
ദോഹ: വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികളുടെ വിസ്മയക്കാഴ്ചകളുമായി ‘സമ്മര്‍ ഇന്‍ ഖത്തര്‍’ സീസണിന് തുടക്കമാകുന്നത് ഈദുല്‍ഫിത്വര്‍ പരിപാടികളോടെ. ജൂണ്‍ നാലു മുതല്‍ ഓഗസ്റ്റ് 16വരെയാണ് സമ്മര്‍ ഇന്‍ ഖത്തര്‍. ഈദുല്‍ഫിത്വര്‍ ആഘോഷത്തോടെയാകും പരിപാടികളുടെ ഔദ്യോഗിക ആരംഭം. ഈദുല്‍ഫിത്വറിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളുടെ ഷെഡ്യൂള്‍ ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ പുറത്തുവിട്ടു.
ഈദിന്റെ ഒന്നാംദിനം മുതല്‍ വിവിധങ്ങളായ വിനോദ ഷോകളും പുതിയ ആകര്ഷകപരിപാടികളും അരങ്ങേറും. വേനല്‍ ആഘോഷത്തിന്റെ ഭാഗമായി മുന്‍സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഏറ്റവും വിപുലവും ബൃഹത്തായതുമായ രീതിയിലാണ് ഇത്തവണ പരിപടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ദേശീയ ടൂറിസം കൗണ്‍സിലിലെ മഷാല്‍ ഷഹ്ബിക് പറഞ്ഞു. കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ക്കാണ് പ്രാമുഖ്യം. കുട്ടികള്‍ക്കായി വിവിധങ്ങളായ ഷോകള്‍, സിനിമകളുടെ പ്രീമിയര്‍ പ്രദര്‍ശനം, സംഗീത ഷോകള്‍, കായിക പരിപാടികള്‍ എന്നിവയെല്ലാം അരങ്ങേറും. മുപ്പതിലധികം പൊതു, സ്വകാര്യ പങ്കാളികളാണ് ഇത്തവണ ആഘോഷവുമായി സഹകരിക്കുന്നത്.
ഈദ് അവധിദിനങ്ങളിലെ ആകര്‍ഷക കേന്ദ്രമായി ഖത്തറിനെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍. ഇന്‍ഡോര്‍ തീം പാര്‍ക്കുകളാണ് ഇത്തവണ മുഖ്യ ആകര്‍ഷണം. ദോഹ ഫെസ്റ്റിവല്സിറ്റിയിലാണ് ട്രൈമൂ പാര്‍ക്ക്സിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് നൂതനമായ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പാര്‍ക്കുകള്‍ സംവിധാനിച്ചിരിക്കുന്നത്.
ആംഗ്രിബേഡ്സ് വേള്‍ഡ് തീംപാര്‍ക്കിന്റെ പുതിയ ഔട്ട്ഡോര്‍ ഏരിയയും സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമാകും. രാജ്യത്തെ ആദ്യ ഇന്‍ഡോര്‍ സ്നോപാര്ക്കായ സ്നോ ഡ്യൂണ്‍സ് ഈ വേനലില്‍ തുറക്കും. 4500 സ്ക്വയര്മീറ്ററില് വിശാലമായ ഗെയിമിങ്, ഇ-സ്പോര്‍ട്സ് വേദിയായ വിര്ച്യോസിറ്റിയില് പിഎസ്ജിയുടെ സഹകരണത്തോടെ ഫിഫ ഇ-സ്പോര്‍ട്സ് കപ്പ് നടക്കും. ഇതും ആഘോഷത്തിന്റെ ഭാഗമാണ്.
ദോഹ എക്സിബിഷന് ആന്റ് കണ്വന്ഷന് സെന്ററിലാണ് സമ്മര്‍ ഫെസ്റ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ വിനോദനഗരം. കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് വിനോദനഗരം സജ്ജമാക്കുന്നത്. ബൗണ്‍സി കാസ്റ്റില്‍സ്, മിനി ഗോള്‍ഫ് കോഴ്സ്, റൈഡുകള്‍, സ്കില്‍ ഗെയിമുകള്‍, വീഡിയോ ഗെയിമുകള്‍, തല്‍സമയ വിനോദഷോകള്, ഭക്ഷ്യ- പാനീയ- ഷോപ്പിങ് സൗകര്യങ്ങള്‍ എന്നിവയുണ്ടാകും.
എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി പത്തുവരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് ഒന്നര മുതല്‍ രാത്രി പതിനൊന്നുവരെയുമാണ് പ്രവേശനം. പ്രവേശന ടിക്കറ്റിന് 15 റിയാലാണ് ഫീസ്. ഡേ പാസുകളും സീസണ് പാസുകളും ലഭ്യമാണ്. 150 മുതല്‍ 1250റിയാല്‍വരെയാണ് ഇവയുടെ വില. വ്യക്തിഗത ഗെയിമുകളില്‍ പങ്കെടുക്കുന്നതിന് 10 മുതല്‍ 35 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്.
സൂഖ് വാഖിഫിലും സൂഖ് അല്വഖ്റയിലും കത്താറ കള്‍ച്ചറല്‍ വില്ലേജിലും വിപുലമായ ഈദുല്‍ഫിത്വര്‍, ഈദുല്‍അദ്ഹ ആഘോഷങ്ങളുണ്ടാകും. സാംസ്കാരിക സംഗീത പരിപാടികള്‍, കുടുംബ ഷോകള്‍ അരങ്ങേറും. കത്താറയില്‍ വെടിക്കെട്ടുമുണ്ടാകും. സമ്മര്‍ ഇന്‍ ഖത്തറില്‍ പങ്കെടുക്കുന്ന മാളുകളില്‍ ഈദിന്റെ ഒന്നാം ദിനം മുതല്‍ അഞ്ചാംദിനം വരെ തല്‍സമയ വിനോദ ഷോകള്‍ അരങ്ങേറും. ഇതിനു പുറമെ ക്യാപ്റ്റന്‍ മാര്‍വലും ഹള്‍ക്കും പങ്കെടുക്കുന്ന പ്രത്യേക മീറ്റ് ആന്റ് ഗ്രീറ്റ് സെഷനുമുണ്ടാകും.
ലഗൂണ മാളില്‍ അലാവുദ്ദീന്‍ പ്രത്യേക സെഷനുണ്ടാകും. ദോഹ ഫെസ്റ്റിവല്‍ സിറ്റി, മാള്‍ ഓഫ് ഖത്തര്‍, ലഗൂണ മാള്‍, ലാന്‍ഡ്മാര്‍ക്ക് മാള്‍, ഗള്‍ഫ് മാള്‍, തവര്‍ മാള്‍, അല്‍ഖോര്‍ മാള്‍, ഹയാത്ത് പ്ലാസ, അല്മിര്ഖബ് മാള്‍ എന്നിവയാണ് ഇത്തവണ ആഘോഷങ്ങളില്‍ പങ്കുചേരുന്നത്. ജൂണ്‍ നാലു മുതല്‍ ഈ മാളുകളില്‍ 70ശതമാനം വരെ ഡിസ്ക്കൗണ്ടുകള്‍ ലഭിക്കും. പ്രത്യേക പ്രമോഷനുകളുമുണ്ടാകും.
ഈ മാളുകളില്‍ ഓരോ 200 റിയാലിനും പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണുകളിലൂടെ 20ലക്ഷം റിയാല്‍ മൂല്യമുള്ള ക്യാഷ് പ്രൈസുകളിലൊന്നോ കാറോ സ്വന്തമാക്കുന്നതിനായി റാഫിള്‍ ഡ്രോയില്‍ പങ്കെടുക്കുന്നതിനു അവസരമുണ്ടാകും. ഹോട്ടലുകളും ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകളും 25ശതമാനം വരെ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂണ്‍ നാലു മുതല്‍ ഓഗസ്റ്റ്16വരെയായിരിക്കും ഓഫര്‍. കത്താറ ഹോസ്പിറ്റാലിറ്റി, അല്‍റയ്യാന്‍ ഹോസ്പിറ്റാലിറ്റി ഹോട്ടലുകള്‍, മാരിയറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലുകള്‍ എന്നിവ ആഘോഷങ്ങളില്‍ ഭാഗമാകുന്നുണ്ട്. ദോഹയില്‍നിന്നും 160ലധികം കേന്ദ്രങ്ങളിലേക്ക് മേയ് 15 മുതല്‍ ഖത്തര്‍ എയര്‍വേയ്സ് 25ശതമാനം വരെ ഡിസ്ക്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 30നും ഓഗസ്റ്റ് 16നുമിടയില്‍ യാത്ര ചെയ്യാം.