in , , , , ,

ശ്രദ്ധേയ വളര്‍ച്ച കൈവരിച്ച് ടൂറിസം മേഖല: ആദ്യ ഏഴുമാസത്തില്‍ സന്ദര്‍ശിച്ചത് 11.90 ലക്ഷം പേര്‍

ദോഹ: ഈ വര്‍ഷം ആദ്യ ഏഴു മാസത്തില്‍ ഖത്തര്‍ സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണത്തില്‍ 10.7 പ്രതിവര്‍ഷ വര്‍ധന. ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 11.90 ലക്ഷം പേരാണ് ഖത്തര്‍ സന്ദര്‍ശിച്ചത്. ആകെ സന്ദര്‍ശകരില്‍ 39ശതമാനം പേരും ഏഷ്യയില്‍ നിന്നാണ്. 4.69ലക്ഷത്തിലധികം പേര്‍. തൊട്ടുപിന്നില്‍ യൂറോപ്പ്. 3.75ലക്ഷത്തിലധികം പേര്‍ യൂറോപ്പില്‍ നിന്നെത്തി. ആകെ സന്ദര്‍ശകരില്‍ 11ശതമാനം പേര്‍ ജിസിസിയില്‍ നിന്നാണ്, 1.31 ലക്ഷം പേരാണ് ജിസിസി രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ സന്ദര്‍ശനത്തിനായെത്തിയത്.
വിനോദസഞ്ചാരികള്‍ക്ക് ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവത്കരിക്കാനും ടൂറിസം പ്രമോഷന്‍ കാമ്പയിനുകള്‍ വര്‍ദ്ധിപ്പിക്കാനും ദേശീയ ടൂറിസം തന്ത്രം നടപ്പിലാക്കുന്നതില്‍ പൊതു-സ്വകാര്യ മേഖലകളുമായി സഹകരിക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍(ക്യുഎന്‍ടിസി) രൂപീകരിച്ചിരുന്നു. ടൂറിസം നിയന്ത്രണം സംബന്ധിച്ച 2018ലെ 20-ാം നിയമവും വ്യാപാര പരിപാടികള്‍ സംഘടിപ്പിക്കുന്നതു സംബന്ധിച്ച 2018 ലെ 21-ാം നിയമവും വിനോദ സഞ്ചാരമേഖലയുടെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ്.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, തുര്‍ക്കി, റഷ്യ, ഇന്ത്യ, ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ പ്രധാന കയറ്റുമതി വിപണികളില്‍ ക്യുഎന്‍ടിസി പ്രതിനിധി ഓഫീസുകള്‍ തുറന്നതിനുശേഷം ടൂറിസം മേഖല അതിവേഗം വികസിച്ചു. ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം മിഡില്‍ ഈസ്റ്റിലെ ഏറ്റവും തുറന്ന രാജ്യമായി ഖത്തര്‍ മാറിയിട്ടുണ്ട്. ആഗോളതലത്തില്‍ എട്ടാമതാണ് ഖത്തറിന്റെ സ്ഥാനം. ലോകമെമ്പാടുമുള്ള പ്രമുഖ മാധ്യമ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് കൗണ്‍സില്‍ നിരവധി പരസ്യ, പ്രമോഷണല്‍ കാമ്പയിനുകള്‍ തുടങ്ങി. ഖത്തരി ടൂറിസം മേഖലയുടെ വളര്‍ച്ച അടിസ്ഥാന സൗകര്യങ്ങളെയും ഹോസ്പിറ്റാലിറ്റി മേഖലയെ നിയന്ത്രിക്കുന്ന നിയമനിര്‍മ്മാണങ്ങളെയും ആശ്രയിച്ചുകൂടിയാണ്. ഖത്തര്‍ സന്ദര്‍ശിക്കുന്നതിനുള്ള വിസ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള സമീപകാല നീക്കങ്ങളാണ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവിന് പ്രധാന കാരണമെന്ന് ക്യൂഎന്‍ടിസി പറഞ്ഞു. മിഡില്‍-ഈസ്റ്റില്‍ ഏറ്റവും തുറന്നതും ആക്‌സസ് ചെയ്യാവുന്നതുമായ രാജ്യമായി ഖത്തര്‍ മാറി. വിസ രഹിത എന്‍ട്രി നയം ലോകത്തെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സുഗമമായ പ്രവേശനം അനുവദിക്കുന്നു.
ഹോസ്പിറ്റാലിറ്റി മേഖല ഖത്തര്‍ ടൂറിസം പദ്ധതികളെ പിന്തുണയ്ക്കുന്നുണ്ട്. ഖത്തറിലെ ഹോട്ടല്‍ മുറികളുടെ എണ്ണം 25,917 ആയി. 124 ഹോട്ടലുകളിലായാണ് ഇത്രയധികം മുറികള്‍.
ഈ വര്‍ഷം റൂമുകളുടെ എണ്ണം 27,378 ആകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ആദ്യ എട്ടുമാസങ്ങളില്‍ ഹോട്ടലുകളിലെ താമസനിരക്ക് 64ശതമാനമാണ്. പ്രതിവര്‍ഷാടിസ്ഥാനത്തില്‍ ഏഴു ശതമാനം വര്‍ധന. ഖത്തരി ടൂറിസം മേഖലയുടെ ഏറ്റവും വലിയ സവിശേഷത മറൈന്‍ ടൂറിസമാണ്. ക്രൂയിസുകളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ 100 ശതമാനത്തിലധികമാണ് വളര്‍ച്ച പ്രകടമാകുന്നത്.
2018-2019 സീസണില്‍ 44 കപ്പലുകളിലായി 144,707 യാത്രക്കാരും ജീവനക്കാരുമാണ് ഖത്തറിലെത്തിയത്. ജര്‍മ്മന്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍ വിനോദസഞ്ചാരികളുടെ എണ്ണം യഥാക്രമം 144 ശതമാനം, 93 ശതമാനം, 22.5 ശതമാനം വര്‍ദ്ധിച്ചു. ഖത്തറിലെത്തിയ റഷ്യന്‍സന്ദര്‍ശകരുടെ എണ്ണത്തില്‍ 257 ശതമാനം വളര്‍ച്ച നേടി. ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ യുഎസ്, മെക്‌സിക്കോ എന്നിവയും ഉള്‍പ്പെടുന്നു.
വരുന്ന സീസണ്‍ ഖത്തരി മറൈന്‍ ടൂറിസത്തിലെ ഏറ്റവും ബൃഹത്തായ ഒന്നായിരിക്കും. 74 ക്രൂയിസ് കപ്പലുകളിലായി 1.86ലക്ഷം യാത്രക്കാരും 61,000ലധികം നാവികരും സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അടുത്തിടെ പ്രഖ്യാപിച്ച വിപുലീകരണ പദ്ധതികളും ഈ മേഖലയ്ക്ക് ഉത്തേജനം നല്‍കും. 2020 ന്റെ തുടക്കത്തില്‍ നിര്‍മാണം ആരംഭിക്കുകയും 2022 ഓടെ പ്രതിവര്‍ഷം 53 ദശലക്ഷത്തിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഡോ.മഹാതിര്‍ മുഹമ്മദ് ഹോണററി ഡോക്ടറേറ്റ് സ്വീകരിച്ചു

വലിയ സാധ്യതകളുള്ള സ്വാധീന രാജ്യമാണ് ഖത്തര്‍: എല്‍സാല്‍വദോര്‍ പ്രസിഡന്റ്‌