
ദോഹ: ശൈത്യകാല പച്ചക്കറി ചന്ത നാളെ തുടങ്ങും. അല്‍ ഷഹാനിയ, അല്‍ മസ്‌റൂഹ, അല്‍വക്‌റ, അല്‍ഖോര്‍- അല്‍ ദക്കീറ, അല്‍ ശമാല്‍ എന്നിവിടങ്ങളിലായി 125 പ്രാദേശിക ഫാമുകളാണ് പങ്കെടുക്കുന്നതെന്ന് മുന്‍സിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വിഭാഗം ഡയറക്ടര്‍ യൂസുഫ് ഖാലിദ് അല്‍ ഖുലൈഫി പറഞ്ഞു.
പ്രാദേശികമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍ ഇടനിലക്കാരില്ലാതെ മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തിക്കാനാകുന്നു എന്നതാണ് ശൈത്യകാല ചന്തയുടെ പ്രത്യേകത.
മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയം ഒരുക്കിയ മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറിയുടെ 31 ശതമാനവും വിറ്റുപോകുന്നതെന്നു പറഞ്ഞ യൂസുഫ് ഖാലിദ് അല്‍ ഖുലൈഫി ശൈത്യകാല പച്ചക്കറി ചന്തകളിലൂടെ മൊത്തം വില്‍പ്പനയുടെ 11 ശതമാനമാണ് നടക്കുന്നതെന്നും പറഞ്ഞു. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കാര്‍ഷികോത്പന്നങ്ങള്‍ മികച്ച വിലയില്‍ ലഭ്യമാക്കാന്‍ മുനിസിപ്പല്‍- പരിസ്ഥിതി മന്ത്രാലയത്തിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശൈത്യകാല പച്ചക്കറി ചന്തയില്‍ തങ്ങളുടെ ഉത്പന്നങ്ങളുമായി പങ്കെടുക്കാന്‍ പ്രാദേശിക ഫാമുകള്‍ തയ്യാറായിക്കഴിഞ്ഞു. വലിയ അളവില്‍ പച്ചക്കറി ഉത്പന്നങ്ങള്‍ ഇതിനകം ചന്തയ്ക്കായി തയ്യാറായി നില്‍ക്കുന്നുണ്ട്. മുനിസിപ്പല്‍- പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെ തങ്ങളുടെ ഉത്പാദനത്തില്‍ സാരമായ വര്‍ധനവുണ്ടായതായി കര്‍ഷകര്‍ പറയുന്നു.
പ്രാദേശിക കമ്പോളത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള ഉത്പന്നങ്ങളാണ് തങ്ങള്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതെന്ന് ഗ്ലോബല്‍ ഫാം ഫോര്‍ അഗ്രികള്‍ച്ചറല്‍ സപ്ലൈസിന്റെ ഉടമ അലി അഹമ്മദ് സഅദ് മന്‍സൂര്‍ അല്‍ കഅബി പറഞ്ഞു. കാര്‍ഷിക രംഗത്തെ നിരവധി കാര്യങ്ങളില്‍ മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയം തങ്ങളെ സഹായിക്കുകയും ഉത്പാദനത്തിനും മാര്‍ക്കറ്റിംഗിനും പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതായി അല്‍ കഅബി ചൂണ്ടിക്കാട്ടുന്നു. വിത്ത്, വളം, പെട്ടികള്‍, ലേബലുകള്‍ തുടങ്ങിയവ സൗജന്യമായി അനുവദിക്കുന്നതിനോടൊപ്പം മറ്റു പല തരത്തിലും തങ്ങള്‍ക്ക് സഹായം ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു.