
ദോഹ: രാജ്യത്തെ ചില ഷോപ്പുകളില്‍ എടിഎം കാര്‍ഡുകള്‍ റീഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനല്‍(പിഒഎസ്) മെഷീനുകളുടെ ദൗര്‍ലഭ്യം ഉപഭോക്താക്കള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ചില ഷോപ്പുകളില്‍ പിഒഎസ് മെഷീനുകള്‍ ഇല്ലാത്ത സാഹചര്യമാണുള്ളത്. മറ്റു ചില ഷോപ്പുകളില്‍ മെഷീനുകളുടെ എണ്ണം തീരെ കുറവാണ്.
മെഷീനുകളില്ലാത്ത ഷോപ്പുകളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പണമായി തന്നെ ബില്‍ നല്‍കേണ്ടിവരും. കയ്യില്‍ കാര്‍ഡ് മാത്രമുള്ള സാഹചര്യത്തില്‍ ഉത്പന്നം മടക്കി നല്‍കേണ്ട അവസ്ഥയുണ്ടാകാറുണ്ടെന്ന് നിരവധി ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടിയതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കയ്യില്‍ പണമില്ലാതെ വരികയും അടുത്തെങ്ങും എടിഎം മെഷീനുകള്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളിലും കടുത്ത പ്രതിസന്ധിക്കിടയാക്കും. വലിയ തുകയുടെ ഷോപ്പിങ് നടത്തിയശേഷം പിഒഎസ് മെഷീനുകള്‍ ഇല്ലാത്തതോ ദൗര്‍ലഭ്യമോ കാരണം ബില്‍തുക കറന്‍സിയായി തന്നെ നല്‍കേണ്ടി വരുന്നത് ഏറെ പ്രയാസകരമാണെന്നാണ് ഉപഭോക്താക്കളുടെ പരാതി.
ചില റസ്റ്റോറന്റുകള്‍, സര്‍വീസ് സെന്ററുകള്‍, മൊബൈല്‍ ഇലക്ട്രേണിക്സ് ഷോപ്പുകള്‍ തുടങ്ങിയവയിലൊന്നും ഇപ്പോഴും പിഒഎസ് മെഷീനുകളില്ല. ഇടത്തരം ഷോപ്പുകളിലുള്പ്പടെ പിഒഎസ് മെഷീനുകളുടെ ഉപയോഗം വ്യാപകമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
മൊബൈല്‍ ഷോപ്പുകള്‍, ടയറുകള്‍ വില്‍ക്കുന്ന ഷോപ്പുകള്‍, ലേബര്‍ റിക്രൂട്ട്മെന്റ് ഓഫിസുകള്‍ തുടങ്ങിയവിടങ്ങില് വന്‍തുകയുടെ ബില്ലുകളിലും പിഒഎസ് ഉപയോഗിച്ച് എടിഎം കാര്‍ഡ് മുഖേന പണം സ്വീകരിക്കാന്‍ ചിലരെങ്കിലും വിമുഖത പ്രകടിപ്പിക്കാറുണ്ടെന്നും ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.
അല്‍വാബ് സ്ട്രീറ്റിലെ പല റസ്റ്റോറന്റുകളും ഇപ്പോഴും ഇത്തരം മെഷീനുകള്‍ ഉപയോഗിക്കുന്നില്ലെന്നും ഇക്കാര്യം നിരവധി ചൂണ്ടിക്കാണിക്കപ്പെട്ടതാണെന്നും മുന്‍ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ഹമദ് ലഹദാന് അല്‍ മുഹന്നദി പറഞ്ഞു. പല റിക്രൂട്ട്മെന്റ് ഓഫിസുകളും അവരുടെ സേവനത്തിനുള്ള ബില്ല് പണമായി വേണമെന്ന് കടുംപിടുത്തം പിടിക്കുന്നുണ്ട്.
15,000 റിയാല്‍ വരെ ബില്‍ തുകയിലും പണമായി നല്‍കേണ്ട അവസ്ഥയുണ്ടാകുന്നു. ഓരോ ഇടപാടിനും ബാങ്കുകള്‍ കമ്മീഷന് ഈടാക്കുന്നുണ്ടെന്നും ഇതിനാലാണ് ബാങ്ക് കാര്‍ഡുകള്‍ ഷോപ്പുകളില്‍ സ്വീകരിക്കാത്തതെന്നുമാണ് കടയുടമകള്‍ ഉയര്‍ത്തുന്ന വാദം. വാണിജ്യ മന്ത്രാലയം, സെന്‍ട്രല്‍ ബാങ്ക്, ബാങ്കുകള്‍, ഖത്തര്‍ ചേംബര്‍ തുടങ്ങിയവയുടെ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണമെന്നും ആവശ്യമുയരുന്നു.