
ദോഹ: ഷഹാനിയ മുനിസിപ്പാലിറ്റി പരിധിയിലെ അനധികൃത തെരുവു വാണിഭക്കാര്‍ക്കെതിരെ ശക്തമാ നടപടിയുമായി മുനിസിപ്പാലിറ്റി അധികൃതര്‍. വാണിജ്യ വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ലഖ്വിയ ആഭ്യന്തര സുരക്ഷാസേന എന്നിവയുടെ സഹകരണത്തോടെ ഷഹാനിയില് തെരുവു കച്ചവടക്കാര്‍ക്കെതിരെ സംയുക്ത പരിശോധന നടത്തി.
അനധികൃത തെരുവുകച്ചവടം ഒഴിവാക്കുകയു പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കാമ്പയിന്. പൊതുശുചിത്വം സംബന്ധിച്ച 2017ലെ 18-ാം നമ്പര്‍ നിയമത്തിന് അനുസൃതമായി രാജ്യത്തിന്റെ പൊതുവായ കാഴ്ചപ്പാടിനെ വളച്ചൊടിക്കുന്ന ഈ പ്രതിഭാസത്തെ പ്രതിരോധിക്കാന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം തുടര്‍ച്ചയായി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണ് കാമ്പയിന്.

തെരുവു കച്ചവടം ഇല്ലാതാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് ഈ കാമ്പയിന് തുടര്‍ച്ചയായി തുടരുന്നതെന്നും വഴി വാണിഭം പരിസ്ഥിതിയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നതായും അല്‍ഷഹാനിയ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജാബര്‍ ഹസന് അല്‍ജാബിര്‍ പറഞ്ഞു. പരിശോധനാ കാമ്പയിന്റെ ഭാഗമായി വിവിധതരം നിയമലംഘനങ്ങള്‍ക്ക് തെരുവുകച്ചവടക്കാര്‍ക്കെതിരെ 45 റിപ്പോര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പൊതുശുചിത്വം സംബന്ധിച്ച 2017ലെ പതിനെട്ടാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കല്‍, സര്‍ക്കാര്‍ സ്ഥലം കയ്യേറല്‍, ശുചിത്വം പാലിക്കാതെ ഭക്ഷണ വസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, ഇതുമായി ബന്ധപ്പെട്ട 1990ലെ എട്ടാംനമ്പര്നിയമത്തിലെ വകുപ്പുകളുടെ ലംഘനം തുടങ്ങിയവയുടെ പേരിലാണ് റിപ്പോര്‍ട്ടുകള്‍ പുറപ്പെടുവിച്ചത്.

അനധികൃത തെരുവുവാണിഭം പൂര്‍ണമായും തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്. നിയമലംഘനങ്ങള്‍ കണ്ടെത്തിയശേഷം ഷഹാനിയ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സ്ഥലം ശുചീകരിക്കുകയും മാലിന്യങ്ങളും മറ്റു ഉപേക്ഷിക്കപ്പെട്ട വസ്തുക്കളും നീക്കം ചെയ്യുകയും ചെയ്തു.
പൊതുശുചിത്വ വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു ഇത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വഴിവാണിഭക്കാരെ പിടികൂടുന്നതിനും പൊതുശുചിത്വ നിയമലംഘകരെ പിടികൂടുന്നതിനുമായി വര്‍ക്ക് പ്ലാനും പ്രത്യേക സംവിധാനവും ആവിഷ്കരിച്ചിരുന്നു. അനധികൃതപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തുടച്ചുനീക്കുന്നതുവരെ പരിശോധനാ കാമ്പയിന് തുടരും.