in ,

ഷംസീര്‍ എം എല്‍ എക്ക് നസീര്‍ വധശ്രമത്തില്‍ പങ്കുണ്ട്: കെ കെ രമ

ദോഹ ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ കെ രമ. 

ദോഹ: തലശ്ശേരിയിലെ സി ഒ ടി നസീര്‍ വധശ്രമക്കേസില്‍ എ എന്‍ ഷംസീര്‍ എം എല്‍ എക്ക് പങ്കുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഷംസീറിന്റെ രോമത്തില്‍ തൊടാന്‍ പൊലീസ് ധൈര്യപ്പെടില്ലെന്നും റവല്യുഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ്  കെ കെ രമ.  കരുണ ഖത്തര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

വിയോജിക്കുന്നവരെ ഇല്ലാതാക്കുക എന്ന സി പി എം നയത്തിന്റെ ഭാഗമായാണ് ഈ ആക്രമണവും. സംഘടനക്കുള്ളില്‍ നടത്തിയ രാഷ്ട്രീയ പോരാട്ടത്തിലൂടെ പ്രശ്‌ന പരിഹാരം സാധ്യമല്ലെന്ന തിരിച്ചറിവില്‍ ആര്‍ എം പി രൂപീകരിച്ച ടി പി ചന്ദ്രശേഖരനെ ക്രൂരമായി വധിച്ച ആ നിലപാടില്‍ നിന്ന് ഒരു നിലക്കും മാറിയിട്ടില്ലെന്നതിന്റെ തെളിവാണ് നസീറിന് നേരെ നടന്ന വധശ്രമം. 

കണ്ണൂരിലെയും കേരളത്തിലേയും പ്രമുഖ സി പി എം നേതാക്കള്‍ക്ക് ടി പി വധക്കേസില്‍ പങ്കുണ്ടായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. ഷംസീര്‍ എം എല്‍ എക്ക് നേരെ  മൊഴി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ഷംസീറിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് നിയമസഭയില്‍ കളവ് പറയുകയായിരുന്നു  മുഖ്യമന്ത്രി. പേരിന് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ പ്രതികള്‍ക്ക് പകരം ചിലരുടെ  പേരില്‍ കുറ്റം ചുമത്തി രക്ഷപ്പെടുകയാണ് ഒടുവില്‍ സംഭവിക്കുക.

മഹാരാജാസ് കോളെജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് കാരണം എസ് ഡി പി ഐയുമായുള്ള സി പി എമ്മിന്റെ രഹസ്യ ബന്ധമാണ്. സാധാരണ പ്രവര്‍ത്തകരെ കൊലക്ക് കൊടുക്കുകയും നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തുകയും ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.

അഭിമന്യുവിന്റെ രക്ഷിതാക്കള്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണി മുഴക്കുന്ന സാഹചര്യം വരെയുണ്ടായിട്ടും കേരളത്തിന്റെ ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരു കുലുക്കവുമില്ല.  ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് സി പി എം നേതാവായ നഗരസഭാ അധ്യക്ഷതയുടെ ക്രൂര നിലപാടാണ്.

സി പി എം പ്രവര്‍ത്തകരായ പ്രവാസികള്‍ക്ക് പോലും നാട്ടില്‍ സംരഭം തുടങ്ങണമെങ്കില്‍ ചില നേതാക്കളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങണമെന്ന സാഹചര്യമാണുള്ളത്. മുമ്പെങ്ങുമില്ലാത്ത വിധം  പ്രതിസന്ധിയിലൂടെയാണ്  കേരളത്തിലെ ഇടതു സര്‍ക്കാരും  സി പി എമ്മും കടന്നുപോവുന്നത്.  ജനങ്ങളില്‍ നിന്ന് അകന്നതിനാലാണ് കഴിഞ്ഞ ലോക സഭാ തെരെഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടത്.

ചിലേടങ്ങളില്‍ വന്‍ഭൂരിപക്ഷമാണ് യു ഡി എഫിന് ലഭിച്ചത്.  ലക്ഷത്തിലധികം ഭൂരിപക്ഷം നേടി രമ്യാ ഹരിദാസ് വിജയിച്ച സി പി എം സിറ്റിംഗ് സീറ്റായ ആലത്തൂരിലെ ഒരു ബൂത്തില്‍ പൂജ്യം വോട്ടാണ് സി പി എം നേടിയത്. ചുരുങ്ങിയത് സി പി എം പ്രവര്‍ത്തകനായ ബൂത്ത് ഏജന്റിന്റെ വോട്ട് പോലും ബിജുവിന് കിട്ടിയില്ലെന്നത് ചര്‍ച്ച  ചെയ്യേണ്ടതാണ്.  യു ഡി എഫിന്റെ രാഷ്ട്രീയ നിലപാടിനോട് യോജിപ്പുള്ളവരല്ല  തങ്ങള്‍.  

വടകരയില്‍ തെരെഞ്ഞെടുപ്പില്‍ നിരുപാധിക പിന്തുണ കൊടുത്തത് വിയോജിപ്പുള്ളവര്‍ക്കും സധൈര്യം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയാനുള്ള സാഹചര്യത്തിന് വേണ്ടിയാണ്. മോദി കാലത്ത് ഫാഷിസത്തിനെതിരെ അതിവിശാലമായ മുന്നണി കെട്ടിപ്പടുക്കേണ്ടുന്ന അടിയന്തിര സാഹചര്യമാണ് ഇന്ത്യയിലുള്ളത്.

വര്‍ഗീയ ഫാഷിസത്തിനെതിരെ ഇന്ത്യയിലൊട്ടാകെ വിവിധ കക്ഷികളെ ഒരുമിപ്പിച്ച് നേതൃത്വം നല്‍കുന്നതില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ബംഗാള്‍ തുടങ്ങിയ  സംസ്ഥാനങ്ങളില്‍ ചില ഇടതുസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആര്‍ എം പി ഐയില്‍ നിന്ന് പ്രവര്‍ത്തകര്‍ അകന്നുപോവുന്നുവെന്നത് സൈബര്‍ സി പി എമ്മുകാരുടെ പ്രചാരണം മാത്രമാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.   

കരുണ ഖത്തര്‍ പ്രസിഡന്റ് റിജു ആര്‍, സെക്രട്ടറി സുധി നിറം, വൈസ് പ്രസിഡന്റ് ഷെരീഫ് ചെരണ്ടത്തൂര്‍, സെക്രട്ടറി ശ്രീജു വടകര എന്നിവരും ദോഹ ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. നാളെ വൈകീട്ട് ഏഴിന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാഹാളില്‍ കരുണ ഖത്തര്‍ സംഘടിപ്പിക്കുന്ന ടി പി ചന്ദ്രശേഖരന്‍ ബിമല്‍ അനുസ്മരണ പരിപാടിയില്‍ കെ കെ രമ മുഖ്യപ്രഭാഷണം നടത്തും. വിവിധ കലാപരിപാടികളും ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പത്രധാര്‍മ്മികതയെന്നത് കേവലം മുദ്രാവാക്യമല്ല: പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍

ക്വിക്ക് സമ്മര്‍ ട്രീറ്റ് കാമ്പയിന് തുടക്കം