
ദോഹ: സമാനതകളില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും 2022ല്‍ ഖത്തര്‍ ആതിഥ്യം ലഭിക്കുന്ന ഫിഫ ലോകകപ്പെന്ന് ബ്രസീലിയന്‍ ഇതിഹാസ താരം കാഫു. മുന്‍ ബ്രസീല്‍ ക്യാപ്റ്റനും രണ്ടുതവണ ലോകകപ്പ് നേടിയ ടീമിലെ അംഗവുമായിരുന്നു കാഫു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ലോകകപ്പായിരിക്കും 2022ലേത്. ഖത്തര്‍ അതിഥികള്‍ക്ക് അസാധാരണമായ അനുഭവം നല്‍കുമെന്ന ഉറച്ച വിശ്വാസവും ലോകകപ്പ് സംഘാടകചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെച്ചു.
2022ല്‍ ലോകത്തിന് അതിശയകരമായ ഒരു ടൂര്‍ണമെന്റ് പ്രതീക്ഷിക്കാം. ഇതിനുമുമ്പ് ഇത്തരം ഒരുക്കങ്ങളും തയാറെടുപ്പുകളും താന്‍ കണ്ടിട്ടില്ല. ഇവിടെ നിര്‍മിക്കുന്ന സ്റ്റേഡിയങ്ങളും ഗതാഗതാ അടിസ്ഥാനസൗകര്യങ്ങളുമെല്ലാം താന്‍ കണ്ടിട്ടുള്ളതില്‍നിന്നും വ്യത്യസ്തമാണ്. കാത്തിരിക്കുന്ന എല്ലാവര്‍ക്കും 22ല്‍ അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കുമെന്ന് ഉറപ്പുണ്ട്- കാഫു പറഞ്ഞു. ഓരോ ലോകകപ്പും അതിന്റേതായ രീതിയില്‍ വ്യത്യസ്തമാണ്. എന്നാല്‍ ഖത്തര്‍ ലോകകപ്പ് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സവിശേഷമായ ടൂര്‍ണമെന്റായിരിക്കുമെന്ന് ശക്തമായി വിശ്വസിക്കുന്നു.
ലോകകപ്പിന്റെ മുന്‍ പതിപ്പുകളില്‍ നിന്ന് ഖത്തര്‍ വളരെ വ്യത്യസ്തമായിരിക്കും. ഖത്തറില്‍ വളരെ സവിശേഷമായ എന്തെങ്കിലുമുണ്ടാകും. അതില്‍ തനിക്കുസംശയമില്ലെന്നും കാഫു പറഞ്ഞു. ഖത്തറിലെ ലോകകപ്പ് പല തരത്തില്‍ അദ്വിതീയമായിരിക്കും. അറബ് രാജ്യത്ത് നടക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്. ചെറിയ പ്രദേശമായതിനാല്‍ സ്റ്റേഡിയങ്ങളും ടീമുകളും ആസ്വാദകരും മുമ്പത്തേക്കാള്‍ പരസ്പരം അടുക്കും. അതിശയകരമായ അടിസ്ഥാനസൗകര്യവികസനത്തിന്റെ ഫലമായി എല്ലാ ആഘോഷങ്ങളുടെ മധ്യത്തിലായി സന്ദര്‍ശകര്‍ക്കു എത്തിച്ചേരാനാകും. ഇത് അതിശയകരമായിരിക്കും.
കാലാവസ്ഥയും ലോകകപ്പ് സമയത്ത് 25 ഡിഗ്രി സെല്‍ഷ്യല്‍സായിരിക്കും. ഫുട്‌ബോള്‍ മത്സരം കാണുന്നതിനും കളിക്കുന്നതിനും ഏറെ അനുയോജ്യമായിരിക്കും. 2022ല്‍ ആസ്വാദകര്‍ തികച്ചും സവിശേഷമായ എന്തെങ്കിലും ആസ്വദിക്കാനാകുമെന്ന് കരുതുന്നു. 2022 ലോകകപ്പ് ഒരു ഒളിമ്പിക് അനുഭവം പ്രദാനം ചെയ്യും.
ഇവിടെ എല്ലാ ടീമുകളും ഒരുനഗരത്തിലോ മേഖലയിലോ ആയിരിക്കും. ആസ്വാദര്‍ക്ക് അവരുടെ രാജ്യത്തിന്റെയും മറ്റു രാജ്യങ്ങളുടെയും കളികള്‍ ഒരേ ദിവസം കാണാനാകും.ഇത് മുമ്പൊരിക്കലും സാധ്യമായിട്ടില്ല- കാഫു പറഞ്ഞു. ഖത്തറിന്റെ ആതിഥ്യമര്യാദയെയും കാഫു പ്രശംസിച്ചു.