in , ,

സഊദിയുമായുള്ള ചര്‍ച്ചയില്‍ പുരോഗതി പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രി

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്്മാന്‍ അല്‍താനി

ദോഹ: സഊദി അറേബ്യയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ഗള്‍ഫ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പുരോഗതി പ്രതീക്ഷിക്കുന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനിയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുവര്‍ഷം നീണ്ട തര്‍ക്കത്തില്‍ കക്ഷികള്‍ ‘പ്രതിസന്ധിയില്‍ നിന്ന് നീങ്ങിത്തുടങ്ങിയതായും വിദേശകാര്യമന്ത്രി പറഞ്ഞതായി അല്‍ജസീറയുടെ റിപ്പോര്‍ട്ടിലുണ്ട്.
ദോഹയുമായുള്ള ബന്ധം തിരിച്ചുവരാനുള്ള 13 പ്രായോഗികമല്ലാത്ത ആവശ്യങ്ങളെ ചുറ്റിപ്പറ്റിയല്ല സംഭാഷണം നടക്കുന്നതെന്നും ചര്‍ച്ചകള്‍ അവയില്‍ നിന്ന് അകന്നുപോകുകയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. നിലവില്‍ റോമില്‍ തുടരുന്ന മെഡിറ്ററേനിയന്‍ സംവാദ ഫോറത്തില്‍ പങ്കെടുത്തുവരികയാണ് വിദേശകാര്യമന്ത്രി. സഊദി അറേബ്യയിലെ സഹോദരങ്ങളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും ആ ചര്‍ച്ചകളിലൂടെ നല്ല ഫലങ്ങള്‍ നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രി ഫോറത്തില്‍ സംസാരിക്കവെ പറഞ്ഞു. ഗള്‍ഫ് അനുരജ്ഞനത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് ദോഹയില്‍നിന്നുള്ള ആദ്യത്തെ ഔദ്യോഗിക പ്രസ്താവനയാണ് വിദേശകാര്യമന്ത്രിയുടേത്. ഖത്തര്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിനെയോ മുസ് ലീം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തെയോ പിന്തുണച്ചിട്ടില്ല. പക്ഷെ ഖത്തറിന്റെ പിന്തുണ ജനങ്ങള്‍ക്കു വേണ്ടിയായിരുന്നു, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരുന്നില്ല. ഈജിപ്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരായ അട്ടിമറിക്കുശേഷവും ഈജിപ്തിനുള്ള ഖത്തറിന്റെ പിന്തുണ അവസാനിച്ചിരുന്നില്ല.
മുസ്‌ലീം ബ്രദര്‍ഹുഡിന് ഖത്തറില്‍ ഔദ്യോഗിക സാന്നിധ്യമില്ലെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു. ഇറാനുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ടെഹ്‌റാനുമായി നല്ല അയല്‍പക്ക ബന്ധത്തിന് ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്.ഉപരോധത്തിനുശേഷം ഇറാന്‍ ഖത്തറിലേക്ക് വ്യോമാതിര്‍ത്തി തുറന്ന കാര്യം മറക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഖത്തറിലെ സ്വാതന്ത്ര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഖത്തറില്‍ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ നിലവാരത്തിന് സമാനമായ ഉദാഹരണങ്ങളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങള്‍ ഒരു പാര്‍ട്ടിയുമായും ചര്‍ച്ച ചെയ്യില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഖത്തറിന് ഖത്തറിന്റേതായ സ്വതന്ത്ര നയമുണ്ടെന്നും വ്യക്തമാക്കി. റിയാദില്‍ ഡിസംബര്‍ പത്തിനു നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സഊദി രാജാവ് ക്ഷണിച്ചിരുന്നു. വിദേശകാര്യമന്ത്രിയാണ് ക്ഷണം ഏറ്റുവാങ്ങിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്വീകരണം നല്കി

സ്പീക്കര്‍ക്ക് നാട്ടുകാര്‍ സ്വീകരണം നല്‍കി