
ദോഹ: ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രവാസി കമ്യൂണിറ്റികള്‍ക്കായി സംഘടിപ്പിച്ച ദേശിയദിനാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി.
വ്യത്യസ്തവും നവീനവുമായ ഒട്ടേറെ പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. ബോധവല്‍ക്കരണ, കലാ, സാംസ്‌കാരിക പരിപാടികള്‍ നടന്നു. അതേസമയം മഴയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് ചില വേദികളിലെ ഔട്ട്‌ഡോര്‍ പരിപാടികള്‍ റദ്ദാക്കി.
ഖത്തര്‍ ദേശീയദിനത്തിന്റെ അസോസിയേറ്റഡ് ആക്ടിവിറ്റീസിനായുള്ള സംഘാടകസമിതിയാണ് പരിപാടികള്‍ക്ക് ചുക്കാന്‍പിടിച്ചത്. സൗജന്യ പ്രവേശനമായിരുന്നു. ആയിരങ്ങള്‍ പങ്കാളികളായി. കുടുംബങ്ങള്‍ക്കും സൗകര്യമുണ്ടായിരുന്നു. ലുസൈല്‍ സ്‌പോര്‍ട്‌സ് അറീനയില്‍ പതിനേഴ് ഏഷ്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മെഗാ കലാമേള ആകര്‍ഷകമായി.
വഖ്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഇന്ത്യന്‍ മലയാളി കമ്യൂണിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ അറബി ഫ്യൂഷന്‍ ഡാന്‍സ്, ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, കളരി എന്നിവ വീക്ഷിക്കാന്‍ വന്‍ ജനപങ്കാളിത്തമുണ്ടായി. ജനപ്രിയ ഇന്ത്യന്‍ ഗായകരും സീടിവി സരിഗമ ഷോയിലുടെ പ്രശസ്തയായ താരങ്ങളുമായ വൈഷ്ണവ് ഗിരീഷും യുംന അജിനും പരിപാടി അവതരിപ്പിച്ചു.