കാരുമായും ഷോപ്പുടമകള്‍ നേരിട്ട് ബന്ധം സ്ഥാപിക്കുന്നുണ്ട്. ഇതുകാരണം ഉത്പന്നങ്ങള്‍ക്ക് വിലയില്‍ കുറവുമുണ്ടാകുന്നു. സഊദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിനെതിരെ തുടരുന്ന ഉപരോധം ഫലത്തില്‍ ചില്ലറ വ്യാപാരകേന്ദ്രങ്ങളില്‍ വില്പ്പനവര്ധനവിന് സഹായകമായിട്ടുണ്ട്. ക്യാമ്പിങ് ഉപഭോക്താക്കള്‍ ശൈത്യകാല ക്യാമ്പുകള്‍ സജ്ജമാക്കുന്നതിനായുള്ള ഉപകരണങ്ങള്‍ പ്രാദേശിക സ്റ്റോറുകളില്‍നിന്നാണ് വാങ്ങുന്നത്.
ഉപകരണങ്ങള്‍ക്ക് യാതൊരു ദൗര്ലഭ്യവുമില്ലെന്നും ഉപഭോക്താക്കളുടെ വര്‍ധിച്ച ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമായ വിധത്തില്‍ വിതരണം ഉറപ്പാക്കുന്നുണ്ടെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ, പാകിസ്ഥാന്, ചൈന, ജര്‍മനി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും അത്തരം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. വിതരണത്തില്‍ യാതൊരുതടസങ്ങളുമില്ല. പ്രാദേശികമായി നിര്‍മിച്ചിരിക്കുന്ന ഉത്പന്നങ്ങളും താങ്ങാവുന്ന വിലയില്‍ വിപണിയില്‍ ലഭ്യമാണ്.
ഉപരോധം യാതൊരുതരത്തിലും ബാധിച്ചിട്ടില്ല. പല ഷോപ്പുകള്‍ക്കും ഓഗസ്റ്റ് മുതല്‍തന്നെ ബുക്കിങ് ലഭിച്ചു തുടങ്ങിയിരുന്നു. വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് വേറിട്ട ഉപകരണങ്ങള്‍ തെരഞ്ഞെടുക്കാന്‍ പര്യാപ്തമായ വിധത്തില്‍ ലഭ്യമാണ്. ക്യാമ്പിങിന് ഏറ്റവും പ്രധാനമായിവരുന്നത് ടെന്റാണ്.
പാകിസ്ഥാനില്‍ നിന്നാണ് ടെന്റുകള്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. ഉന്നത ഗുണനിലവാരവും മികച്ചവിലനിലവാരവുമാണ് പാകിസ്ഥാന് ടെന്റുകള്‍ ഇറക്കുമതി ചെയ്യാന്‍ കാരണം. മത്സ്യബന്ധനത്തിനുള്ള ഉപകരണങ്ങളുടെ ഇറക്കുമതി ചൈന, ജര്‍മനി രാജ്യങ്ങളില്‍ നിന്നാണ്. വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ടെന്റുകളും വിവിധയിനം ക്യാമ്പിങ് ഉപകരണങ്ങളും വില്‍പ്പന നടത്തുന്ന പ്രമുഖ ഷോപ്പുടമ പ്രതികരിച്ചു.
കഴിഞ്ഞവര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്, പക്ഷെ ഉത്പന്നങ്ങളുടെ ഉന്നത ഗുണനിലവാരമാണ് ഈ വര്‍ധനവിന് കാരണം, കാര്യമായ യാതൊരു അറ്റകുറ്റപ്പണികളും നടത്താതെ തന്നെ വര്‍ഷങ്ങളോളം ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാനാകും.
പ്രാദേശിക ആവശ്യകതയ്ക്കനുസരിച്ച് വിവിധയിനം ശൈത്യകാല ക്യാമ്പിങ് ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാക്കുന്നതിനായി പ്രാദേശിക ഫാക്ടറി യാഥാര്‍ഥ്യമാക്കേണ്ടത് ഇപ്പോള്‍ അത്യാവശ്യമായിട്ടുണ്ടെന്ന് ഒരു ഉപഭോക്താവ് പ്രതികരിച്ചു.
പ്രാദേശിക ഉത്പാദനം വിലക്കുറവിന് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്ഹോള്‍സ്റ്ററി ജോലികള്‍ പ്രാദേശികമായി ചെയ്യുന്നുണ്ടെന്നും ഫാബ്രിക്സുകള്‍ സിറിയ, ചൈന, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാറാണ് പതിവെന്നും ഒരു പ്രമുഖ ഷോപ്പിലെ ജീവനക്കാരന് ചൂണ്ടിക്കാട്ടി.
അതേസമയം ശൈത്യകാല ക്യാമ്പുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ സാമഗ്രികളുടെ വില്‍പ്പനയ്ക്കായി സാമ്പത്തിക, വാണിജ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അല്‍ റുഫാ സെലിബ്രേഷന് റോഡിനോടുചേര്‍ന്ന മൈതാനത്ത്പ്രത്യേക മാര്‍ക്കറ്റ് സജ്ജമാക്കും.
പുരുഷന്മാര്ക്കും വനിതകള്‍ക്കും മാര്‍ക്കറ്റില്‍ സ്ഥലം ലഭിക്കും. തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍പ്പനയ്ക്കും വ്യാപാരികള്‍ക്ക് ഇവിടെ അവസരമുണ്ടാകും.