
ദോഹ: ഖത്തറും ജോര്‍ജിയയും തമ്മിലുള്ള ബന്ധത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് ജോര്‍ജിയന്‍ സാമ്പത്തിക സുസ്ഥിര വികസനമന്ത്രി നതേല ടര്‍ണാവ. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ദോഹയില്‍ നടന്ന ചര്‍ച്ചകള്‍ ഗുണപരമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പ്രാദേശിക അറബിപത്രം അല്‍റായക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിക്ഷേപം, ഗതാഗതം, ഊര്‍ജം, ടൂറിസം, വ്യാപാരം, വ്യവസായം, ആശയവിനിമയങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ സാമ്പത്തിക സഹകരണത്തിന്റെ വളര്‍ച്ചയുടെ വലിയ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള മികച്ച അവസരമായിരുന്നു ദോഹ സന്ദര്‍ശനം.
സന്ദര്‍ശന വേളയില്‍ സാമ്പത്തിക, വാണിജ്യ, സാങ്കേതിക സഹകരണം, നിക്ഷേപങ്ങളുടെ സംരക്ഷണം എന്നിവ സംബന്ധിച്ച് രണ്ട് സുപ്രധാന കരാറുകള്‍ക്ക് അന്തിമരൂപം നല്‍കി. ഇരു രാജ്യങ്ങളിലെയും ഏറ്റവും അടുത്ത ഉന്നതതല പ്രതിനിധികളുടെ സന്ദര്‍ശന വേളയില്‍ ഈ കരാര്‍ ഒപ്പിടും. നിക്ഷേപ പ്രവാഹം കൂടുതല്‍ സുഗമമാക്കുന്നതിനും വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കരാറുകള്‍ സഹായകമാകും.
ജോര്‍ജിയയിലെ ഖത്തരി നിക്ഷേപം ക്രമേണ വര്‍ധിച്ചുവരുന്നുണ്ടെന്നും ഇതില്‍ സന്തോഷമുണ്ടെന്നും നതേല ടര്‍ണാവ പറഞ്ഞു. ലാന്‍ഡ്മാര്‍ക്ക് ടിബിലിസി എന്ന പേരില്‍ സംയുക്ത റിയല്‍എസ്റ്റേറ്റ് പദ്ധതി ഖത്തര്‍ നടപ്പാക്കുന്നുണ്ട്. 50 മില്യണിലധികം ഡോളറാണ് പദ്ധതിക്കാവശ്യമായ നിക്ഷേപം. ജോര്‍ജിയയിലെ ഖത്തറിന്റെ ഏറ്റവും വിലിയ ഒറ്റ നിക്ഷേപമാണിത്. പുനരുപയോഗ ഊര്‍ജം, ഹോസ്പിറ്റാലിറ്റി, റിയല്‍എസ്റ്റേറ്റ്, ലോജിസ്റ്റിക്‌സ് ഉള്‍പ്പടെയുള്ള മേഖലകളില്‍ ഖത്തരി നിക്ഷേപത്തിന് അവസരമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഊര്‍ജമേഖലയില്‍ ഖത്തറുമായുള്ള സഹകരണം വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു. ടൂറിസം മേഖലയുടെ കാര്യത്തില്‍ തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഖത്തറില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 31ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഖത്തറില്‍ നിന്നും 3255 പേരാണ് ജോര്‍ജിയ സന്ദര്‍ശിച്ചത്.
ഗതാഗതം സുഗമമാക്കുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, ടൂറിസം ബന്ധം വര്‍ദ്ധിപ്പിക്കുന്നതിലും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഖത്തര്‍ എയര്‍വേയ്‌സ് ജോര്‍ജിയയിലേക്ക് ആഴ്ചയില്‍ പതിനാല് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.